ഇരവിപുരത്ത് എന്‍കെ പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് മത്സരിക്കില്ല; ഇരവിപുരത്തെ ചൊല്ലി ആര്‍എസ്പിയില്‍ ചര്‍ച്ചകള്‍ സജീവം; 'മക്കള്‍ രാഷ്ട്രീയത്തെ' എന്‍കെപി പിന്തുണയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഇരവിപുരത്ത് ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയില്ല. മകനെ മത്സരിപ്പിക്കുന്നതിന് എതിരാണ് പ്രേമചന്ദ്രന്‍ എന്നാണ് സൂചന. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ കാര്‍ത്തിക് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തിറങ്ങാന്‍ സന്നദ്ധനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കാര്‍ത്തിക്കിന്റെ പേര് ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഇത്തരം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കാര്‍ത്തികിനെ മത്സരിപ്പിക്കുന്നതിനോട് പ്രേമചന്ദ്രന് യോജിപ്പില്ല.
മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയാണ് വലുതെന്നും കാര്‍ത്തിക്കിനായി താന്‍ വാദിക്കില്ലെന്നുമാണ് എന്‍.കെ. പ്രേമചന്ദ്രന്റെ നിലപാട്. കഴിഞ്ഞ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പ്രേമചന്ദ്രന്റെ വിജയത്തിനായി പിന്നണിയില്‍ സജീവമായിരുന്നു കാര്‍ത്തിക്ക്. ഷിബു ബേബി ജോണിനായി ചവറയിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കാര്‍ത്തിക് പ്രചാരണരംഗത്ത് സജീവമായിരുന്നു. ഇത്തവണയും ഷിബുവിനായി പ്രചരണത്തില്‍ കാര്‍ത്തിക് സജീവമാകും.
പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കാനിരിക്കെ, മറ്റൊരു നേതാവിന്റെ മകന്‍ കൂടി സ്ഥാനാര്‍ത്ഥിയാകുന്നത് 'മക്കള്‍ രാഷ്ട്രീയം' എന്ന ആക്ഷേപത്തിന് ഇടയാക്കുമെന്ന വാദം സജീവമാണ്. മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ വേണ്ടെന്നും പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇരവിപുരത്ത് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. ഗോപകുമാര്‍, സുധീഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ സജീവമാണ്. ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ്, മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ് എന്നിവരും പരിഗണനയിലുണ്ട്. കെ പങ്കജാക്ഷന്റെ മകന്‍ ബസന്തിന്റെ പേരും സജീവ ചര്‍ച്ചയാണ്. മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ബസന്ത്.
എല്‍ഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ആര്‍എസ്പി തുടര്‍ച്ചയായി ജയിച്ചിരുന്ന മണ്ഡലമാണ് ഇരവിപുരം. എന്നാല്‍ യുഡിഎഫിലെത്തിയ ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പരാജയമായപ്പെട്ടു. മുന്‍ സംസ്ഥാന സെക്രട്ടറി എ.എ. അസീസാണ് ഈ മണ്ഡലത്തിലെ അവസാന ആര്‍ എസ് പി എംഎല്‍എ. കഴിഞ്ഞ രണ്ടു തവണയും അസീസിന് തോല്‍വിയാണ് ഉണ്ടായത്.
