കര്‍ണാടക സര്‍ക്കാരിന്റെ പണം കൈമാറി; ലീഗിന്റെ വീടിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി; യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകള്‍ ഉടന്‍ വരും; യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടിന്റെ തുടര്‍നടപടിയും ഉടന്‍ ഉണ്ടാകും; വയനാട് പുനരധിവാസത്തില്‍ എല്ലാം ക്ലിയര്‍ ആണെന്ന് വി ഡി സതീശന്‍

Update: 2026-01-07 15:45 GMT

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ വീടുകളുടെ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ അടുത്തയാഴ്ച നടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മാണം ആരംഭിക്കുമെന്നും വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച പലതും നടപ്പാക്കി. കര്‍ണാടക സര്‍ക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകള്‍ ഉടന്‍ വരും. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടിന്റെ തുടര്‍നടപടിയും ഉടന്‍ ഉണ്ടാകും. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിന്റെ നൂറു വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അപ്പോള്‍ തന്നെ 200 വീടുകള്‍ ആയി. ഇനി ഞങ്ങള്‍ പ്രഖ്യാപിച്ച വീടുകള്‍ 100. സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച നടത്തും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ 10 ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മ്മാണം തുടങ്ങും. അപ്പോള്‍ ആകെ 300 വീടുകളാകും. ആകെ 400 വീടുകള്‍ മതി. അതില്‍ 300 വീടുകള്‍ നിര്‍മ്മിക്കുന്നത് യുഡിഎഫ് ആണ് എന്ന് മനസ്സിലാക്കിയാല്‍ മതി.

സര്‍ക്കാര്‍ ബാങ്കിലിട്ടിരിക്കുന്ന 742 കോടി. ഇപ്പോഴും ചികിത്സാചെലവും വീട്ടുവാടകയും സര്‍ക്കാര്‍ കൊടുക്കുന്നില്ല. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകള്‍ വയനാട്ടില്‍ വരും. യൂത്ത് കോണ്‍ഗ്രസ് പിരിച്ച ഒരുകോടി 5 ലക്ഷം രൂപ അടുത്തദിവസം കെപിസിസി കൈമാറും. എല്ലാം ക്ലിയര്‍ ആണ്. സര്‍ക്കാര്‍ ഭൂമി തരില്ല എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ സ്വന്തമായി ഭൂമി നോക്കി തുടങ്ങിയത്. സര്‍ക്കാര്‍ ഒരു കൊല്ലം വീട് കൊടുക്കാന്‍ താമസിച്ചപ്പോള്‍ തങ്ങള്‍ക്ക് മൂന്നുമാസം താമസിക്കാന്‍ പാടില്ലേ എന്നും സതീശന്‍ ചോദിച്ചു.

എം.വി നികേഷ് കുമാര്‍നെതിരെ പരോക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. എകെജി സെന്ററില്‍ ഇരുന്ന് ഒരാള്‍ തനിക്കെതിരെ നിരന്തരം കാര്‍ഡ് ഇറക്കി കൊണ്ടിരിക്കുന്നു. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒരു ഒറിജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂവെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ശബരിമല സ്വര്‍ണകൊള്ള കേസില്‍ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയത്. പത്മകുമാറിനെയും മറ്റ് നേതാക്കളെയും സിപിഎം സംരക്ഷിക്കുന്നു. സര്‍ക്കാര്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവര്‍ക്ക് കുടപിടിച്ചു കൊടുക്കുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Similar News