'എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവും; ചുമതലയില്ലാത്ത ബാലന്‍ എന്തിന് മാധ്യമങ്ങളെ കാണണം'; ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവനയില്‍ പാലക്കാട് ജില്ല കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Update: 2026-01-08 13:39 GMT

പാലക്കാട്: ജമാഅത്തെ ഇസ്ലാമിക്ക് എതിരായ എ കെ ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവന ഒഴിവാക്കണമായിരുന്നു. എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവും, ചുമതലയില്ലാത്ത ബാലന്‍ എന്തിന് മാധ്യമങ്ങളെ കാണണം. അബദ്ധ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നായിരുന്നു എകെ ബാലന്റെ പ്രസ്താവന.

കെടിഡിസി ചെയര്‍മാന്‍ പി കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യവും കമ്മിറ്റിയില്‍ ഉയര്‍ന്നു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന ശശി വര്‍ഗ വഞ്ചകനാണെന്നും ഇനിയും പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്, ഇത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

എ കെ ബാലന്റെ പ്രസ്താവന വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനാണെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചിരുന്നു. സിപിഎമ്മിന്റെ അറിവോടെയാണ് ബാലന്റെ പ്രതികരണം എന്നും ഇത്തരം അഭിപ്രായം സിപിഐക്ക് ഉണ്ടോയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്നും വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. പ്രസ്താവന വലിയ വിവാദമായതിന് പിന്നാലെ എ കെ ബാലന് എതിരെ ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്ലിം സംഘടനക്ക് എതിരെ വിദ്വേഷവും ഭീതിയും പടര്‍ത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ കെ ബാലന്റെ ലക്ഷ്യമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ജമാത്തത്തെ ഇസ്ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. 'ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.

വര്‍ഗീയ കലാപങ്ങള്‍ തടഞ്ഞത് ഇടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആര്‍എസ്എസും ജമാഅത്തും പാലക്കാട് കലാപത്തിന് ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നും എ കെ ബാലന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ആര്‍എസ്എസിനെതിരെ ശക്തമായി നിലപാടെടുത്ത് മാറ് കാട്ടിയ ധീരനായ നേതാവാണ് പിണറായി വിജയനെന്നും എ കെ ബാലന്‍ പറഞ്ഞു.

വലിയ പ്രതിച്ഛായ മതന്യൂനപക്ഷങ്ങള്‍ക്കുണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ശക്തമായി ഇടതുപക്ഷം എതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി.

Similar News