ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതി; ഇല്ലെങ്കിലും പ്രശ്‌നമില്ല; ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും വിഡി സതീശന്‍; വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും ചര്‍ച്ച നടക്കട്ടെയെന്നും കെ സുധാകരന്‍
അന്‍വര്‍ ഇത്തരത്തില്‍ തമാശ പറയരുത്
തിരുവനന്തപുരം: ചേലക്കരയില്‍ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആവശ്യത്തെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചേലക്കരയില്‍ അന്‍വറിന്റെ ഡി.എം.കെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും പിന്‍വലിച്ചാലും ഒരു കുഴപ്പവുമില്ല. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്‍വലിച്ചാല്‍ മതി. എന്നാല്‍ പ്രത്യുപകാരമെന്ന നിലയിലുള്ള ഒരു ഉപാധിയും സ്വീകാര്യമല്ലെന്നും യു.ഡി.ഫിനെ കളിയാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലക്കാട്ട് ഡി.എം.കെയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്നും അതിന് പകരമായി ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്നുമുള്ള ഉപാധിയാണ് അന്‍വര്‍ മുന്നോട്ട് വെച്ചിരുന്നത്. അതിന് അന്‍വര്‍ തമാശ പറയരുത് എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി. അന്‍വറുമായി ഭാവിയില്‍ ചര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മറുപടി.
ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചെങ്കിലും രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതിയെന്നും അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു.
ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ചാലേ പാലക്കാട് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയുള്ളുവെന്ന ഉപാധിയെ വെറും തമാശയാണെന്നും സതീശന്‍ പരിഹസിച്ചു. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതി. അന്‍വര്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. അന്‍വറിന്റെ കാര്യം ചര്‍ച്ച ചെയ്തിട്ട് പോലുമില്ല. ഒരു ഉപാധിയും അംഗീകരിക്കില്ല. അന്‍വര്‍ ഇത്തരത്തില്‍ തമാശ പറയരുത്.
അന്‍വര്‍ ക്യാമ്പ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ഞങ്ങള്‍ റിക്വസ്റ്റ് ചെയ്യണം എന്നാണ് പറഞ്ഞതെന്നും ആര് മത്സരിച്ചാലും കോണ്‍ഗ്രസിന് തന്നെ വിജയം ഉറപ്പാണെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം, അന്‍വറിനായി വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. അന്‍വറിനെ തള്ളാതെയും കൊള്ളാതെയുമായിരുന്നു മറുപടി. അന്‍വറിനോട് പ്രതിപക്ഷ നേതാവ് സംസാരിച്ചുവെന്നും നെഗറ്റീവായും പോസിറ്റീവായും പ്രതികരിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ഫാസിസ്റ്റ് ശക്തികളെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണം. അതിനാല്‍ തന്നെ അന്‍വറുമായുള്ള ചര്‍ച്ചയില്‍ വാതില്‍ അടഞ്ഞിട്ടില്ല. അന്‍വറിനെതിരെ എന്തിനാണ് വാതില്‍ അടയ്ക്കുന്നത് എന്നും ചര്‍ച്ചകള്‍ നടക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. പാലക്കാട് പാര്‍ട്ടിയിലെ ചെറിയ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
അന്‍വറിന്റെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് സുധാകരന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ചേലക്കരയില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന അന്‍വര്‍ ആവശ്യപ്പെട്ടിരുന്നതായും സുധാകരന്‍ പറഞ്ഞു.