പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ കൂടുതല്‍ എതിര്‍പ്പുകള്‍; കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫിന്റെ കുടുംബം സാദിഖലി തങ്ങളെ കണ്ടു; ആശങ്ക അറിയിച്ചു കത്തു നല്‍കി; അന്‍വര്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതക്കെതിരെ നില്‍ക്കുന്ന ആളെന്ന് കുടുംബത്തിന്റെ വിമര്‍ശനം

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ കൂടുതല്‍ എതിര്‍പ്പുകള്‍

Update: 2025-01-10 10:43 GMT

മലപ്പുറം: പി വി അന്‍വറിന്റെ യുഡിഎഫ് മുന്നണി പ്രവേശനം എളുപ്പമാകില്ല. അന്‍വറിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ശക്തമാകുകയാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ളവരും അന്‍വറിനെ മുന്നണിയില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിലപാടിലാണ്. ഇതിനിടെയും ലീഗിലെ ഒരു വിഭാഗത്തിന് അന്‍വറിനോട് താല്‍പ്പര്യമുണ്ട് താനും. എന്നാല്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അന്‍വറിനെ യുഡിഎഫില്‍ എടുക്കരുതെന്ന ആവശ്യവുമായി ഒതായി മനാഫിന്റെ കുടുംബവും രംഗത്തെതത്ി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരില്‍കണ്ട ഒതായി മനാഫിന്റെ കുടുംബം അന്‍വറിനെ യു.ഡി.എഫ് പ്രവേശനത്തില്‍ ആശങ്ക അറിയിച്ച് കത്തും നല്‍കി. മുസ് ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതക്കെതിരെ നില്‍ക്കുന്ന ആളാണ് അന്‍വറെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. 1995ല്‍ ലീഗ് പ്രവര്‍ത്തകനായ ഒതായി മനാഫിനെ കൊലപ്പെടുത്തിയ കേസില്‍ പി.വി അന്‍വര്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് അന്‍വറിനെ കോടതി വെറുതെ വിടുകയായിരുന്നു.

മനാഫിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചാണ് അന്‍വര്‍ യു.ഡി.എഫില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്‍വറിനെ ലീഗിലോ യു.ഡി.എഫിലോ എടുത്ത് മനാഫിന്റെ ഓര്‍മകളെ അപഹേളിക്കരുതെന്നും സാദിഖലി തങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. 1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയിലാണ് ഓട്ടോ ഡ്രൈവര്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍ മനാഫ് (29) കൊല്ലപ്പെട്ടത്. മനാഫിന്റെ പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം.

എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. ഷൗക്കത്തലിയുടെ വീട്ടില്‍വച്ച് മകന്‍ പി.വി. അന്‍വറിന്റെയും മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ സിയാദ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവരുടെയും നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി മാരകായുധങ്ങളുമായി എത്തിയ സംഘം അബ്ദുല്‍ മനാഫിന്റെ വീടുകയറി അക്രമിക്കുകയും തുടര്‍ന്ന് ഒതായി അങ്ങാടിയിലെത്തി അബ്ദുല്‍ മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

പി.വി.അന്‍വര്‍ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അന്‍വര്‍ അടക്കം 21 പ്രതികളെ വെറുതെ വിടുകയായിരുന്നു. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പി.വി. ഷൗക്കത്തലി മരിക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും പി.വി. അന്‍വറിന്റെ സഹോദരീ പുത്രനുമായ എടവണ്ണ സ്വദേശി ഷഫീഖ് 25 വര്‍ഷത്തിന് ശേഷം 2020 ജൂണ്‍ 24ന് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് പിടിയിലായിരുന്നു. എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്, ഒന്നാം പ്രതി ഷഫീഖിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ് എന്നിവരാണ് മറ്റ് പ്രതികള്‍.

അതേസയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് തിരക്കിട്ട് തീരുമാനം എടുക്കണ്ടെന്ന് കോണ്‍ഗ്രസിന്റെ നിലപാട്. പലകാര്യങ്ങളിലും അന്‍വര്‍ ഇനിയും വ്യക്തത വരുത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുല്‍ഗാന്ധിക്കെതിരായി നടത്തിയ പരാമര്‍ശത്തിനും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരായി നടത്തിയ അഴിമതി ആരോപണത്തിനും തിരുത്ത് വേണമെന്നാണ് നിലപാട്. ഇതിനുശേഷം മാത്രമേ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ആലോചിക്കാവൂയെന്നാണ് നേതാക്കള്‍ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അന്‍വര്‍ നല്ല സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയങ്ങളില്‍ യോജിപ്പുണ്ടെങ്കിലും മുന്നണി പ്രവേശം ഇതേവരെ ചര്‍ച്ചയായിട്ടില്ലെന്ന് ഇന്നലെ രമേശ് ചെന്നിത്തല എംഎല്‍എയും പ്രതികരിച്ചിരുന്നു. വനനിയമ ഭേദഗതി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ അന്‍വറുമായി പാണക്കാട് സാദിഖലി തങ്ങളടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News