തന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടി രണ്ട് തവണ ജയിച്ചാല്‍ മാറി നില്‍ക്കണമെന്ന നിബന്ധന ഉണ്ടാക്കിയ പിണറായിയുടെ നയം സിപിഎമ്മിനെ വലിയ കുഴപ്പത്തിലേക്ക് നയിച്ചേക്കും; മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഐഷ പോറ്റി രാഷ്ട്രീയം നിര്‍ത്തിയത് വ്യക്തമായ സൂചന; പ്രവണതക്ക് തുടക്കമിട്ടത് സുരേഷ് കുറുപ്പും ജി സുധാകരനും; രാഷ്ട്രീയം അവസാനിപ്പിക്കാനൊരുങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍
രാഷ്ട്രീയം അവസാനിപ്പിക്കാനൊരുങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന നേതാക്കളെ നൈസായി ഒഴിവാക്കാന്‍ വേണ്ടി കണ്ടെത്തിയ മാര്‍ഗമായിരുന്നു പ്രായപരിധി. സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ തന്നെ പ്രായനിബന്ധന വെച്ച് കുറേ നേതാക്കളെ ഒഴിവാക്കി. മന്ത്രിസഭാ രൂപീകരണ വേളയില്‍ രണ്ട് തവണ മന്ത്രിയാകേണ്ടെന്ന് പറഞ്ഞ് കെ കെ ശൈലജ അടക്കമുള്ളവരുടെയും പേരുവെട്ടി. ഇതോടെ പിണറായി വിജയനും തന്റെ ഇഷ്ടക്കാരും മാത്രമായി മാറി പാര്‍ട്ടിയില്‍. ഇതോടെ രണ്ടാം പിറണായി സര്‍ക്കാറില്‍ ഏകാധിപത്യ ഭരണമായി എന്നതാണ് വസ്തുത.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇപ്പോള്‍ സംഘടനയില്‍ നിര്‍ജീവമായ അവസ്ഥയിലാണ്. ജി സുധാകരന്‍ രാഷ്ട്രീയമായി വിരമിച്ച അവ്‌സഥയിലാണ് താനും. പാര്‍ട്ടിയുടെ പ്രായപരിധിക്കെതിരെ തുറന്നടിച്ചു കൊണ്ടാണ് സുധാകരന്‍ രാഷ്ട്രീയമായി വിരാമത്തിലേക്ക് പോയത്. ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരന്‍ അടുത്തിടെ ചോദിച്ചിരുന്നു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെടുകയുണ്ടായി. ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകോണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സഖാവിന് 75- കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ വേറെ ആളുവേണ്ടെത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കല്‍. പറ്റിയ നേതാക്കളെ, പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താല്പര്യങ്ങളാണ് നോക്കേണ്ടത്. തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാര്‍ലമെന്റിലും ആളെ നിര്‍ത്തിയിട്ട് കാര്യമുണ്ടോ? ആയാള്‍ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിര്‍ത്തുകയാണ്. പാര്‍ലമെന്റിലെല്ലാം തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നില്‍ക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ ചോദിച്ചിരുന്നു.
ഇക്കാര്യത്തില്‍ സുധാകരന്റേത് ഒറ്റപ്പെട്ട ശബ്ധമല്ല, കഴിവുള്ള നേതാക്കളെ പുറംതള്ളാന്‍ കണ്ടെത്തി കുരുട്ടു ബുദ്ധിയായിരുന്നു പ്രായപരിധി എന്ന വികാരം പാര്‍ട്ടിക്കുള്ളിലും ശക്തമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ സിപിഎമ്മിനുള്ളില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സുരേഷ് കുറുപ്പ് അടക്കമുള്ള നേതാക്കള്‍ കാലങ്ങളായി പാര്‍ട്ടിയില്‍ സജീവമല്ലാത്ത അവസ്ഥയിലാണ്. ഇതിനൊക്കെ പിന്നാലെയാണ് ഐഷ പോറ്റിയും പാര്‍ട്ടിയില്‍ തഴയപ്പടെുന്നത്.
മന്ത്രിയാകുമെന്ന് പോലും കരുതിയിരുന്ന ഐഷ പോറ്റിയെ പാര്‍ട്ടി തരംതാഴ്ത്തിയതും വലിയ ചര്‍ച്ചയായിട്ടുണ്ട്. മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത് മതിയായ കാരണങ്ങള്‍ പോലും ബോധിപ്പിക്കാതെയാണ്. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.
ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി. പാര്‍ട്ടിയിലെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്തിയുള്ള നിരവധി നേതാക്കളുണ്ട്. ഇവരെല്ലാം ഇപ്പോള്‍ പതിയെ രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാനുള്ള വഴി തേടുകയാണ്.
കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ 3 തവണ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററാണ് 66 വയസ്സുകാരിയായ അയിഷ പോറ്റി ഇപ്പോള്‍.
എംഎല്‍എ കാലാവധി കഴിഞ്ഞ ശേഷം പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും അയിഷ പോറ്റി ഒഴിഞ്ഞു നില്‍ക്കുകയാണെന്നാണ് ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനു പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നത കാരണം അയിഷ പോറ്റി മനഃപൂര്‍വം വിട്ടുനില്‍ക്കുകയാണെന്നാണു വിവരം. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഇനി ഉണ്ടാകില്ല.
അടുത്തകാലത്തായി തങ്ങളുടെ വാദം കേള്‍ക്കാന്‍ ആരുമില്ലെന്ന വികാരം മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്. മുമ്പ് കോടിയേരി എല്ലാവരെയും കേള്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഭരണത്തിന് പിന്നാലെ നേതാക്കള്‍ ഓടുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് അടികൂടി നില്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ രാഷ്ട്രീയ വിരാമത്തിനുള്ള പാതയിലാണ്.