ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാന്‍; കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ, വീണാ ജോര്‍ജ്ജിന് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹം; വീണാ ജോര്‍ജിനെതിരെ അനാവശ്യ വിവാദമെന്ന് പി കെ ശ്രീമതി ടീച്ചര്‍
ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാന്‍
ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ വേതനവിഷയത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ പിന്തുണച്ച് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ച നടക്കാത്തത് സംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിനെതിരെ തികച്ചും അനാവശ്യമായ വിവാദമാണെന്ന് പി കെ ശ്രീമതി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ, വീണാ ജോര്‍ജ്ജിന് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ്. അഞ്ചുവര്‍ഷം ഞാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ മുന്‍കൂട്ടി അപേക്ഷ നല്‍കിയോ അപ്പോയിന്റ്‌മെന്റ് വാങ്ങിയോ അല്ല കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നത്. ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകളുടെ കാലത്തുള്ള രണ്ട് ആരോഗ്യമന്ത്രിമാരെയും ഏത് സമയത്തും കാണാന്‍ കഴിയുമായിരുന്നു. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ ഡല്‍ഹിയില്‍ ഉള്ള മന്ത്രി നദ്ദയെ ഏതെങ്കിലും സമയത്ത് കാണാന്‍ കഴിയുമെന്നും ആവശ്യം നിരാകരിക്കപ്പെടില്ലെന്നുമുള്ള വിശ്വാസത്തിലാണ് വീണ ഡല്‍ഹിയില്‍ വന്നത്.
തലേന്ന് തന്നെ അപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, നദ്ദയുടെ സമീപനം ശരിയായില്ല. ഈ രീതിയിലായിരുന്നില്ല വേണ്ടിയിരുന്നത്. സഹപ്രവര്‍ത്തകരാണ് ഇന്ത്യയിലെ മന്ത്രിമാര്‍. അത്, കേന്ദ്രമായാലും സംസ്ഥാനമായാലും. ഒരുസംസ്ഥാനമന്ത്രി കാണണമെന്ന് റിക്വസ്റ്റ് ചെയ്താല്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടെ സൗകര്യപ്രദമായ 10 മിനിട്ട് നേരം അദ്ദേഹം മാറ്റിവെച്ചാല്‍ മതി. ആ സമയത്ത് അദ്ദേഹത്തിന്റെ ഓഫിസില്‍ വരണമെന്ന് അറിയിച്ചാല്‍ മതിയായിരുന്നു -ശ്രീമതി ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ വൈകുന്നേരം നടക്കുന്ന വിരുന്ന് ചര്‍ച്ചക്ക് വേണ്ടിയാണ് വീണ ജോര്‍ജ് രാവിലെ തന്നെ ഡല്‍ഹിയില്‍ എത്തിയത് എന്ന ആരോപണം തെറ്റാണെന്നും ശ്രീമതി പറഞ്ഞു. ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാന്‍ എന്നും അവര്‍ ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു.
''അതിരാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 10 മണിക്കുമുന്‍പ് ഡല്‍ഹിയിലെത്തി വൈകുന്നേരത്തിനിടയില്‍ ഏതെങ്കിലും ഒരു സമയത്ത് അരമണിക്കൂര്‍ സന്ദര്‍ശനത്തിന് അനുവാദം നല്‍കാതിരുന്നത് ശരിയായോ എന്ന് കേരളത്തിലെ പത്രമാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല. കാണാന്‍ അല്‍പസമയം വേണമെന്ന് അപേക്ഷിച്ചിട്ട് അതിന് അനുവദിക്കാതിരുന്നത് മാന്യരായ ഭരണാധികാരികള്‍ക്ക് യോജിച്ചതാണോ ആ വിഷയം ഗൗരവമുള്ളതാണ് .എന്നാല്‍ വീണാ ജോര്‍ജിനെ വ്യക്തിപരമായി തകര്‍ക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിനും അവരുടെ പത്രമാധ്യമങ്ങള്‍ക്കും അതൊരു വിഷയമേ ആയില്ല.
കേന്ദ്ര മന്ത്രിയെ കാണാന്‍ അവര്‍ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡല്‍ഹിയിലുണ്ടായിരുന്ന എനിക്ക് അവരുടെ പരിശ്രമം നേരിട്ട് കാണാന്‍ കഴിഞ്ഞു. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിക്ക് വിമര്‍ശനമേയില്ല. എന്നാല്‍, വീണാ ജോര്‍ജ്ജിനെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്നു. ആശമാര്‍ക്കു വേണ്ടിയല്ലത്രെ മന്ത്രി ഡല്‍ഹിയില്‍ വന്നത്. രാത്രി ഉറക്കം കളഞ്ഞ് രാവിലെ തന്നെ ഡല്‍ഹിയിലെത്തിയത് വൈകുന്നേരം നടക്കുന്ന പരിപാടിക്കു വേണ്ടിയാണ് എന്ന് വിവക്ഷ. ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാന്‍ '