'രണ്ട് കൈയും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി പി ചിത്തരഞ്ജന്‍ എംഎല്‍എ നിയമസഭയില്‍; സീറ്റില്‍ ഇരുന്ന് കുലുങ്ങിച്ചിരിക്കലും; മുഖ്യമന്ത്രിക്ക് പിന്നാലെ സഭയില്‍ ആലപ്പുഴ എംഎല്‍എയുടെ വകയും അവഹേളിക്കല്‍

'ഒരു കൈ ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്'

Update: 2025-10-09 05:54 GMT

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ക്രൂരമായി അവഹേളിക്കുന്ന പ്രസ്താവനയുമായി ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍. നിയമസഭയില്‍ ഇന്ന് പ്രതിപക്ഷത്തെ കളിയാക്കാന്‍ വേണ്ടി രംഗത്തിറങ്ങിയപ്പോഴാണ് ക്രൂരമായ അവഹേളന വാക്കുകള്‍ ചിത്തരഞ്ജനില്‍ നിന്നും ഉണ്ടായത്. വിവാദ പരാമര്‍ശത്തിന് ശേഷം താന്‍ പറഞ്ഞത് വലിയ കാര്യമാണെന്ന വിധതതില്‍ സീറ്റിലിരുന്ന് കുലുങ്ങി ചിരിക്കുന്ന കാഴ്ച്ചയും കേരളം കണ്ടു.

'രണ്ട് കൈയും  ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്' എന്നതായിരുന്നു ആലപ്പുഴ എഎല്‍എയുടെ വാക്കുകള്‍. പ്രതിപക്ഷത്തെ കളിയാക്കാന്‍ നടത്തിയ പരാമര്‍ശം ഭിന്നശേഷിക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. സമൂഹത്തിലെ ഒരു എംഎല്‍എ എങ്ങനെയാണ് ഇത്രയും അധപ്പതിക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായി ആലപ്പുഴ എംഎല്‍എയുടെ വാക്കുകള്‍. ഇത്രയും മോശം പരാമര്‍ശം നടത്തിയ സിപിഎം എംഎല്‍എയെ തിരുത്താന്‍ സ്പീക്കര്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയായി.

അതേസമയം ചിത്തരഞ്ജനെതിരെ സൈബറിടത്തില്‍ കോണ്‍ഗ്രസുകാരും രംഗത്തുവന്നു. ഈ പറയുന്നത് ഏതെങ്കിലും ഒരു പ്രതിപക്ഷ അംഗം ആയിരുന്നെങ്കില്‍ (പ്രതിപക്ഷ അംഗങ്ങള്‍ ആരും പറയില്ല) എന്താകുമായിരുന്നു ഇവിടുത്തെ പുകില്‍..... എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. അയ്യപ്പന്റെ പൊന്നു കട്ട പങ്ക് പറ്റിയ CITU സാംസ്‌കാരിക തൊഴിലാളികള്‍, CITU മാധ്യമ തൊഴിലാളികള്‍, നിഷ്പക്ഷര്‍ എന്ന മുഖംമൂടി അണിഞ്ഞ കുറേ CITU പൗര പ്രമുഖ തൊഴിലാളികള്‍ ഇവരുടെ ഒക്കെ ധാര്‍മ്മിക രോഷത്തിന്റെ ക്ലാസ് എടുപ്പ് കാണാമായിരുന്നു... This is called paid privilege.. എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


Full View

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയിമിങ് പരാമര്‍ശത്തില്‍ നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ബോഡി ഷെയിമിങ് പരാമര്‍ശവും ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. പൊളിറ്റിക്കലി ഇന്‍കറക്ടായ പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്. മന്ത്രിമാര്‍ വായില്‍തോന്നിയത് പറഞ്ഞപ്പോള്‍ സ്പീക്കര്‍ കുഴപ്പമുണ്ടായിരുന്നില്ല. സ്പീക്കര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചെന്ന് വി.ഡി. സതീശന്‍ ആരോപണം ഉയര്‍ത്തി.

ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വന്‍ വിലക്ക് വിറ്റിരിക്കുകയാണ്. അതിന് കൂട്ടുനിന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും സതീശന്‍ വ്യക്തമാക്കി. വി.ഡി. സതീശന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യ വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. 'അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍.ഡി.എഫ് രാസവിദ്യ' എന്ന് എഴുതിയ ബാനര്‍ അംഗങ്ങള്‍ ഉയര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയ ബാനറുകള്‍ പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, സാധിച്ചില്ല.

പ്രതിപക്ഷ നേതാവ് സഭയില്‍ ഗൂണ്ടായിസം കാണിക്കുകയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ സഭാ ചോദ്യോത്തരവേളയിലേക്ക് കടന്നു. പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം നടന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭാ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പ്രതിപക്ഷ എം.എല്‍.എയുടെ ഉയരക്കുറവിനെയാണ് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചത്. 'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ പ്രസംഗം. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്നത് മലയാളത്തിലെ ഒരു പദപ്രയോഗമാണ്. പല ഭാഗത്തും പറ്റിപ്പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെയോ ഒരു അവസ്ഥയെയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ഉപയോഗിക്കുന്നത്.

'എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്. എട്ടു മുക്കാല്‍ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പുതുതായി നിയമ സഭയിലെടുക്കേണ്ടവരുടെ അളവ് കോല് കൂടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ ഫേസ്ബുക് പോസ്റ്റില്‍ തുറന്നടിച്ചു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.

ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി 'ബഹു' പിണറായി വിജയന്‍ ഇപ്പോള്‍ ആരുടെ അമ്മിക്കടിയിലാണ്. അരോഗ്യ ദൃഢ ഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭ ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത് പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയന്‍ തെരെഞ്ഞെടുപ്പ് കമീഷനെ അറിയിക്കണം. ബഹു. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കള്‍ ഒന്ന് പരിശോധിക്കണമെന്നും നജീബ് വ്യക്തമാക്കി.

Tags:    

Similar News