'നിങ്ങളാല്‍ സഖാവേ എന്ന വിളി കേള്‍ക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു; സിപിഎമ്മിനെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ പശ്ചാത്തപിക്കുന്നു; ചെങ്കൊടിയോട്, മരണം വരെയും നന്ദിയുള്ളവനായിരിക്കും'; ഫേസ്ബുക്ക് കുറിപ്പുമായി പി സരിന്‍
സഖാക്കളില്‍ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പാണ് തിരിച്ചറിവിന് കാരണം
പാലക്കാട്: സിപിഎമ്മിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പശ്ചാത്തപിച്ച് പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍. കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുമ്പോള്‍ താന്‍ സിപിഎമ്മിനെതിരെ നടത്തിയ പല പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടതായിരുന്നെന്ന് പി സരിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പല വിമര്‍ശനങ്ങളും തന്റെ വ്യക്തിപരമായ തീരുമാനങ്ങളായിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്ന് മാത്രം. സഖാക്കളില്‍ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പാണ് തിരിച്ചറിവിന് കാരണമെന്ന് സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ഇടതുപക്ഷത്തെ ഏതെങ്കിലും ഒരു നേതാവിനെ, വിശിഷ്യാ സഖാവ് പിണറായി വിജയനെ ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സഖാക്കള്‍ ഒരൊറ്റ മനസ്സായി നിന്ന് പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുന്നത് കണ്ടു കണ്ണു മിഴിച്ചു നിന്നിട്ടുണ്ട്. ഇടതുപക്ഷത്തേക്ക് കടന്നു വരുന്നൊരാള്‍ക്ക് മറ്റുള്ള പാര്‍ട്ടികളിലേതു പോലെ പെട്ടെന്ന് പാര്‍ട്ടി അംഗത്വം ലഭിക്കില്ല എന്നെനിക്കറിയാം, 'സഖാവേ' എന്നാരും പെട്ടെന്ന് കയറി വിളിക്കില്ലെന്നും.. എങ്കിലും കുറച്ചു വൈകാരികമായി തന്നെ പറയട്ടെ,നിങ്ങളാല്‍ 'സഖാവേ'എന്ന വിളി കേള്‍ക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു'-. സരിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആത്മാര്‍ത്ഥമായ സാമൂഹ്യ സേവനം കോണ്‍ഗ്രസില്‍ സാധ്യമാകില്ല. അനിയനെ പോലെ കണ്ട മനുഷ്യര്‍ പോലും സ്ഥാനലബ്ധിയില്‍ ഗുണ്ടകളുടെ ഭാഷയില്‍ ഭീഷണിപ്പെടുത്താന്‍ തുനിഞ്ഞ സാഹചര്യം ഏറെ വേദനാജനകമായിരുന്നുവെന്നും സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പുര്‍ണരൂപം
പ്രിയപ്പെട്ട സഖാക്കളെ,
സാമൂഹ്യ മാധ്യമങ്ങളെ പ്രധാനപ്പെട്ട രാഷ്ട്രീയ ആശയപ്രചരണ മാധ്യമമായി പരിഗണിക്കുന്ന ഒരാളെന്ന നിലക്കും, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ മേധാവിയായി നിന്ന് ഇവിടെ നിരന്തരം ഇടപെട്ടിരുന്ന ഒരാളെന്ന നിലക്കും, ഇവിടെ ഇടപെടുന്ന സഖാക്കളോട്, ഞാന്‍ പ്രത്യേകമായി, വളരെ പ്രാധാന്യപൂര്‍വ്വം തന്നെ സംസാരിക്കണമെന്ന് കരുതുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ഞാന്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍, ആ സംസ്‌ക്കാരത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നടത്തിയ ചില ഇടപെടലുകള്‍, പരാമര്‍ശങ്ങള്‍, പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കുണ്ട്.ഈ കഴിഞ്ഞു പോയ സമയങ്ങളില്‍ ഞാന്‍ സഖാക്കളില്‍ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ്പ് എന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണ്.
പല വിമര്‍ശനങ്ങളും എന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല.നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്ന് മാത്രം. കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ വരെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഞാന്‍ നിങ്ങളുടെ രാഷ്ട്രീയ ശത്രു പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചൊരാള്‍ ആണ്. നൂതനമായ സാങ്കേതിക വിദ്യകളെയും, സാധ്യമായ എല്ലാ മാനുഷിക സാമ്പത്തിക വിഭവങ്ങളെയും കൂട്ട് പിടിച്ചു സംഘടിതമായി ഞങ്ങള്‍ രാഷ്ട്രീയ പ്രചാരണം തീര്‍ക്കുമ്പോള്‍,ഇതൊന്നുമില്ലാതെ ഒരാശയത്തിന്റെ പേരില്‍ സ്വയം സംഘടിച്ചു ശക്തമായ പ്രതിരോധം തീര്‍ത്ത നിങ്ങളോട് അന്നും ബഹുമാനം ഏറെയായിരുന്നു.
രാഷ്ട്രീയ നേതാക്കള്‍ പ്രതിയോഗികളാല്‍ അക്രമങ്ങള്‍ നേരിടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതിനെ പ്രതിരോധിക്കാന്‍ ഇറങ്ങുക ആ നേതാവിനോട് താല്പര്യമുള്ള ആളുകളും ഗ്രൂപ്പുകളും മാത്രമാണ്. പക്ഷെ,ഇടതുപക്ഷത്തെ ഏതെങ്കിലും ഒരു നേതാവിനെ, വിശിഷ്യാ സഖാവ് പിണറായി വിജയനെ ആക്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സഖാക്കള്‍ ഒരൊറ്റ മനസ്സായി നിന്ന് പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കുന്നത് കണ്ടു കണ്ണു മിഴിച്ചു നിന്നിട്ടുണ്ട്.
അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ ഇടതുപക്ഷത്തേക്ക് വന്നത്,എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളാന്‍ എനിക്ക് കരുത്ത് നല്‍കുന്നത് എന്റെ തുറന്നതും സുതാര്യവുമായ പൊതുജീവിതം തന്നെയാണ്. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസ് രാഷ്ട്രീയ അനുഭാവം ഡോക്ടറായിട്ടും സിവില്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായിട്ടും ഞാന്‍ ഉപേക്ഷിച്ചില്ല.
വ്യക്തി താല്പര്യങ്ങളും സ്ഥാനമോഹവുമാണ് എന്നെ നയിച്ചതെങ്കില്‍ ഒരു സീനിയര്‍ ഡോക്ടറായോ,അക്കൗണ്ട് ജനറലായോ ഉയര്‍ന്നു സാമ്പത്തിക സുരക്ഷയും മറ്റു നേട്ടങ്ങളും സ്വന്തമാക്കിയതിന് ശേഷം, രാഷ്ട്രീയ സൗഹൃദങ്ങള്‍ ഉപയോഗിച്ച്, കോണ്‍ഗ്രസില്‍ ഒരുന്നത സ്ഥാനമോ ജയസാധ്യതയുള്ള സീറ്റോ സ്വന്തമാക്കുക എളുപ്പമായിരുന്നു. എന്നാല്‍ മുപ്പത്തി മൂന്നു വയസ്സില്‍ ഉന്നതമായ ജോലിയുപേക്ഷിച്ചു സാധാരണ പ്രവര്‍ത്തകരോടൊപ്പം പണിയെടുത്ത് അവരിലൊരാളായി അവരുടെ വികാരങ്ങള്‍ പരിഗണിച്ചു കൊണ്ട് കൂടി പ്രവര്‍ത്തിച്ചു വരാനാണ് ഞാന്‍ ആഗ്രഹിച്ചത്.
അധികാരവാഞ്ഛയാണ് എന്നെ നയിച്ചത് എങ്കില്‍ തുടരെയുള്ള പരാജയങ്ങളില്‍പ്പെട്ട് ഉഴലുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്ക് ഒരു സാധാരണ പ്രവര്‍ത്തകനായി ഞാന്‍ കടന്ന് വന്നതെന്തിനാണ്? രാജ്യത്തെ സാമൂഹിക ഐക്യവും, മതേതര മൂല്യങ്ങളും ആത്മാര്‍ത്ഥമായി നെഞ്ചിലേറ്റി പ്രവര്‍ത്തിക്കാനാണ് തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് വീണുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചത്.
എന്നാല്‍ ആത്മാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമോ, സാമൂഹ്യ പ്രവര്‍ത്തനമോ കോണ്‍ഗ്രസില്‍ സാധ്യമല്ലെന്നു ഞാന്‍ വേദനയോടെ മനസ്സിലാക്കി. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളല്ല, നേതാക്കന്മാരുടെ വ്യക്തി താല്‍പ്പര്യങ്ങളും അജണ്ടകളുമാണ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ക്ഷമിച്ചും സഹിച്ചും മുന്നേറാന്‍ തന്നെയാണ് എന്റെ കൂടെയുള്ള നിരവധി നിഷ്‌കളങ്കരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമുള്‍ക്കൊണ്ട് ഞാന്‍ കരുതി പോന്നത്.
എന്നാല്‍ ആശയാദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്ത് വര്‍ഗീയതയോട് പോലും സന്ധി ചെയ്യാം എന്ന് കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ അവിടെ നിന്നിറങ്ങാതെ കഴിയില്ലെന്നായി. അനിയനെ പോലെ കണ്ട മനുഷ്യര്‍ പോലും സ്ഥാനലബ്ധിയില്‍ ഗുണ്ടകളുടെ ഭാഷയില്‍ ഭീഷണിപ്പെടുത്താന്‍ തുനിഞ്ഞ സാഹചര്യംഏറെ വേദനാജനകമായിരുന്നു.
പാര്‍ട്ടിക്കകത്ത് വിയോജിപ്പുകള്‍ ഉന്നയിക്കാനുള്ള അവസരം പോലും തരാതെ, എന്നെ നിഷ്‌ക്കരുണം പുറംതള്ളി. മൂന്നു പതിറ്റാണ്ടായി സ്നേഹിച്ചു, വിശ്വസിച്ച ഒരു പ്രസ്ഥാനം എന്നെ തെരുവിലുപേക്ഷിച്ചപ്പോള്‍, എന്നെ അനാഥമാക്കില്ല എന്ന് വാക്ക് നല്‍കിയ, പിന്തുണ നല്‍കിയ ഇടതുപക്ഷത്തോട്, എന്റെ സഖാക്കളോട്, ചെങ്കൊടിയോട്, ഞാന്‍ മരണം വരെയും നന്ദിയുള്ളവനായിരിക്കും, കൂറുള്ളവനായിരിക്കും.
ഇടതുപക്ഷത്തേക്ക് കടന്നു വരുന്നൊരാള്‍ക്ക് മറ്റുള്ള പാര്‍ട്ടികളിലേതു പോലെ പെട്ടെന്ന് പാര്‍ട്ടി അംഗത്വം ലഭിക്കില്ല എന്നെനിക്കറിയാം, 'സഖാവേ' എന്നാരും പെട്ടെന്ന് കയറി വിളിക്കില്ലെന്നും.. എങ്കിലും കുറച്ചു വൈകാരികമായി തന്നെ പറയട്ടെ,നിങ്ങളാല്‍ 'സഖാവേ'എന്ന വിളി കേള്‍ക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
വര്‍ഗീയതക്കും പിന്തുടര്‍ച്ചാ രാഷ്ട്രീയത്തിനും എതിരായ എന്റെ ഈ പോരാട്ടത്തില്‍, പ്രിയ സഖാക്കള്‍ എന്നെ നിങ്ങളിലൊരാളായി കണ്ട് ചേര്‍ത്തു നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇന്നലെ മുതല്‍ നാം ഏറ്റടുത്തിരിക്കുന്ന ദൗത്യം, നമ്മുടെ നാടിനെ സംബന്ധിച്ചുള്ള ചില രാഷ്ട്രീയ സത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. എന്നെന്നും നാം നിലകൊണ്ടിട്ടുള്ളത്, ജനാധിപത്യ-മതേതര-ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് കേരളത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.
പാലക്കാട് ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി എന്നെ പാര്‍ട്ടി നിയോഗിച്ചതും ഈ പോരാട്ടം കോട്ടമില്ലാതെ മുന്നോട്ട് നയിക്കാനാണ്. പ്രിയ സഖാക്കളെ, കൂടെ നില്‍ക്കണം, കൂടെയുണ്ടാവണം.