'വടകരയിൽ രാഹുലിനു ഫ്ലാറ്റ് ഉള്ളതായി ആർക്കെങ്കിലും അറിയുമോ?'; സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം; ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി പി. സരിൻ
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ, കേസിലെ എഫ്.ഐ.ആറിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റ് വിഷയത്തിൽ എം.പി. ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി സി.പി.എം. നേതാവ് പി. സരിൻ. വടകരയിൽ രാഹുലിന് ഫ്ലാറ്റുള്ളതിനെക്കുറിച്ച് സ്ഥലം എം.പി. ഷാഫി പറമ്പിലിന് എന്തെങ്കിലും വിവരമുണ്ടോ എന്ന് ആരാഞ്ഞാണ് സരിൻ പരിഹാസം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ റിമാൻഡ് റിപ്പോർട്ടിനൊപ്പമുള്ള മൂന്നാമത്തെ എഫ്.ഐ.ആർ. മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് സരിൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്.
സരിൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം:
'രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ FIR മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു. പരാതിയുടെ അഞ്ചാം പേജിൽ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:
"വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു." വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ? സ്ഥലം MP യോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ, പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും, കേരളാ പൊലീസ്!'- പി സരിൻ
വടകരയിലെ ഫ്ലാറ്റ് വിഷയത്തിൽ ഡിവൈഎഫ്ഐയും പ്രതികരണം അറിയിച്ചു. വടകരയിൽ ഫ്ലാറ്റുള്ളത് ആർക്കാണെന്നും ആ വഴിയും ഗൗരവമായ അന്വേഷണം നടക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് വി.കെ. സനോജ് ആവശ്യപ്പെട്ടു. പെൺകുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗർഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതർക്കുള്ള ഫണ്ടിൽനിന്ന് ഉപയോഗിക്കുക തുടങ്ങിയ ഹീനമായ കാര്യങ്ങളാണ് നടക്കുന്നതെന്നും, ഇതിനെല്ലാം കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കുകയാണെന്നും സനോജ് കൂട്ടിച്ചേർത്തു.