അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അറ്റാക്ക് ചെയ്താലും കുഴപ്പമില്ല; എത്ര ഗുരുതര ആരോപണം ആണെങ്കിലും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്ന് പി ശശി

അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അറ്റാക്ക് ചെയ്താലും കുഴപ്പമില്ല

Update: 2024-10-01 09:43 GMT

കണ്ണൂര്‍: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആളിക്കത്തവെ നിലമ്പൂര്‍ എം.എല്‍ എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നു പി.ശശി തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അന്‍വര്‍ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല. മാധ്യമങ്ങള്‍ എന്തിനാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെന്നായിരുന്നു ശശിയുടെ ചോദ്യം. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.

നേരത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ട് പി.വി.അന്‍വര്‍ എംഎല്‍എ രംഗത്തെതതിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഒരു കക്ഷിക്കൊപ്പം നിന്ന് പി.ശശി ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നതായി പരാതിയില്‍ ആരോപിക്കുന്നു.

ശശിക്കെതിരെ ഗുരുതര ആരോപണമാണ് അന്‍വര്‍ പരാതിയില്‍ ഉയര്‍ത്തുന്നത്. ചില കേസുകളില്‍ രണ്ടു കക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി, അവര്‍ക്കിടയില്‍ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ച് കമ്മിഷന്‍ കൈപ്പറ്റുന്നു. ഇക്കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ പി.ശശി വാങ്ങി വയ്ക്കുന്നുണ്ട്. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുന്നു. അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നും സിപിഎമ്മിന് നല്‍കിയ പരാതിയില്‍ അന്‍വര്‍ പറയുന്നു.

പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി തുടര്‍ന്നാല്‍ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാര്‍ട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് പാര്‍ട്ടിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.

Tags:    

Similar News