പാലക്കാട്ടെ കെ പി എം ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി വരുന്നതും പോകുന്നതും ദൃശ്യങ്ങളില്‍; ബാഗില്‍ കളളപ്പണമന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സിപിഎം; ബാഗില്‍ പണമോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടത് പൊലീസ്
പാലക്കാട്ടെ കെ പി എം ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: പാലക്കാട്ടെ കെ പി എം ഹോട്ടലില്‍ നീല ട്രോളി ബാഗ് എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു. കെ എസ് യു നേതാവ് ഫെനി ഹോട്ടലിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഹോട്ടലിലെ ഇന്നലത്തെ ദൃശ്യങ്ങളാണിത്. കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം സ്ഥിരീകരിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എന്നാല്‍, നീല ട്രോളി ബാഗില്‍ ഉണ്ടായിരുന്നത് പണമാണോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് പൊലീസാണ്.
വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാനാണ് പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗ് എത്തിച്ചതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു നേരത്തെ ആരോപിച്ചിരുന്നു. തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
''വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതിയായ ഫെനി എന്തിനാണു ഹോട്ടലില്‍ വന്നത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു നീല ട്രോളി ബാഗും ഉണ്ടായിരുന്നു. ഷാഫി പറമ്പിലിനൊപ്പമാണ് അദ്ദേഹം വന്നത്. ട്രോളി ബാഗ് ഒരു റൂമിലേക്ക് കയറ്റുന്നു. ഷാഫി പറമ്പിലും ജ്യോതികുമാര്‍ ചാമക്കാലയും രാഹുലും ആ മുറിയില്‍ കയറുന്നു. ആദ്യം ഷാഫിയും ജ്യോതികുമാറും വന്നു. അതിന് ശേഷമാണ് രാഹുല്‍ വന്നത്. അതിനുശേഷം ബാഗ് പുറത്തേക്ക് കൊണ്ടുവന്നു. പിന്നെ മറ്റൊരു മുറിയിലേക്ക് ബാഗ് കയറ്റുന്നു. അതിനുശേഷം രാഹുലും ഷാഫിയും പുറത്തു വരുന്നു. പറഞ്ഞതെല്ലാം വസ്തുതയാണെന്നതിനുള്ള തെളിവുകള്‍ നിമിഷങ്ങള്‍ക്കകം പുറത്തുവരും. സംഭവം കണ്ട ആളുകള്‍ ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്'' സുരേഷ് ബാബു പറഞ്ഞു.
''പെട്ടിയില്‍ വസ്ത്രമായിരുന്നെങ്കില്‍, രാഹുലിന്റെ ഡ്രസ് ഷാഫിക്ക് ചേരുമോ എന്ന് നോക്കിയതാണോ? അതോ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് ചേരുന്നതാണോ എന്ന് നോക്കിയതാണോ? ഇതെല്ലാം ദുരൂഹമാണ്. ഇങ്ങനെയൊരു നുണയനായ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത് എന്നതില്‍ ലജ്ജിക്കണം. ഇന്നലെ അവിടെയില്ലെന്ന് പറഞ്ഞ ആള്‍ ഇന്ന് അവിടെ ഉണ്ടെന്നാണ് പറയുന്നത്'' ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.
അതേസമയം, പാലക്കാട്ട് ഇന്നലെ രാത്രി പൊലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു.പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബര്‍ വിദഗ്ധരും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കൊപ്പമുണ്ട്. വനിത കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അടക്കമാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു.
ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് ഇന്നലെ രാത്രി വന്‍ സംഘര്‍ഷമാണ് ഉണ്ടായത്. പാതിരാത്രിയില്‍ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു. ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍, പരിശോധനയില്‍ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നല്‍കി. എന്നാല്‍, റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു