പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ശോഭാ സുരേന്ദ്രന്‍! കായംകുളത്ത് വോട്ടു കൂട്ടാന്‍ ബിജെപിക്കൊപ്പം പ്രതിഭാ എംഎല്‍എ ഉണ്ടാകില്ല; മകന്‍ പുകവലിച്ചിട്ടുണ്ടെങ്കില്‍ അവനെ തിരുത്തിക്കുമെന്ന് പൊതുസമൂഹത്തിന് ഉറപ്പ് നല്‍കുന്ന അമ്മ; ആ കഞ്ചാവ് കേസില്‍ നിലപാട് മാറ്റാതെ പ്രതിഭ; സജി ചെറിയാന്റെ 'എംടി' താരതമ്യം സിപിഎമ്മിന് കനിവാകുമ്പോള്‍

Update: 2025-01-08 02:22 GMT

കായംകുളം: മകന്റെ കൈയില്‍നിന്ന് എക്‌സൈസ് കഞ്ചാവു പിടിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യു. പ്രതിഭ എം.എല്‍.എ. ആവര്‍ത്തിക്കുന്നതിനൊപ്പം തള്ളുന്നത് ബിജെപിയുമായി അടുക്കുന്നുവെന്ന പ്രചരണം. സി.പി.എം. വിട്ട് ബി.െജ.പി.യില്‍ ചേര്‍ന്ന ബിപിന്‍ സി. ബാബു പ്രതിഭയെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നു. കഴിഞ്ഞദിവസം കായംകുളത്തു നടന്ന യോഗത്തില്‍ ശോഭാ സുരേന്ദ്രനും പ്രതിഭയെ അനുകൂലിച്ചാണു സംസാരിച്ചത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന രീതിയാണ് ബി.ജെ.പി.യുടേതെന്നാണ് പ്രതിഭയുടെ ഈ ക്ഷണങ്ങളോടുള്ള പ്രതികരണം. മകന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍നിന്നു കഞ്ചാവു പിടിച്ച തിനുശേഷം ബി.ജെ.പി. നേതാക്കള്‍ എം.എല്‍.എ.യെ പിന്തുണച്ചിരുന്നു. ഇതിന് പിന്നീാലെയാണ് ബിജെപിയെ പരിഹസിച്ച് പ്രതിഭ രംഗത്തു വരുന്നത്. പ്രതിഭയുടെ മകനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തു വന്നിരുന്നു. എംടിയുടെ ബിഡി വലിയോടാണ് കാര്യങ്ങളെ സജി ചെറിയാന്‍ താരതമ്യം ചെയ്തത്. പ്രതിഭയെ ബിജെപിയുമായി അടുക്കുന്നത് തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഏതായാലും പ്രതിഭ ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പിക്കുകയാണ് സിപിഎം ഇപ്പോള്‍.

മകനേയും പാര്‍ട്ടിയേയും പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിഭ എടുക്കുന്നത്. ഇതു സിപിഎമ്മിന് ആശ്വാസമാണ്. സിപിഎം ജില്ലാ സമ്മേളനത്തില്‍ ഈ വിഷയം പ്രതിഭയ്‌ക്കെതിരെ ചര്‍ച്ചയാകാതിരിക്കാനും സിപിഎം നേതൃത്വം ശ്രദ്ധിക്കും. മകനെതിരേയുള്ള വാര്‍ത്തഅടിസ്ഥാനരഹിതമാണ്. ഒപ്പമുണ്ടായിരുന്ന ചിലര്‍ തെറ്റു ചെയ്തിട്ടുണ്ടാകാം. മകന്‍ തെറ്റു ചെയ്തിട്ടില്ല. പല സ്ഥലങ്ങളിലും കുട്ടികള്‍ സൗഹൃദത്തില്‍പ്പെടുന്നതു പോലെയാണ് മകനും ഒത്തുചേര്‍ന്നത്. ചില മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നു വലിയ സമ്മര്‍ദമുണ്ടായെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ടിനുണ്ടായ സംഭവത്തില്‍ രാതി 12-നാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പിഴയടച്ചാല്‍ തീരുന്ന പെറ്റി കേസാണ് മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എടുത്തത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലംമാറ്റിയതില്‍ രാഷ്ട്രീയമില്ല. മന്ത്രിയുമായി ബന്ധപ്പെട്ടിട്ടുമില്ല. രണ്ട് ടി.വി. ചാനലുകള്‍ വര്‍ഗീയ അജന്‍ഡയോടെ വാര്‍ത്ത നല്‍കി. ദിവസങ്ങളോളം തന്നെ വേട്ടയാടി-പ്രതിഭ പറയുന്നു.

തന്റെ മകന്റെ കേസില്‍ ന്യായീകരണത്തിനില്ലെന്നും പ്രതിഭ പറയുന്നുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് പറ്റിയ തെറ്റാണ്, അതിനെ ന്യായീകരിക്കുന്നില്ല. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ആഗ്രഹിച്ചെന്നും യു.പ്രതിഭ പറഞ്ഞു. നന്മതിന്മകളുടെ ഭാഗമാണ് പൊതുസമൂഹം; ആ സമൂഹത്തിന്റെ ഭാഗമാണ് തന്റെ മകനും. ഇല്ലാത്ത കാര്യം പറഞ്ഞതാണ് അമ്മ എന്ന നിലയില്‍ തന്നെ ചൊടിപ്പിച്ചതെന്നും പ്രതിഭ വ്യക്തമാക്കി. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് യു.പ്രതിഭയുടെ മകന്‍ കനിവിനും സംഘത്തിനുമെതിരെ കേസെടുത്തത്. തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തന്റെ വാക്കുകള്‍ അടര്‍ത്തി മാറ്റി മറ്റൊരു ക്യാമ്പെയ്നാക്കി മാറ്റിയെന്നും പ്രതിഭ പറഞ്ഞു. പാര്‍ട്ടിയോട് കൂടി ആലോചിച്ചാണ് കഴിഞ്ഞ ദിവസം വീണ്ടും പ്രതിഭ വാര്‍ത്താ സമ്മേളനം നടത്തിയത്.

മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാലത്ത് ചില കുട്ടികള്‍ പുകവലിക്കാറുണ്ട്. തന്റെ മകന്‍ അത് ചെയ്തെങ്കില്‍ അത് താന്‍ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു. ഇതില്‍ രണ്ട് ചാനലുകള്‍ തന്നെ നിരന്തരം വേട്ടയാടി. മതപരമായ കാര്യങ്ങള്‍ എന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. മകന്റെ ചിത്രങ്ങള്‍ സഹിതം ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം വാര്‍ത്ത നല്‍കി. മകനെതിരായ വാര്‍ത്ത വ്യാജമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്നും എംഎല്‍എ പറഞ്ഞു. ബിജെപി നേതാക്കളുടെ ക്ഷണത്തിന് ബിജെപിയിലേക്ക് താന്‍ പോകുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും അങ്ങനെ ഒരു ആശങ്ക വേണ്ടെന്നുമായിരുന്നു എംഎല്‍എയുടെ മറുപടി.

ഡിസംബര്‍ 28നാണ് എംഎല്‍എയുടെ മകനായ കനിവ് അടക്കമുള്ള ഒന്‍പതംഗ സംഘത്തെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ രംഗത്തെത്തിയിരുന്നു. മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കനിവ് അടക്കം ഒന്‍പത് പേരെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തിരുന്നു. കനിവ് കേസില്‍ ഒന്‍പതാം പ്രതിയാണ്.

Tags:    

Similar News