പത്രിക നല്‍കാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം; കല്‍പ്പറ്റയില്‍ റോഡ് ഷോ തുടങ്ങി; പ്രിയങ്കയ്‌ക്കൊപ്പം രാഹുലും തുറന്ന വാഹനത്തില്‍; യുഡിഎഫ് നേതാക്കള്‍ക്കൊപ്പം റോബര്‍ട്ട് വധേരയും റോഡ് ഷോയില്‍; കലക്ടറേറ്റിലെത്തി ഉടന്‍ പത്രിക നല്‍കും

പത്രിക നല്‍കാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം; കല്‍പ്പറ്റയില്‍ റോഡ് ഷോ തുടങ്ങി

Update: 2024-10-23 06:35 GMT

കല്‍പറ്റ: വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. പ്രിയങ്കയെ വരവേല്‍ക്കാന്‍ കല്‍പറ്റ നഗരത്തില്‍ ആയിരങ്ങളാണ് എത്തിയ്ത. വയനാട് ലോക് സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ ' പത്രിക സമര്‍പ്പിക്കാനുള്ള റോഡ് ഷോ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനെത്തി. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും റോഡ്‌ഷോയില്‍ പങ്കെടുത്തു. തുറന്ന ജീപ്പിലാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. അല്‍പ്പസമയത്തിനകം പ്രിയങ്ക പത്രിക നല്‍കും.

കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് റോഡ് ഷോ. 11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു. ഒമ്പതു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിനു മുന്നില്‍ ആളുകള്‍ നിറഞ്ഞുതുടങ്ങി. ഒറ്റക്കും കൂട്ടായും ആളുകളുടെ പ്രവാഹം വര്‍ധിച്ചു. ചെറു സംഘങ്ങള്‍ മുദ്രാവാക്യം വിളികളുമായാണ് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞത്.

കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷര്‍ട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാര്‍ഡുകളേന്തിയും അണിനിരന്ന ആയിരങ്ങള്‍ക്കൊപ്പം ത്രിവര്‍ണ ബലൂണുകളുടെ ചാരുതയും നിറം പകര്‍ന്നു. ഗോത്രവര്‍ഗ യുവാക്കള്‍ അണിനിരക്കുന്ന 'ഇതിഹാസ' ബാന്‍ഡ് വാദ്യ സംഘം ഉള്‍പ്പെടെ ഒരുങ്ങി നില്‍ക്കുകയാണ്. പത്തരയോടെ ജനം റാലിയായി പതിയെ ഒഴുകി നീങ്ങാന്‍ തുടങ്ങി.

പ്രിയങ്കയുടെ മക്കളായ റൈഹാന്‍, മിറായ എന്നിവരും റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ഒപ്പമെത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്നു റോഡ് മാര്‍ഗം ബന്ദിപ്പൂര്‍ വനമേഖലയിലൂടെയാണു മുത്തങ്ങ അതിര്‍ത്തി കടന്നു രാത്രി ഒന്‍പതോടെ ബത്തേരിയില്‍ എത്തിയത്.

അതേസമയം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് ഇന്ന് പത്രിക നല്കും. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ം തലപ്പിള്ളി താലൂക്ക് ഓഫിസില്‍ സഹവരണാധികാരി കൂടിയായ തഹസില്‍ദാര്‍ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്നും യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായി എത്തിയാണു പത്രിക സമര്‍പ്പിക്കുക. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ ഇന്ന് 2.30നു നാമനിര്‍ദേശ പത്രിക നല്‍കും.

Tags:    

Similar News