ഉവൈസിയുടെ പാര്‍ട്ടി ബിജെപി-വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു ബിജെപിയെ സഹായിക്കുന്ന പോലെ സിപിഎമ്മിന് ഗുണകരമാകുമോ അന്‍വര്‍; മഞ്ചേരിയിലും തള്ളു മാത്രമേ ഉണ്ടാകൂ; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കില്ല; അയോഗ്യതാ ഭീഷണിയില്‍ അന്‍വര്‍; 'ഡിഎംകെ' ഇരുചക്ര വാഹന സംഘടനയാകുമോ?

മഞ്ചേരിയിലും 'തളളു' മാത്രമേ ഉണ്ടാകൂവെന്ന സൂചന നല്‍കി പിവി അന്‍വര്‍

Update: 2024-10-06 05:57 GMT

മഞ്ചേരി: മഞ്ചേരിയിലും 'തളളു' മാത്രമേ ഉണ്ടാകൂവെന്ന സൂചന നല്‍കി പിവി അന്‍വര്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ എംഎല്‍എ സ്ഥാനം അയോഗ്യമാകും. ഈ സാഹചര്യത്തിലാണ് താന്‍ രാഷട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎല്‍എ പ്രഖ്യാപിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടമകളെ സര്‍ക്കാര്‍ ദ്രോഹിക്കുന്നുവെന്നും ഇവരുടെ കൂട്ടായ്മ അടക്കം തന്റെ ലക്ഷ്യമാണെന്നും അന്‍വര്‍ പറയുന്നു. ഇരുചക്ര വാഹന ഉടമകളെ സഹായിക്കുന്ന തരത്തിലെ പ്രസ്ഥാനം തന്റെ മനസ്സിലുണ്ടെന്നും അന്‍വര്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് നിയമവിദഗ്ദ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) ഒരു സോഷ്യല്‍ മൂവ്മെന്റാണെന്നും അതിന്റെ കാര്യത്തില്‍ ആശയക്കുഴമില്ലെന്നും അന്‍വര്‍ പറഞ്ഞു. മഞ്ചേരിയില്‍ നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പ്രതികരിച്ചു. ഫലത്തില്‍ മഞ്ചേരിയിലും പ്രധാന നേതാക്കളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി. ഡി എം കെ സഹകരണമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.

പി.വി.അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്ന് രാവിലെ തന്നെ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംഎല്‍എ സ്ഥാനം അയോഗ്യതാ ഭീഷണിയിലാകും എന്നതിനാലാണ് ഇത്. ഇടതു സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗത്വമെടുക്കാനോ പാടില്ല. ഈ ചട്ടം മറികടന്നാല്‍ അയോഗ്യത വരും. അതുകൊണ്ട് തന്നെ പുതിയ പാര്‍ട്ടി ഉണ്ടായാലും അന്‍വറിന് എംഎല്‍എയായി തുടര്‍ന്നു കൊണ്ട് അതില്‍ അംഗത്വം എടുക്കാന്‍ കഴിയില്ല. പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഡിഎംകയുമായി സഹകരിക്കുന്ന മറ്റൊരു പ്രസ്ഥാനം ആലോചനയിലെത്തുന്നത്.

അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പാരയാവാന്‍ പോകുന്നത് യുഡിഫിനാണ്. ഉവൈസിയുടെ പാര്‍ട്ടി ബിജെപി-വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു ബിജെപിയെ സഹായിക്കുന്ന പോലെ അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിക്കാന്‍ പോകുന്നത് കൂടുതലാവും മാര്‍ക്‌സിസ്റ്റ്-വിരുദ്ധ ന്യൂനപക്ഷ വോട്ടുകളാണ്. അന്‍വറില്‍ ഇതു വരെ പ്രത്യേക ഐഡിയോളോജിയോ ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല - മാര്‍ക്‌സിസ്റ്റ്, അഥവാ എഡിജിപി-ശശി-പിണറായി വിരുദ്ധതയല്ലാതെ. ആ വികാരം കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് കൂടുതല്‍ പിണറായി വിരുദ്ധതയായി മാറി, അത് കരുതിക്കൂട്ടി ഉണ്ടാക്കിയതൊന്നുമല്ല, പറഞ്ഞ് പറഞ്ഞ് അങ്ങനെ ആയിപ്പോയതാണ്, അങ്ങനെയാണെങ്കില്‍ മാത്രമേ അയാള്‍ക്ക് രാഷ്ട്രീയമായി ഒരു talking point ഉള്ളൂ. അതില്‍ തീര്‍ച്ചയായും ബിജെപി-വിരുദ്ധതയും ഉണ്ട്. മാര്‍ക്‌സിസ്റ്റുകളും ബിജെപിയും ഒന്നിച്ചാണ് എന്ന പോയിന്റ് യുഡിഫ്-ന്റേതാണ്, അതിലാണ് അയാള്‍ പിടിച്ചിരിക്കുന്നത്.-ഇത്തരം അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ പ്രമോദ് കുമാറിന്റെ ഈ പ്രതികരണം യുഡിഎഫിനേയും ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്‍വറിനെ യുഡിഎഫ് ഉള്‍ക്കൊള്ളുമെന്ന സൂചനകളും സജീവമാണ്.

തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ മഞ്ചേരിയില്‍ എത്തുമെന്നാണ് അന്‍വര്‍ നല്‍കുന്ന സൂചന. മതേതരസമൂഹത്തിന് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് എം.കെ.സ്റ്റാലിന്‍. പരിപാടികള്‍ കാണാനും നിരീക്ഷിക്കാനും മതേതര സ്വഭാവമുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ ഉണ്ടാകും. എന്നാല്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു നെറ്റ്?വര്‍ക്ക് സിസ്റ്റം ഉണ്ടാകും. ആദ്യം യോഗം വിളിച്ചത് മലപ്പുറം ജില്ലയിലാണ്. ഇതി 13 ജില്ലകളിലും ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കാന്‍ പൊതുസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. തമിഴ്നാട്ടില്‍ ഒരു ഡിഎംകെയുണ്ട്. കേരളത്തിലൊരു ഡിഎംകെയുണ്ട്. അതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. നിലപാടിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കുട്ടി പിറക്കുന്നതേയുള്ളൂ. ഭൂമിയില്‍ ഇറങ്ങി കാലുറപ്പിക്കുന്ന സമയം വേണ്ടെ? ജനം എന്ത് തീരുമാനിക്കുന്നുവെന്ന് നോക്കാം. പ്രബലരെ പ്രബലരാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സിപിഎമ്മിനെ ഇനനും കടന്നാക്രമിച്ചു.

പശ്ചിമ ബംഗാളിനെക്കാളും മോശം അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം പോകുമെന്നും അന്‍വര്‍ പറഞ്ഞു. കെട്ടിവെച്ച കാശ് സിപിഎം സഖാക്കള്‍ക്ക് കിട്ടാത്ത അവസ്ഥയിലേക്ക് ഇത് കൊണ്ടുപോകുന്നു. മുഖ്യമന്ത്രിയുടെ ആ നയത്തിനൊപ്പം പാര്‍ട്ടി കൂടി നില്‍ക്കുന്നതെന്തിനെന്ന് കേരളത്തിലെ ജനങ്ങളോട് പാര്‍ട്ടിക്ക് വിശദീകരിക്കേണ്ടിവരും. ഒരു പുനര്‍വിചിന്തനം നടത്തിയിട്ടില്ലെങ്കില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനമാണ്.

Tags:    

Similar News