എംഎല്‍എ ബോര്‍ഡ് മറച്ച് കറുത്ത ഇന്നോവയില്‍ നിയമസഭയില്‍; ചേമ്പറില്‍ എത്തിയ സ്പീക്കറെ കാത്തിരുന്നത് അഞ്ചു മിനിറ്റ്; കിറുകൃത്യം ഒന്‍പതരയ്ക്ക് സ്പീക്കര്‍ ഓഫീസിലെത്തി; രാജി കത്ത് കൈമാറി അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ എന്ന പദവി ഒഴിഞ്ഞ് പിവി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി മാറി നിലമ്പൂരാന്‍

Update: 2025-01-13 04:23 GMT

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. നിലമ്പൂര്‍ നിയമസഭാ അംഗമെന്ന പദവിയില്‍ നിന്നുള്ള രാജി കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിന് അന്‍വര്‍ കൈമാറി. സ്പീക്കര്‍ രാജി സ്വീകരിക്കും. നേരത്തെ എംഎല്‍എ ബോര്‍ഡ് വയ്ക്കാത്ത കാറിലാണ് അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. ഒന്‍പതരയോടെ സ്പീക്കര്‍ തന്റെ ചേമ്പറിലെത്തി. അവിടെ വച്ച് രാജി കത്ത് നല്‍കി. അങ്ങനെ അന്‍വര്‍ എംഎല്‍എ അല്ലാതെയായി. ഇതോടെ ആയോഗ്യതാ ഭീഷണിയെ മറികടക്കുകയാണ് അന്‍വര്‍. സ്വതന്ത്ര എംഎല്‍എയായി ജയിച്ചാല്‍ പിന്നീടൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ പാടില്ല. അത് അയോഗ്യതയ്ക്ക് കാരണമാകും. അതുകൊണ്ട് കൂടിയാണ് രാജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ ഓര്‍ഡിനേറ്ററായി ഇനി അന്‍വര്‍ പ്രവര്‍ത്തിക്കും.

അന്‍വര്‍ രാജിവെച്ച പശ്ചത്തലത്തില്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അന്‍വര്‍ മത്സരിക്കമോ എന്നതാണ് അറിയേണ്ടത്. തൃണമൂലിനെ യുഡിഎഫില്‍ എടുത്താല്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കില്ല. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മത്സരിക്കാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയ സാധ്യതയുള്ള മലപ്പുറത്തെ മണ്ഡലം തരികയും വേണം. ഇതാണ് അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വയ്ക്കാന്‍ പോകുന്ന ഫോര്‍മുല.

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുകയും ചെയ്യും. അന്‍വര്‍ തൃണമൂലിന്റെ രാജ്യസഭാ അംഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തൃണമൂല്‍ കേരള ഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ തന്നെയാണ് പങ്കുവെച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ ഔദ്യോഗികമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവന്നേക്കും. ഈ സാഹചര്യത്തിലാണ് അന്‍വര്‍ രാജി വെച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് പി വി അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അത് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ ചില നേതാക്കള്‍ ഷാള്‍ അണിയിക്കുന്നതിന്റെ ഫോട്ടോകളും അന്‍വറിന്റെ ടീം പുറത്തുവിട്ടു. അതുകൊണ്ട് തന്നെ പരാതി കിട്ടിയാല്‍ നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് തെളിവുകളും ഉണ്ടായിരുന്നു.

സ്വതന്ത്ര പ്രതിനിധി എന്ന നിലയില്‍ നിന്നും മാറി, ഒരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തീരുമാനിച്ച് കഴിഞ്ഞുവെന്ന് വ്യക്തമാണ്. ഇതും കൂറുമാറ്റത്തിന്റെ പരിധിയില്‍ വരും. സ്വതന്ത്രന്‍ എന്ന പേരില്‍ വോട്ടുതേടി ജയിച്ച ശേഷം ഏതെങ്കിലും രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ പറ്റില്ലെന്നാണ് നിയമം. ഇതാണ് തൃണമൂലിനൊപ്പം ചേര്‍ന്നതോടെ അന്‍വര്‍ ലംഘിച്ചത്. നിലവിലെ സാഹചര്യത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്റെ തുടക്ക ദിനങ്ങളില്‍ തന്നെ അന്‍വറിനെതിരായ തീരുമാനം സ്പീക്കര്‍ എടുക്കാനാണ് സാധ്യത. ഇത് മനസ്സിലാക്കിയാണ് എംഎല്‍എ സ്ഥാനം അന്‍വര്‍ ഒഴിഞ്ഞത്.

അതേസമയം തമിഴ്നാട്ടിലെ ഡിഎംകെയിലേക്ക് ശ്രമിച്ച് പരാജയപ്പെട്ട അന്‍വര്‍ ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ ഒപ്പമാകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതും ഫലവത്തായില്ല. രാഷ്ട്രീയമായി തനിച്ചു പോകുന്നത് ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കിയതോടെ യുഡിഎഫിനൊപ്പം നീങ്ങാന്‍ സകല വാതിലുകളും അന്‍വര്‍ മുട്ടിയിരുന്നു. പാണക്കാട് എത്തി മുസ്ലിംലീഗിന്റെ ആശീര്‍വാദത്തോടെ യുഡിഎഫിലേക്ക് പ്രവേശിക്കാം എന്ന് അന്‍വര്‍ കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഇടതുമുന്നണിയുടെ കുന്തമുന ആയിരുന്നപ്പോള്‍ ആഞ്ഞടിച്ച പലതും തിരുത്തണമെന്ന് പ്രധാനപ്പെട്ട നേതാക്കള്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ പരിശോധിക്കണമെന്ന് പറഞ്ഞതും വി ഡി സതീശന് എതിരെ വലിയൊരു സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ചത് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ജാതീയമായി ആക്ഷേപം ഉന്നയിച്ചത് തിരുത്തണമെന്നും മാപ്പ് പറയണമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമേ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എന്ന ഘടകത്തെ ഒഴിവാക്കി പോവുക എന്നത് കോണ്‍ഗ്രസിന് ചിന്തിക്കാന്‍ ആവുന്നതായിരുന്നില്ല. ചുരുക്കത്തില്‍ യുഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമായി. പിന്നീടാണ് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നീങ്ങാന്‍ അന്‍വര്‍ തീരുമാനിച്ചത്.

Tags:    

Similar News