പിവി അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടി; വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്ത്? നിയമസഭ തല്ലിപ്പൊളിച്ചവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമരം ചെയ്തവരെ വേട്ടയാടുന്നുവെന്ന് വിഡി സതീശന്‍; സുധാകരനും ചെന്നിത്തലയ്ക്കും പിന്നാലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗും; അന്‍വറിന് വേണ്ടി കൂടുതല്‍ പേര്‍
തിരുവനന്തപുരം: പി.വി അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടിയെന്ന അഭിപ്രായവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും. മുസ്ലീം ലീഗും സതീശന്റെ അറസ്റ്റിനെ ചോദ്യം ചെയ്തു. ഇതോടെ യുഡിഎഫ് ഒന്നടങ്കം വിഷയത്തില്‍ അന്‍വറിന് അനുകൂലമാകുകയാണ്. ഇന്നലെ തന്നെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അന്‍വറിന്റെ അറസ്റ്റിനെ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ പ്രതിപക്ഷ നേതാവും ലീഗും മൗനത്തിലായിരുന്നു. രാവിലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സതീശനും ലീഗും അന്‍വറിനെ പിന്തുണയ്ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളൊന്നും പാഴാക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ നല്‍കുന്നത്.
നിലമ്പൂര്‍ വനംവകുപ്പ് ഓഫീസ് അടിച്ച് തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ പി.വി. അന്‍വര്‍ എംഎല്‍എയെ ജയിലില്‍ അടച്ചിരുന്നു. തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടി അന്‍വറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. 14 ദിവസത്തേക്കാണ് അന്‍വറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 11 പ്രതികളുള്ള കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. കൃതൃനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് അന്‍വറിനെതിരേ ചുമത്തിയിരിക്കുന്നത്. ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനെ യുഡിഎഫ് ഒന്നടങ്കം എതിര്‍ക്കും. ഫലത്തില്‍ അന്‍വറിന് വേണ്ടി യുഡിഎഫ് നടത്തുന്ന യോജിച്ച പ്രതിഷേധമാണ് ഈ സംഭവത്തിലേത്.
അന്‍വറിന്റെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരന്‍ ചോദിച്ചു. അന്‍വറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്നാല്‍ ഇന്നലെ രാത്രി സതീശനും മുസ്ലീം ലീഗും പ്രതികരിച്ചില്ല. കൂട്ടയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതിപക്ഷ നേതാവും ലീഗും അന്‍വറിന് വേണ്ടി രംഗത്തു വന്നതെന്നാണ് സൂചന. ഇതില്‍ ചെന്നിത്തലയുടെ നിലപാട് നിര്‍ണ്ണായകമായെന്നും സൂചനയുണ്ട്.
പി.വി. അന്‍വര്‍ എം.എല്‍.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് വിഡി സതീശന്‍ പറയുന്നു. ഇതിന് പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് നോട്ടീസ് നല്‍കിയാല്‍ ഹാജരാകുന്ന ആളാണ് ജനപ്രതിനിധിയായ പി.വി അന്‍വര്‍. അതിന് പകരം രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എം.എല്‍.എയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിലും വനനിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കില്‍ ഇനിയും ശക്തമായ സമരങ്ങളുണ്ടാകുമെന്നും സതീശന്‍ വിശദീകരിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതേ രീതിയില്‍ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ജനകീയ സമരങ്ങളുടെ പേരില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരെയും സമാനരീതിയില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ കേസില്ല. വിദ്യാര്‍ഥി യുവജന നേതാക്കളുടെ തലതല്ലിപ്പൊളിച്ച ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ കേസെടുത്തില്ല. 'രക്ഷാപ്രവര്‍ത്തനത്തിന്' ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയും കുറ്റവിമുക്തന്‍. ഇരട്ട നീതി കേരളത്തിന് ഭൂക്ഷണമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.
അന്‍വറിന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തു വന്നു. വന്‍ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണെന്നും അന്‍വര്‍ ഉയര്‍ത്തിയത് മലയോര മേഖലയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധമാണ് നടന്നത്. വന നിയമ ഭേദഗതിയെ നിയമസഭയില്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതം ദുസഹമാക്കുന്നതാണ് വന നിയമ ഭേദഗതി. ജനങ്ങളെ ആന കൊല്ലുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്. ഇതിനെ പറ്റി ഗൗരവകരമായ ചര്‍ച്ച പോലും നടക്കുന്നില്ല. വന നിയമത്തിനെതിരായ പ്രക്ഷോഭം മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. ഇതാണ് അന്‍വറും ഉന്നയിച്ചത്. ഒരു വലിയ ക്രൂര കൃത്യത്തെ നേരിടുന്ന പോലെയാണ് പോലീസ് അന്‍വറിനെ നേരിട്ടത്. പക്ഷപാതപരമായ സമീപനം ഉണ്ടായി. അന്‍വറിനോടുള്ള നയം യുഡിഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിലും വലിയ കസേര ചുമന്നുകൊണ്ട് പോയി തല്ലി പൊളിക്കുന്നത് ജനങ്ങള്‍ കണ്ടിട്ടുണ്ട്. വനനിയമ ഭേദഗതി നിയമസഭയില്‍ എതിര്‍ക്കും. അന്‍വറിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരു ജനപ്രതിനിധിയെ മാന്യമായി അറസ്റ്റ് ചെയ്യാനുള്ള മര്യാദ പോലും സര്‍ക്കാര്‍ കാണിച്ചില്ലെന്ന് ലീഗ് നേതാവ് കെഎം ഷാജിയും പറഞ്ഞു. കേരളത്തിലേത് അധികാര ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ്. കേരളത്തിലെ അതീവ ന്യൂനപക്ഷമായ ഒരു വിഭാഗത്തിലെ ആളാണ് മരിച്ചതെന്നത് ഗൗരവകരം. അവിടുത്തെ ജനപ്രതിനിധിയെ ആ വിഷയത്തില്‍ പ്രതികരിച്ചതിനാണ് അറസ്റ്റ് ചെയ്തത്. നിയമസഭ അടിച്ച് തകര്‍ത്തവര്‍ മന്ത്രിമാരായ സംസ്ഥാനമാണിത്. ഒന്നുകില്‍ കീഴ്വഴങ്ങുക അല്ലെങ്കില്‍ തൊട്ടിലാട്ടി വീട്ടില്‍ ഇരിക്കുക എന്നതാണ് സി പി എം നയം. നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎമ്മും കാട്ടില്‍ ഇറങ്ങിയാല്‍ ആനയും കൊല്ലുമെന്ന സ്ഥിതിയാണ്. അന്‍വറിന്റെ അറസ്റ്റ് ചര്‍ച്ചയാവണം. അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നത്തിനും അന്‍വറിനും കിട്ടേണ്ട ജനാധിപത്യ മര്യാദകള്‍ക്കും പിന്തുണയെന്നും ഷാജി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് അന്‍വര്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. ജാമ്യ ഹര്‍ജിയുമായി തിങ്കളാഴ്ച തന്നെ കോടതിയെ സമീപിക്കാനാണ് അന്‍വറിന്റെ തിരുമാനം. ഞായറാഴ്ച രാവിലെ 11.45 ഓടെയായിരുന്നു കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിലുള്ള ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. അന്‍വറിന്റെ പ്രസംഗത്തിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമായി. ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്തു. വൈകിട്ട് ആറ് മണിയോടെ പൊലീസ് നടപടി ആരംഭിച്ചു. കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയായി 11 പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.