നിലമ്പൂരില്‍ മത്സരിക്കില്ല; യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് നിരുപാധിക പിന്തുണയെന്ന് പറയുമ്പോഴും ഉപാധി; ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം; പിണറായി സര്‍ക്കാരിനുള്ള അവസാന ആണി തറയ്ക്കലായി നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് മാറണം; ഇനി പിണറായിസത്തിന് 442 ദിവസം; മറുനാടന് ചെസ്റ്റ് നമ്പര്‍ ഇട്ട അന്‍വര്‍ 2025ല്‍ പ്രഖ്യാപിക്കുന്നത് പിണറായിസത്തിനുള്ള കൗണ്ട് ഡൗണ്‍; അന്‍വറിന്റെ ലക്ഷ്യം യുഡിഎഫ് പ്രവേശനം

Update: 2025-01-13 05:18 GMT

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. യുഡിഎഫിനായി കോണ്‍ഗ്രസ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. അത് നിരുപാധിക പിന്തുണയാകുമെന്നും അന്‍വര്‍ അറിയിച്ചു. മലയോരത്തിന്റെ നേതാവെന്ന നിലയില്‍ വിഎസ് ജോയിയെ നിലമ്പൂരില്‍ മത്സരിപ്പിക്കണമെന്നും അന്‍വര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. നിലമ്പൂരിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് വേണ്ടിയാണ് താന്‍ ഇതെല്ലാം പറയുന്നതെന്നും അന്‍വര്‍ പറയുന്നു. ഇതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അരോപണങ്ങളില്‍ മാപ്പും പറഞ്ഞു. ഇതോടെ യുഡിഎഫിനൊപ്പം ചേരാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും വ്യക്തമായി. ആര്യാടന്‍ ഷൗക്കത്തിനോട് താല്‍പ്പര്യമില്ലെന്ന സൂചനകളും നല്‍കി. കഥയെഴുതി നടക്കുന്ന ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ കാണാറില്ലെന്നും അന്‍വര്‍ പറഞ്ഞു വച്ചു.

നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം പി.വി അന്‍വര്‍ രാജിവെച്ചത് വ്യക്തമായ സന്ദേശം നല്‍കിയാണ്. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അന്‍വര്‍ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തി. പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേര്‍പെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. 2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചു. ഇതോടെ നിലമ്പൂരാന്‍ എന്ന പേരും കിട്ടി. ഈ വ്യക്തിയാണ് അടുത്ത തവണ നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പറഞ്ഞു വയ്ക്കുന്നത്.

നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പറയുന്ന അന്‍വര്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് നിരുപാധിക പിന്തുണയെന്ന് പ്രഖ്യാപിക്കുന്നു. അപ്പോഴും ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ വെട്ടിലാക്കുകയാണ്. പിണറായി സര്‍ക്കാരിനുള്ള അവസാന ആണി തറയ്ക്കലായി നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് മാറണമെന്നും ഇനി പിണറായിസത്തിന് 442 ദിവസം മാത്രമാണുള്ളതെന്നും അന്‍വര്‍ പറയുന്നു. 2023ല്‍ മറുനാടന് ചെസ്റ്റ് നമ്പര്‍ ഇട്ട അന്‍വര്‍ 2025ല്‍ പ്രഖ്യാപിക്കുന്നത് പിണറായിസത്തിനുള്ള കൗണ്ട് ഡൗണായിരുന്നു. അന്‍വറിന്റെ ലക്ഷ്യം യുഡിഎഫ് പ്രവേശനമെന്ന് വ്യക്തമാണ്. നിരുപാധിക പിന്തുണയെന്ന് പറയുമ്പോഴും അന്‍വര്‍ പറയുന്നത് ജോയി സ്ഥാനാര്‍ത്ഥിയാകണമെന്ന് കൂടിയാണ്. ഇതിലൂടെ ഉപാധി വയ്ക്കുകയാണ് അന്‍വര്‍. താന്‍ ഒഴിഞ്ഞ സീറ്റാണ് നിലമ്പൂര്‍. അതുകൊണ്ട് തനിക്ക് അഭിപ്രായം പറയാന്‍ കഴിയുമെന്നും അന്‍വര്‍ പറയുന്നു. ഇതിനോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്. ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ ജയിക്കുക ബുദ്ധിമുട്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2014-ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019-ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് ശേഷമാണ് ഇടതുപക്ഷത്തേക്ക് എത്തിയത്. പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍ പറയുന്നു. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനൊപ്പമാണ് നിലമ്പൂരില്‍ മത്സരിക്കുന്നില്ലെന്നും പറഞ്ഞു വയ്ക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. തന്നെ നിയമസഭയിലെത്തിച്ച ഇടതുമുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും സ്പീക്കര്‍ക്ക് രാജി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. പതിനൊന്നാം തീയതി തന്നെ ഓണ്‍ലൈനായി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എംഎല്‍എ സ്ഥാനംരാജിവയ്ക്കുമ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി രാജിക്കത്ത് കൊടുക്കണമെന്നാണ് നിയമം. ഇന്ന് നേരിട്ടെത്തി രാജി നല്‍കുകയും ചെയ്തു. രാജി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ 11-ാം തീയതി തന്നെ സ്പീക്കര്‍ക്ക് ഇ-മെയിലൂടെ രാജി അയച്ചു. സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് രാജി സമര്‍പ്പിക്കണമെന്ന് ആക്ടില്‍ പറയുന്നുണ്ട്. നേരിട്ട് അയക്കാന്‍ സാഹചര്യം ഇല്ലായിരുന്നു. ഇന്ന് നേരിട്ട് സമര്‍പ്പിച്ചു. രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കാണ്. രാജി സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്, അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. രാജിവെക്കുക എന്ന ഉദ്ദേശത്തോടെയല്ല കൊല്‍ക്കത്തയിലേക്ക് പോയത്. അവിടെ പോയി ടിഎംസി നേതാക്കളോട് സംസാരിക്കുകയും മമതാ ബാനര്‍ജിയുമായി വീഡിയോ കോണ്‍ഫറന്‍ വഴി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കാര്യങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയിലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന വലിയ പ്രശ്നമായ വന്യജീവിആക്രമണം വിഷയം അവരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നും പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല ചെയ്യപ്പെടുകയാണെന്നും അതില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും അന്‍വര്‍ പറഞ്ഞു.പാര്‍ട്ടിയുമായി സഹകരിച്ച് പോകാമെങ്കില്‍ ഈ വിഷയം സംസാരിക്കാമെന്നും ഇന്ത്യ മുന്നണി ഈ വിഷയം ഉന്നയിക്കുമെന്നും ഉറപ്പ് നല്‍കി. വന്യജീവികളെ നിയന്ത്രിക്കാന്‍ പദ്ധതി തയാറാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്നും അവര്‍ പറഞ്ഞതായി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News