രാഹുല്‍ ഗാന്ധി ഉന്നയിച്ച 'വോട്ട് ചോരി' ആരോപണം ഗണശക്തിയില്‍ മുഖ്യവാര്‍ത്ത; എം സ്വരാജ് റെസിഡന്റ് എഡിറ്ററായ ദേശാഭിമാനിയില്‍ അപ്രധാന വാര്‍ത്തയും; രാഹുലിന്റെ 'ഡിജിറ്റല്‍ വാര്‍ത്താ സമ്മേളന'ത്തില്‍ സിപിഎം നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല; കേരളത്തില്‍ സിപിഎമ്മിന് നേര്‍ക്ക് കോണ്‍ഗ്രസ് മുമ്പുയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കരുതലെടുത്തു പാര്‍ട്ടി

രാഹുല്‍ ഗാന്ധി ഉന്നയിച്ച 'വോട്ട് ചോരി' ആരോപണം ഗണശക്തിയില്‍ മുഖ്യവാര്‍ത്ത

Update: 2025-08-08 08:47 GMT

തിരുവനന്തപുരം: വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട കണ്ടെത്തലുകള്‍ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടക്കം സംസ്ഥാനത്തു പലയിടത്തും കോണ്‍ഗ്രസ് സി.പി.എമ്മിനെതിരെ ആരോപിച്ച രീതിയിലുള്ള വിഷയങ്ങള്‍ തന്നെയാണ് മഹാരാഷ്ട്രയിലും കര്‍ണാടകയിലും നടന്നതെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത ബംഗാളില്‍ സി.പി.എം മുഖപത്രമായ ഗണശക്തിയില്‍ ഒന്നാംപേജില്‍ പ്രധാനവാര്‍ത്തയായപ്പോള്‍ കേരളത്തില്‍ ദേശാഭിമാനിയില്‍ ഒന്നാംപേജ് വാര്‍ത്ത തീരുവ വര്‍ധനയാണ്.

മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരുണ്ടായിരുന്നെന്നും അവിടെ അസാധാരണ പോളിങ്ങാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അഞ്ചുമണി കഴിഞ്ഞപ്പോഴാണ് പോളിങ് പലയിടത്തും കുതിച്ചുയര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പലയിടത്തും ലഭ്യമായില്ല. 40,009 തെറ്റായ മേല്‍വിലാസങ്ങള്‍ കോണ്‍ഗ്രസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അടൂര്‍ പ്രകാശും സി.പി.എമ്മിനെതിരെ സമാനമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

കേരളത്തില്‍ വിവിധ ജില്ലകളില്‍ സി.പി.എമ്മിന് പലപ്പോഴായി നേരിടേണ്ടിവന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ബി.ജെ.പിക്കു നേരെ ഉന്നയിച്ചത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ രാഹുലിനെ അനുകൂലിക്കാന്‍ സി.പി.എം മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. വിശദീകരണയോഗങ്ങളില്‍ ബി.ജെ.പിയുടെ തട്ടിപ്പായി ഉയര്‍ത്തിക്കാണിക്കാമെങ്കിലും കോണ്‍ഗ്രസിനെ അനുകൂലിക്കാനാകില്ലെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്.

ഭരണം നഷ്ടമായ ബംഗാളിലെ സി.പി.എം മുഖപത്രമായ ഗണശക്തിയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമടക്കം ഒന്നാംപേജില്‍ പ്രധാനവാര്‍ത്തയാണ് വോട്ടുതട്ടിപ്പ്. എന്നാല്‍, കേരളത്തില്‍ ദേശാഭിമാനിയില്‍ ഒന്നാംപേജിലെ പ്രധാനവാര്‍ത്ത തീരുവ വര്‍ധനയെത്തുടര്‍ന്ന് ട്രംപിനെതിരെ സി.പി.എം തെരുവില്‍ പ്രതിഷേധിക്കുമെന്നതാണ്. അതേസമയം സിപിഎം ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നതായി മുതിര്‍ന്ന നേതാക്കലും പ്രതികിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. ബാബുരാജ് കൃഷ്ണന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചുവടേ:

രാജ്യത്തെയല്ല, ലോകത്തെ ഞെട്ടിച്ച വാര്‍ത്താ സമ്മേളനമാണ് ഇന്നലെ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടത്തിയത്. പവര്‍ പോയിന്റ് പ്രെസന്റെഷനോടെ ഇതു പോലൊരു വാര്‍ത്താ സമ്മേളനം ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ നേതാവ് നടത്തിയതായി ഓര്‍മ്മയില്ല. ഇന്നിറങ്ങിയ ദേശീയ - പ്രാദേശിക പത്രങ്ങളില്‍ മിക്കതിലും ജനാധിപത്യത്തിന്റെ കൊലയും വോട്ടു മോഷണവുമാണ് പ്രധാന വാര്‍ത്ത. കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളില്‍ ഇതു പ്രധാന വാര്‍ത്ത ആക്കാത്തതു രണ്ടു പത്രങ്ങള്‍ മാത്രം. ദേശാഭിമാനിയും ജന്മഭൂമിയും.

ദേശാഭിമാനി പ്രചാരത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ പത്രമാണ്. ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തിട്ടുണ്ടെങ്കിലും അതു അപ്രധാനമായാണ്. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എന്തോ ഒരു ആരോപണം ഉന്നയിച്ചു എന്നു നിസ്സാര മട്ടില്‍ ഒരു വാര്‍ത്ത. നാലു പതിറ്റാണ്ട് പത്രത്തില്‍ ജോലി ചെയ്ത ആളെന്ന നിലയ്ക്ക് ഒരു വാര്‍ത്തയെ അതിന്റെ അവതരണത്തിലൂടെ എങ്ങിനെ വലുതാക്കാം, എങ്ങിനെ കൊല്ലാം എന്നു നന്നായറിയാം.

ഇതേസമയം, പശ്ചിമ ബംഗാളില്‍ സിപിഎം മുഖപത്രമായ ഗണശക്തിക്കു അതു പ്രധാന വാര്‍ത്തയാണ്. ഇന്ത്യ മുന്നണിയില്‍ അംഗം എന്ന നിലയ്ക്ക് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, ഇന്നലെ രാഹുല്‍ഗാന്ധി ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് വേണ്ടി നടത്തിയ ബ്രീഫിങ്ങില്‍ പങ്കെടുത്തിട്ടുമുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യ ശത്രു ആണെങ്കിലും വാളയാര്‍ ചുരം കഴിഞ്ഞാല്‍ സിപിഎമ്മും കോണ്‍ഗ്രസും ഭായി ഭായി ആണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് രണ്ടു അംഗങ്ങളെ ജയിപ്പിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ പിന്തുണയിലാണ്.

ബിജെപി മുഖപത്രമായ ജന്മഭൂമിക്ക് ഈ വാര്‍ത്ത തമസ്‌കരിക്കേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

മോദി മൂന്നാം തവണ ഭരണത്തില്‍ വന്നതും ഫഡ്‌നാവിസ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആയതും തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നില്‍ നിര്‍ത്തി വോട്ടു കൊള്ളയടിച്ചിട്ടാണെന്നാണ് രാഹുല്‍ഗാന്ധി സമര്‍ഥിച്ചത്. രാജ്യത്തെ ജനാധിപത്യത്തെ കൊല്ലാകൊല ചെയ്യുന്ന ഈ വാര്‍ത്ത ദേശാഭിമാനിക്കു എന്തു കൊണ്ടാണ് അപ്രധാനമായിപ്പോയത്? വെറും ഒരു ആരോപണം എന്ന നിലയ്ക്ക് ഈ വാര്‍ത്തയ്ക്കു തലക്കെട്ട് നല്‍കിയതിനു പിന്നിലെ ചേതോവികാരം എന്താണ്? രാഷ്ട്രീയ വിഷയങ്ങളില്‍ അവഗാഹമുള്ള, ബിജെപി ജനാധിപത്യത്തെ തകര്‍ക്കുന്നു എന്നു സത്യാനന്തരത്തില്‍ ഓര്‍മിപ്പിക്കാറുള്ള എം സ്വരാജ് റെസിഡന്റ് എഡിറ്ററായ ദേശാഭിമാനി എന്തു കൊണ്ടു ഗണശക്തി കാണിച്ച രാഷ്ട്രീയ ബോധമോ പ്രൊഫഷണലിസമോ കാണിക്കാതെ പോയി?

ചീഫ് എഡിറ്ററായ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷ്‌ക്കും ഈ ചോദ്യത്തിന് ഒരുത്തരം ഉണ്ടാകേണ്ടതാണ്.

Tags:    

Similar News