നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍ നിന്ന് തനിക്ക് ജീവന് ഭീഷണി; തന്റെ മുത്തശിയുടെ അതേവിധിയായിരിക്കും തനിക്കും സംഭവിക്കുക എന്നുചിലര്‍ ഭീഷണി മുഴക്കി; സവര്‍ക്കര്‍ കേസില്‍ പൂനെ കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ പരാതി

രാഹുല്‍ ഗാന്ധിയുടെ പരാതി

Update: 2025-08-13 15:22 GMT

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാതി. തന്റെ മുത്തശി ഇന്ദിര ഗാന്ധിയുടെ അതേ വിധിയായിരിക്കും തനിക്കും സംഭവിക്കുക എന്ന് ചില ബിജെപി എംപിമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് എംപി പൂനെ കോടതിയില്‍ ബോധിപ്പിച്ചു.

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളുടെയും സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെയും പേരില്‍ നാഥുറാം ഗോഡ്സെയുടെ പിന്‍ഗാമികളില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്നാണ് പരാതി. സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്പക്ഷതയെയും സംബന്ധിച്ച് തനിക്കുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കി.

അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേനയാണ് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ പരാതിക്കാരന്‍ സത്യകി സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് രാഹുല്‍ ഗാന്ധി അപേക്ഷയില്‍ പറയുന്നു. പരാതിക്കാരന്റെ കുടുംബ പരമ്പരയ്ക്ക് അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് നടന്നതെന്നും രാഹുല്‍ അപേക്ഷയില്‍ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു.

Tags:    

Similar News