ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവര്‍ കാണേണ്ടതുകാണും, കേള്‍ക്കേണ്ടത് കേള്‍ക്കും; യുഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; പത്തനംതിട്ടയില്‍ രാഹുലിന്റെ ഒരുവിശ്വസ്തന് ജയവും മറ്റൊരു വിശ്വസ്തന് തോല്‍വിയും; വോട്ടു ചെയ്ത പാലക്കാട് കുന്നത്തൂര്‍മേഡ് നോര്‍ത്തില്‍ കോണ്‍ഗ്രസിന് ജയം

ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവര്‍ കാണേണ്ടതുകാണും, കേള്‍ക്കേണ്ടത് കേള്‍ക്കും

Update: 2025-12-13 09:58 GMT

അടൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം രാഷ്ട്രീയ ശ്രദ്ധ നേടുന്നു. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്തതിന് പിന്നാലെയാണ് എംഎല്‍എയുടെ പോസ്റ്റ്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. 'ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് കേള്‍ക്കുക തന്നെ ചെയ്യും, എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും,' എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

രണ്ടു കേസുകളിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, 15 ദിവസം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഡിസംബര്‍ 11-ന് രണ്ടാംഘട്ട വോട്ടെടുപ്പില്‍ പാലക്കാട്ടെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം 'തനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന്' വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലും, അദ്ദേഹത്തിന് സ്വാധീനമുള്ള ചില വാര്‍ഡുകളില്‍ യുഡിഎഫിന് വിജയം നേടാനായി. പാലക്കാട് കുന്നത്തൂര്‍മേഡ് നോര്‍ത്തില്‍ കോണ്‍ഗ്രസ് ജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി എം പ്രശോഭ് ജയിച്ചു. 8 വോട്ടിനാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ജയിച്ചത്.

പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം.

എന്നാല്‍, ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന രാഹുലിന്റെ മറ്റൊരു വിശ്വസ്തനായ ഫെന്നി നൈനാന്‍ അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സീറ്റ് ബിജെപി നിലനിര്‍ത്തി. അതേസമയം, പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് അധികാരം ഉറപ്പിച്ചു. നഗരസഭയിലെ 16-ാം വാര്‍ഡില്‍ നിലവിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെ തോല്‍പിച്ച് കോണ്‍ഗ്രസ് വിമതന്‍ ബിബിന്‍ ബേബി വിജയിച്ചു.

Tags:    

Similar News