രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എ ഗ്രൂപ്പില്‍ അതൃപ്തിയെന്ന പേരില്‍ വിവാദം; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ഥിച്ച് രാഹുല്‍; ചാണ്ടി ഉമ്മന്‍ എതിര്‍ത്തെന്ന പ്രചാരണം വാസ്തവവിരുദ്ധം; രാഹുലുമായി തര്‍ക്കമില്ലെന്ന് ചാണ്ടി ഉമ്മനും

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ഥിച്ച് രാഹുല്‍

Update: 2024-10-17 11:04 GMT

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ മകന്‍ ചാണ്ടി ഉമ്മന്‍ അനുമതി നല്‍കിയില്ല എന്ന വിവാദത്തിന് അറുതി വരുത്തി കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ചു. പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തര്‍ക്കം സഹിക്കാനാവുന്നില്ലെന്ന് ഡല്‍ഹിയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിക്കുകയും ചെയ്തു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എ ഗ്രൂപ്പില്‍ അതൃപ്തിയെന്നും, ഉമ്മന്‍ ചാണ്ടിയുടെ സ്മൃതികുടീരം സന്ദര്‍ശിക്കാന്‍ ചാണ്ടി ഉമ്മന്‍ അനുമതി നിഷേധിച്ചുവെന്നുമാണ് പ്രചരിച്ച വാര്‍ത്ത.

രാവിലെ പുതുപ്പളളി പളളിയിലെത്തിയ ശേഷമായിരുന്നു രാഹുല്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പൂക്കളും മെഴുകുതിരിയുമര്‍പ്പിച്ചത്. പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങും മുമ്പാണ് പുതുപ്പളളിയിലേക്ക് രാഹുലെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, തുടങ്ങി പ്രവര്‍ത്തകരുടെ വന്‍ നിരതന്നെ പുതുപ്പളളിയില്‍ രാഹുലിനെ സ്വീകരിച്ചു.

താന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മന്‍ എതിര്‍ത്തെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നും ഇതു തന്നെയും വേദനിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുതുപ്പളളി ഹൗസില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു.

പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തര്‍ക്കം സഹിക്കാനാവുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍

അതേസമയം, വിവാദങ്ങളില്‍ ശക്തമായ വിമര്‍ശനവുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി. തന്റെ ഡല്‍ഹി യാത്ര നേരത്തെ നിശ്ചയിച്ചതാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലുമായി യാതൊരു തര്‍ക്കവുമില്ലെന്നും കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ താന്‍ എങ്ങനെയാണ് ബഹിഷ്‌കരിക്കുകയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇന്ന് ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാമെന്നത് നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍, തന്റെ ഷെഡ്യൂളില്‍ മാറ്റം വന്നു. ഇനിയും ഉമ്മന്‍ചാണ്ടിയുടെ കല്ലറ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണം. മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്. പലതും പരിധി ലംഘിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പാലക്കാടും വയനാടും ഉറപ്പായ സീറ്റുകളാണ്. എന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ ഞാന്‍ എങ്ങനെ ബഹിഷ്‌കരിക്കാനാണ്? രാഹുലുമായി ഒരു തര്‍ക്കവുമില്ല. രണ്ടു ദിവസം മുന്‍പ് രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയില്‍ കാണാമെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ഷെഡ്യൂളില്‍ മാറ്റം വന്നു. ഇന്നും നാളെയും ഡല്‍ഹിയില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തര്‍ക്കം സഹിക്കാനാവുന്നില്ല. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആര്‍ക്കും എപ്പോഴും സന്ദര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സരിന് തെറ്റുപറ്റിയെന്നും ചാണ്ടി ചൂണ്ടിക്കാട്ടി. സരിന്‍ തെറ്റുതിരുത്തണം. പാര്‍ട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്റീച്ച് ചുമതലയില്‍നിന്നു മാറ്റിയിരുന്നു. അപ്പോഴും പാര്‍ട്ടിയാണ് വലുതെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ നിലപാട് ഒരു തരത്തിലും ബാധിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News