ഭാരവാഹികളില്‍ പകുതിയോളം പുതുമുഖങ്ങളാകും; എം.ടി.രമേശിനും ശോഭ സുരേന്ദ്രനും നിര്‍ണായക റോളുകള്‍ നല്‍കും; രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചതിലൂടെ ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത് സമ്പൂര്‍ണ മുഖം മിനുക്കല്‍; ആര്‍എസ്എസിനെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകും; ഇന്ന് ചുമതലേയല്‍ക്കുന്ന രാജീവിന് മുന്നില്‍ വെല്ലുവിളികളേറെ

ഭാരവാഹികളില്‍ പകുതിയോളം പുതുമുഖങ്ങളാകും

Update: 2025-03-24 01:51 GMT

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിച്ച ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത് സമ്പൂര്‍ണ അഴിച്ചു പണിയാണ്. പാര്‍ട്ടിയുടെ മുഖം മിനുക്കല്‍ നേട്ടമാകുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ഇന്നാണ് ഔദ്യോഗികമായ പ്രഖ്യാപനം വരുന്നത്. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് പ്രസ്താവന നടത്തുക. സംസ്ഥാന ബിജെപി ഭാരവാഹികളെയും നേതൃയോഗത്തില്‍ തീരുമാനിച്ചേക്കും. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

അഞ്ചു വര്‍ഷം ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിന്റെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം കോര്‍ കമ്മിറ്റി അംഗീകരിച്ചതിന് പിന്നാലെ, രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ രണ്ട് സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും ചടങ്ങില്‍ പങ്കെടുത്തു. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിരുന്നു.

രാജീവ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു പിന്നാലെ ബിജെപി സംസ്ഥാന ഭാരവാഹി നിരയില്‍ പകുതിയോളം പേര്‍ പുതുതായെത്തുമെന്നാണ് സൂചന. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പരമാവധി ഉള്‍ക്കൊണ്ടുപോകണമെന്ന നിര്‍ദേശമാണു രാജീവ് ചന്ദ്രശേഖറിനു നല്‍കിയിട്ടുള്ളത്. മുതിര്‍ന്ന നേതാക്കളായ എം.ടി.രമേശിനും ശോഭ സുരേന്ദ്രനും കൂടുതല്‍ പരിഗണന നല്‍കിയേക്കും. വി.മുരളീധരന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാകുമെന്ന സൂചനയുമുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ പദവി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്.

സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കും പുതിയ ആളെ ആര്‍എസ്എസ് നിയോഗിക്കും. എ ജയകുമാറിന് സാധ്യതകളുണ്ട്. രാജീവ് ചന്ദ്രശേഖറിന് താഴേത്തട്ടില്‍ വിപുലമായ രാഷ്ട്രീയ പരിചയം ഇല്ലെങ്കിലും, വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം ഒരു തലപ്പൊക്കമുള്ള നേതാവായി പ്രവര്‍ത്തിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനായാണ് സംഘടനാ സെക്രട്ടറിയെ നിയോഗിക്കുന്നത്.

ജൂണില്‍ സംസ്ഥാനത്തെ ആര്‍എസ്എസ് പ്രചാരകരുടെ വാര്‍ഷികയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കര്‍ണാടകയില്‍ പരീക്ഷിച്ചു വിജയം കണ്ടതുപോലെ കേരളത്തിലും 30 സംഘടനാ ജില്ലകള്‍ രൂപീകരിച്ച് പുതിയ പരീക്ഷണത്തിനും ബിജെപി തുടക്കംകുറിച്ചിരുന്നു. ജില്ലാ ഭാരവാഹി പട്ടികയുണ്ടാക്കുന്നത് സംസ്ഥാന പ്രസിഡന്റിനോടു കൂടി ആലോചിച്ചാകണമെന്നതിനാല്‍ ആദ്യം അതിലേക്കായിരിക്കും രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധ. ഇതിനോടൊപ്പം സംസ്ഥാന ഭാരവാഹികളെയും നിശ്ചയിക്കുമെന്നാണു വിവരം.

രാജീവിന് മുന്നില്‍ നിലവിലുള്ള പ്രധാന വെല്ലുവിളി തദ്ദേശ തിരഞ്ഞെടുപ്പും അതിന് തുടര്‍ച്ചയായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഈ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുന്നതിനൊപ്പം പാര്‍ട്ടി നേതാക്കളെ ഒരുമിച്ചു കൊണ്ടുപോകേണ്ട ചുമതലയും രാജീവിനുണ്ട്. സാങ്കേതിക വിദ്യയില്‍ വിശ്വസിക്കുന്ന രാജീവ് അടുക്കും ചിട്ടയോടും കൂടി സംഘടനയെ മുന്നോട്ടു നയിക്കുമെന്നാണ് സൂചനകള്‍.

റിട്ട. എയര്‍ കമഡോര്‍ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലിയമ്മയുടെയും മകനാണു രാജീവ് ചന്ദ്രശേഖര്‍. തൃശൂര്‍ സെന്റ് പോള്‍സ് കോണ്‍വന്റ് സ്‌കൂളിലും ബെംഗളൂരുവിലെ കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു വിദ്യാഭ്യാസം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം യുഎസില്‍ ഇലിനോയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് എടുത്തു. ഹാര്‍വഡ് ബിസിനസ് സ്‌കൂള്‍, സ്റ്റാന്‍ഫഡ്, ഇന്റല്‍ എന്നിവിടങ്ങളില്‍നിന്ന് മാനേജ്‌മെന്റ്, ടെക്‌നോളജി പ്രോഗ്രാമുകളില്‍ പരിശീലനവും നേടി. 1988 മുതല്‍ 1991 വരെ 'ഇന്റലി'ല്‍ ജോലിചെയ്തു. തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങി ബിപിഎല്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 1994ല്‍ ബിപിഎല്‍ മൊബൈല്‍ തുടങ്ങി. സാങ്കേതികവിദ്യ, മാധ്യമ, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിലായി നിക്ഷേപങ്ങളുള്ള സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ സ്ഥാപിച്ചു.

കര്‍ണാടകയില്‍നിന്നു 3 തവണ രാജ്യസഭയിലെത്തി. 2021 മുതല്‍ 2024 വരെ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌കില്‍ ഡവലപ്‌മെന്റ്, ഒന്‍ട്രപ്രനര്‍ഷിപ്, ജലശക്തി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ബിപിഎല്‍ ഗ്രൂപ്പ് സ്ഥാപകനായ ടി.പി.ജി. നമ്പ്യാരുടെ മകള്‍ അഞ്ജുവാണു ഭാര്യ. മക്കള്‍: വേദ്, ദേവിക.

Tags:    

Similar News