രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും; രണ്ടു മണിക്ക് മുന്‍ കേന്ദ്രമന്ത്രി നാമനിര്‍ദ്ദേശ പത്രിക നല്‍കും; ഗ്രൂപ്പിസം തകര്‍ക്കാന്‍ നിര്‍ണ്ണായക തീരുമാനം; കോര്‍ കമ്മറ്റിയില്‍ ആരും എതിര്‍ത്തില്ല; രാജീവിന് നിര്‍ണ്ണായകമായത് മോദി-അമിത് ഷാ ടീമിന്റെ തീരുമാനം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ നിര്‍ദ്ദേശിച്ച് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന കോര്‍ കമ്മറ്റിയിലാണ് നിലപാട് പ്രഖ്യാപനം. കോര്‍ കമ്മറ്റിയും തീരുമാനം അംഗീകരിച്ചു. കേരളത്തിലെ ബിജെപിയില്‍ അടിമുടി മാറ്റമാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയാണ് മുന്‍ കേന്ദ്രമന്ത്രിയെ പരീക്ഷിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പിസം സജീവമാണ്. വി മുരളീധരനും പികെ കൃഷ്ണദാസും രണ്ടു പക്ഷമായി നില്‍ക്കുന്നു. ഇതിനൊപ്പം കെ സുരേന്ദ്രന്‍ ഗ്രൂപ്പും പുതുതായി ഉണ്ടായി. ശോഭാ സുരേന്ദ്രനും ഒറ്റയാനായി ഉണ്ട്. അതുകൊണ്ട് തന്നെ ഈ സമവാക്യത്തിന് അപ്പുറത്ത് നിന്നൊരാളെ പരീക്ഷിക്കുകയാണ് ബിജെപി. രാജീവ് ചന്ദ്രശേഖറിന് നേതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്ന സൂചന നേരത്തെ ദേശീയ നേതൃത്വം നല്‍കിയിരുന്നു. ഓസ്‌ട്രേലിയയിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന യാത്രാ പരിപാടി രാജീവ് ചന്ദ്രശേഖര്‍ റദ്ദാക്കിയതും ഈ സാഹചര്യത്തിലാണ്.
കോര്‍ കമ്മറ്റി യോഗത്തില്‍ പ്രകാശ് ജാവദേക്കര്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. നാടകീയതകളൊന്നുമില്ലാതെയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടു മണിയോടെ രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും. രാജീവ് മാത്രമേ പത്രിക നല്‍കൂവെന്നാണ് സൂചന. ആര്‍ എസ് എസും രാജീവിനെ അംഗീകരിച്ചു. വലിയ മാറ്റം നേതൃത്വത്തില്‍ കൊണ്ടു വരാന്‍ രാജീവിലൂടെ കഴിയുമെന്നാണ് ആര്‍ എസ് എസ് പ്രതീക്ഷ. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രാജീവിനൊപ്പം ചേര്‍ന്ന് നില്‍ക്കും. തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ വിറപ്പിക്കുന്ന മത്സരമാണ് രാജീവ് നടത്തിയത്. തോറ്റെങ്കിലും അതിന് ശേഷം തിരുവനന്തപുരത്ത് സജീവമായി. സ്വന്തമായി വീടും വാങ്ങി. ഇതോടെ രാജീവ് തിരുവനന്തപുരത്ത് എത്തുമെന്ന സൂചനകള്‍ സജീവമായിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. കര്‍ണ്ണാടകത്തില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. കര്‍ണ്ണാടകയില്‍ ബിജെപിയുടെ മുഖമായി മാറിയ രാജീവിനെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലേക്ക് രാഷ്ട്രീയ കളരി മാറി. ബിജെപിയിലെ ഗ്രൂപ്പിസം തകര്‍ക്കുകയാണ് കേരളത്തിലെ ദൗത്യത്തിന്റെ പ്രധാന ഉദ്ദേശം.
കോര്‍ കമ്മറ്റിയോഗത്തിന് മുന്നോടിയായി രാജീവ് ചന്ദ്രശേഖറുമായി പ്രകാശ് ജാവദേക്കര്‍ ചര്‍ച്ച നടത്തി. പദവി ഏറ്റെടുക്കാന്‍ സമ്മതിച്ചു. ഇതോടെ നേതാവിന്റെ കാര്യത്തില്‍ തീരുമാനവുമായി. രാജീവിന് നേരത്തെ തന്നെ സൂചനകള്‍ കിട്ടിയിരുന്നു. പക്ഷേ ആരോടും ഒന്നും പറയരുതെന്നും വിശദീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സമഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. നാലുവരി സംസാരിച്ചാല്‍ നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖര്‍. മറ്റെല്ലാപേരും മാറ്റിവച്ച് രാജീവിലേക്ക് പാര്‍ട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്. ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പവര്‍ പോയന്റ് പ്രസന്റേഷനാണ് രാജീവിന്റെ ശൈലി.
കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം. ആ പരീക്ഷണത്തിന്റെ ആദ്യവേദിയായിരുന്നു തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ നേടിയ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐടി ആന്റ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യവികസനത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെഗളൂരിവില്‍. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് കേരളത്തിലെ തായ് വേര്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി. 2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി.
രാജ്യം അറിയുന്ന ബിസിനസുകാരന്റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി.