കോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട; യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യം; തനിക്ക് എല്ലാ സമുദായങ്ങളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല; എന്‍എസ്എസ് വേദിയില്‍ തിളങ്ങിയ നേതാവ് ഇന്ന് സമസ്ത വേദിയില്‍
കോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്;
കോഴിക്കോട്: രമേശ് ചെന്നിത്തല കൂടുതല്‍ സജീവമായി രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. യുഡിഎഫിന് ഭരണം കിട്ടും എന്ന പ്രതീക്ഷയിലായിലാണ് ഇത്തരം ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍, അത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നാണ് ചെന്നിത്തല തന്നെ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്നതാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ഉളളവര്‍ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
തനിക്ക് എല്ലാ സമുദായങ്ങളുമായി നല്ല ബന്ധമാണെന്നും അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ചെന്നിത്തല പറഞ്ഞു. അത് ഇന്നും തുടരുന്നു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രധാനപ്പെട്ട ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് വമ്പിച്ച വിജയം ഉണ്ടാക്കാന്‍ കഴിയണം. താന്‍ കെപിസിസി പ്രസിഡന്റായ കാലത്താണ് 70 ശതമാനം പഞ്ചായത്തുകള്‍ നേടിയത്. അത്തരം വിജയം ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഭരണം പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരുമായി തട്ടിച്ചുനോക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ദുരന്തമാണ്. അതുകൊണ്ട് സര്‍ക്കാരിനെ മാറ്റാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. മറ്റുകാര്യങ്ങള്‍ ഇപ്പോ ചര്‍ച്ചാ വിഷയങ്ങളല്ല. അത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്. പാര്‍ലമെന്റിലുണ്ടായ വിജയം ആവര്‍ത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളെയും വ്യക്തികളെയും ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ്. മതനിഷേധം ഇല്ല. എല്ലാമതങ്ങളുമായും സമുദായങ്ങളുമായി നല്ല ബന്ധമാണ്. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. അതിനെ കുറിച്ച് മറ്റൊരു ചര്‍ച്ച ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി കുട്ടുകൂടിയതും അവരുടെ ഹെഡ് ക്വാട്ടേഴ്സില്‍ പോയി അമീറിനെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇപ്പോള്‍ മാറി നിന്നുകൊണ്ട് കുറ്റം പറയുന്നത് ശരിയല്ല. എല്ലാകാലത്തും എസ്ഡിപിഐ, ജമാഅത്തെ വോട്ടുകള്‍ നേടിയത് അവരാണ്. ഇപ്പോള്‍ സിപിഎം ഹിന്ദുകാര്‍ഡ് പുറത്തെടുക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലീം കാര്‍ഡ് എടുത്ത് പരാജയപ്പെട്ടു. അതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം എന്‍എസഎസ് വേദിയില്‍ താരമായ ചെന്നിത്തല ഇന്ന് സമസ്ത വേദിയിലും സജീവമാകും. ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുക്കുക. എം കെ മുനീര്‍ അധ്യക്ഷനായ 'ഗരീബ് നവാസ് 'എന്ന സെഷന്‍ ചെന്നിത്തല ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡണ്ടായ ജാമിഅഃ നൂരിയയിലേയ്ക്ക് രമേശ് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താല്‍പര്യപ്രകാരമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മഞ്ചേരി ജാമിഅഃ ഇസ്ലാമിയ്യയുടെ വാര്‍ഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വഹിക്കും. ജനുവരി 11നാണ് മഞ്ചേരി ജാമിഅഃ ഇസ്ലാമിയ്യയുടെ 35-ാം വാര്‍ഷിക സമ്മേളനം. എസ്‌കെഎസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സ്ഥാപനമാണ് ജാമിഅഃ ഇസ്ലാമിയ്യ.
കഴിഞ്ഞവര്‍ഷത്തെ ജാമിയഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ വിഡി സതീശന്‍ സമ്മേളന പരിപാടികളില്‍ ഇടം ലഭിച്ചിട്ടില്ല. സമസ്തയുടെ സ്ഥാപനങ്ങളിലേക്കുള്ള കടന്ന് വരവും ലീഗിന്റെ പരോക്ഷ പിന്തുണയും ചെന്നിത്തലയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കരുത്തു പകരുന്നുണ്ട്. മന്നം ജയന്തിയിലേക്ക് എന്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ശിവഗിരി തീര്‍ത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എന്‍ഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു.ചെന്നിത്തല, മുഖ്യമന്ത്രി ചര്‍ച്ച, കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ്