കേരള സ്റ്റോറി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം; ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചു; രേഖ ഗുപ്ത പരാമര്‍ശം പിന്‍വലിക്കണം; ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
കേരള സ്റ്റോറി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റോറി എന്താണെന്നു എല്ലാവര്‍ക്കും അറിയാം. പരാമര്‍ശം രേഖ ഗുപ്ത പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സത്യം പറയാന്‍ ഭയക്കുന്ന കാലമാണെന്നും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലാണെന്നുമുള്ള ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പരാമര്‍ശത്തിനെതിരെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഈ നിലയില്‍ അവര്‍ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി സുധാന്‍ഷു ത്രിവേദിയുടെ പരാമര്‍ശത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാന്‍ഷു ത്രിവേദി എന്തൊക്കെയോ വിളിച്ച് പറഞ്ഞിരിക്കുന്നു. വളരെ തെറ്റായ പ്രചാരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ദി കേരള സ്റ്റോറി എന്ന വിവാദചിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ ഗൗരവതരമായി കാണണമെന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞത്. കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഇതിനെ കുറിച്ച് എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്നും പെണ്‍മക്കളെ രക്ഷിക്കണമെങ്കില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ തയാറാകണമെന്നും രേഖ ഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദി അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ സ്ത്രീകളെ മതപരിവര്‍ത്തനം ചെയ്ത് നാടുകടത്തുന്നതിന്റെ തുറന്നുപറച്ചിലാണ് സുദീപ്‌തോ സെനിന്റെ കേരള സ്റ്റോറി. ഈ ചിത്രം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പെണ്‍കുട്ടികള്‍ക്കായി കൂടുതല്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കണം. മതത്തെയും സംസ്‌കാരത്തെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്. എന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഇതിനെതിരെ ഒരക്ഷരം സംസാരിക്കുന്നില്ലെന്നും രേഖ ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രി, ബിജെപി എം പി സുധാന്‍ഷു ത്രിവേദി, നിര്‍മാതാവും സംവിധായകനുമായ വിപുല്‍ അമൃത് ലാല്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.