ആരോഗ്യ മേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രി; വീണ അടിയന്തരമായി രാജിവെക്കണം; കെട്ടിടം ഇടിഞ്ഞുവീണതു പോലെ ഈ സര്‍ക്കാരും ഇടിഞ്ഞ് വീഴും; സംശയമില്ലെന്ന് രമേശ് ചെന്നിത്തല

ആരോഗ്യ മേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രി

Update: 2025-07-05 12:19 GMT

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യമേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രിയെന്ന് രമേശ് ചെന്നിത്തല. വീണ ജോര്‍ജ് അടിയന്തിരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഈ സര്‍ക്കാരും ഇടിഞ്ഞ് വീഴുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

'സംവിധാനത്തിന്റെ പരാജയമാണെന്ന് മന്ത്രി തന്നെ പറഞ്ഞു. മന്ത്രിയാണല്ലോ സിസ്റ്റത്തെ നിയന്ത്രിക്കുന്നത്. അപ്പോള്‍ മന്ത്രിയുടെ തന്നെ പരാജയമാണ്. വസ്തുതകളെ മനസ്സിലാക്കി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 8ാം തീയതി സംസ്ഥാന വ്യാപകമായി താലൂക്ക് ആശുപത്രികളിലേക്ക് മാര്‍ച്ച് നടത്തും' എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരി തലയോളപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതിലാണ് പ്രതികരണം.

'മുഖ്യമന്ത്രി ആരോടും പറയാതെ ചികിത്സയ്ക്ക് പോയി. മുഖ്യമന്ത്രിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ നിന്നും നീതി കിട്ടാത്ത സമയത്താണ് മന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. വീണ ജോര്‍ജിന്റെ രാജിയെങ്കിലും വാങ്ങിയിട്ട് മുഖ്യമന്ത്രിക്ക് ചികിത്സക്കായി പോകാമായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ കഴിയില്ലല്ലോ', രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിലെ ഖദര്‍ വസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരും ഖദര്‍ ധരിക്കണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ ഒരാളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാന്‍ മുന്നോട്ട് വരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ അടയാളവും പ്രതീകവും ഖദര്‍ ആണ്. ഖദറിനെ മാറ്റി നിര്‍ത്തി നമുക്ക് ആലോചിക്കാന്‍ കഴിയില്ല. അതുകൊണ്ട് എല്ലാവരും ഖദര്‍ ധരിക്കുന്നതാണ് നല്ലത്. ഒരാളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാനൊന്നും നമ്മള്‍ മുന്നോട്ട് വരേണ്ട. ഇന്നത്തെ കാലഘട്ടത്തില്‍ ഒരാള്‍ക്ക് ഏത് വസ്ത്രവും ധരിക്കാം. വസ്ത്രം ധരിക്കാതെ പോകരുതെന്നേയുള്ളൂ. ഇഷ്ടമുള്ളത് ധരിക്കുന്നതിന് എതിരല്ല. ഖദര്‍ ആക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഖദറിന് അന്തസ്സും പവിത്രതയും ഉണ്ട്. രാഷ്ട്രപിതാവ് നല്‍കിയ സന്ദേശമാണ്. ഖദര്‍ ധരിക്കുന്നത് അഭികാമ്യമാണ്. ആധുനിക കാലത്ത് പുതിയ ഉടുപ്പുകള്‍ ഇടണമെങ്കില്‍ ഇടാം. ഞാന്‍ ഖദറിനെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ്. ഔദ്യോഗിക വേളയില്‍ ഖദര്‍ ആണ് ധരിക്കുന്നത്.' രമേശ് ചെന്നിത്തല പറഞ്ഞു.

ജെഎസ്‌കെ സിനിമാ വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേരിട്ടാല്‍ എന്താ കുഴപ്പമെന്ന് ചോദിച്ച രമേശ് ചെന്നിത്തല എല്ലാത്തിലും അഭിപ്രായം പറയുന്ന സുരേഷ് ഗോപി ഇതില്‍ മാത്രം മിണ്ടിയിട്ടില്ലെന്നും കുട്ടികളുടെ പേരിടാനും ഇനി സെന്‍സര്‍ ബോര്‍ഡിനോട് ചോദിക്കേണ്ടി വരുമോയെന്നും ചോദിച്ചു.

Tags:    

Similar News