വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് പ്രഹസനം; പൊതുജന അഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍; കഴുതകളുടെ മാസ്‌ക്ക് ധരിച്ച് അവര്‍ തിരുവനന്തപുരത്തേക്ക്; ആംആദ്മിയുടെ പ്രതിഷേധ മാര്‍ച്ച് നാളെ

കഴുത മാസ്‌ക്ക് റെഡി.. നാളെ തലസ്ഥാനത്ത് പൂരം

Update: 2024-10-29 13:48 GMT

തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായത്തെ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി ആംആദമി പാര്‍ട്ടി നാളെ തെരുവിലേക്ക്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതു തെളിവെടുപ്പ് യോഗം നടത്താതെ നാല് ജില്ലകളില്‍ മാത്രം തെളിവെടുപ്പ് യോഗങ്ങള്‍ നടത്തിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞതിലാണ് പ്രതിഷേധം. കമ്മീഷന്റെ ജനവഞ്ചനയ്‌ക്കെതിരെ തിരുവനന്തപുരം റെഗുലേറ്ററി കമ്മീഷന്‍ ആസ്ഥാനത്തേക്ക് ആംആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നാളെ രാവിലെ 8.30ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. വൈദ്യുതി നിരക്ക് വര്‍ധന അനുവദിക്കുന്ന നടപടിയിലൂടെ പൊതുജനങ്ങളെ കഴുതകളാക്കാന്‍ ശ്രമിക്കരുതെന്ന് വ്യക്തമാക്കി കഴുതകളുടെ മാസ്‌ക്ക് ധരിച്ചാണ് പ്രതിഷേധിക്കുക.

കേരളത്തിലെ പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന ഈ തീരുമാനം, ഉടന്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട്, സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് ആം ആദ്മി പാര്‍ട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷന്‍, അഡ്വ. വിനോദ് മാത്യു വില്‍സണ്‍ കത്തെഴുതിയിരുന്നു. നാല് ജില്ലകളില്‍ നടന്ന പൊതു തെളിവെടുപ്പ് സിറ്റിംഗുകളില്‍ , ആയിരക്കണക്കിന് ജനങ്ങള്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് എതിരെ, ശക്തമായ എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിട്ടും, നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലയുന്ന ജനങ്ങള്‍ക്ക് മേല്‍ ഇത്രയും വലിയ ഭാരം നിര്‍ദ്ദാക്ഷണ്യം അടിച്ചേല്പിക്കുന്നത് കൈയ്യും കെട്ടി നോക്കി നില്ക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കെഎസ്ഇബി കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തിയാല്‍, പ്രസരണ നഷ്ടം കുറച്ചുകൊണ്ട് തികച്ചും സൗജന്യമായി വൈദ്യുതി നല്‍കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങള്‍ ഉണ്ടായിരിക്കെ, നിരക്ക് വര്‍ദ്ധനവിന് അനുമതി നല്‍കിയ റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.

നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം 31 തീരുമെങ്കിലും ഒരുമാസം കൂടി ഇതേനിരക്ക് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വര്‍ധന നീട്ടിയതെന്നാണ് സൂചന. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് വൈദ്യുതിബോര്‍ഡിന്റെ ആവശ്യം. താരിഫ് പെറ്റിഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയെങ്കിലും നിരക്ക് ര്‍ധന അംഗീകരിക്കുകയായിരുന്നു.

ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റഗുലേറ്ററി കമ്മിഷനും വൈദ്യുതി വകുപ്പിനും ഇതിനോടു യോജിപ്പില്ല. ഒക്ടോബര്‍ അവസാനവാരം 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ച് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ തയ്യാറെടുപ്പ്.

കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ പൊതു തെളിവെടുപ്പ് യോഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. പങ്കെടുത്ത പലരും കെ.എസ്.ഇ.ബി യുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചിരുന്നു. നിരക്ക് വര്‍ദ്ധനവിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, പൊതുജനങ്ങളുടെ അഭിപ്രായത്തിന് കമ്മീഷന്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ആക്ഷേപം.

പൊതുജനങ്ങളുടെ അഭിപ്രായത്തെ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത് പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതു തെളിവെടുപ്പ് യോഗം നടത്താതെ നാല് ജില്ലകളില്‍ മാത്രം തെളിവെടുപ്പ് യോഗങ്ങള്‍ നടത്തി മുന്നോട്ടുപോകുന്ന റെഗുലേറ്ററി കമ്മീഷന്റെ സമീപനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

റെഗുലേറ്ററി കമ്മീഷന്റെ ഈ സമീപനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പൊതു തെളിവെടുപ്പ് യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കെഎസ്ഇബിയുടെ അനാവശ്യ ചിലവുകള്‍ കുറയ്ക്കുകയും എല്ലാ വിഭവങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തി മുന്നോട്ടു പോയാല്‍ സംസ്ഥാനത്തും വൈദ്യുതി സൗജന്യമായി നല്‍കാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എന്നാല്‍ പൊതുജനങ്ങളെ കൊള്ളയടിച്ചു കൊണ്ടുള്ള സമീപനമാണ് കെഎസ്ഇബി സ്വീകരിച്ചു വരുന്നത്. ഇതിനെ തടയാന്‍ അധികാരമുള്ള റഗുലേറ്ററി കമ്മീഷനും ഈ കൊള്ളക്ക് കൂട്ടുനില്‍ക്കുന്നത് പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കെഎസ്ഇബിയുടെ കൊള്ളക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന വ്യാപകമായി പോസ്റ്റര്‍ ക്യാമ്പയിനുകളും,മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. 2022 ജൂണ്‍ 26നും 2023 നവംബര്‍ 1നുമാണ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 0-40 പ്രതിമാസ ഉപയോഗമുള്ള ബിപിഎല്‍ വിഭാഗത്തെ വര്‍ധനവില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി യൂണിറ്റുകള്‍ രണ്ടു തവണയായി 10 പൈസ മുതല്‍ 90 പൈസ വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 0-50 യൂണിറ്റിന് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. ഇത് 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ.

ഒക്ടോബര്‍ അവസാനവാരം 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ച് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ തയ്യാറെടുപ്പ്. അതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പിനിടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നുള്ളത് കൊണ്ടു തന്നെ ഈ ഘട്ടത്തില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം റെഗുലേറ്ററി കമ്മീഷന്‍ മുന്നോട്ട് വെച്ചാലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കില്ല.

കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് ശരാശരി 4.45% നിരക്കുവര്‍ധനയാണ്. ഇതുകൂടാതെ വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സമ്മര്‍ താരിഫ് എന്ന നിര്‍ദേശവും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു.

Tags:    

Similar News