രാഹുലിന് എതിരെ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ല; എംഎല്‍എയെ അനാവശ്യ വിവാദപുകമറയില്‍ നിര്‍ത്തരുത്; എല്‍ഡിഎഫിനും ബിജെപിക്കും തല്ലാനുള്ള വടി കോണ്‍ഗ്രസ് തന്നെ നല്‍കരുത്; പിന്തുണയുമായി ആര്‍എസ്പി നേതാവ് സി കൃഷ്ണചന്ദ്രന്‍
രാഹുലിന് പിന്തുണയുമായി ആര്‍ എസ് പി നേതാവ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്ക്ക് എതിരെ ഉയര്‍ന്ന പീഡന ആരോപണങ്ങളില്‍, യുവതികള്‍ ആരും പരാതി കൊടുക്കാത്ത പശ്ചാത്തലത്തില്‍, അദ്ദേഹത്തെ പുകമറയില്‍ നിര്‍ത്താതെ കോണ്‍ഗ്രസ് കൃത്യമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ആര്‍എസ്പി സംസ്ഥാന സമിതിയംഗം സി കൃഷ്ണചന്ദ്രന്‍.
'എന്തൊക്കെ പറഞ്ഞാലും, ചെറിയ കാലയളവിനുള്ളില്‍ സ്വതസിദ്ധമായ ശൈലിയില്‍ ചാനല്‍ ചര്‍ച്ചയിലും, സോഷ്യല്‍ മീഡിയയിലും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമായി തന്മയത്വത്തോടെ അവതരിപ്പിക്കാനും, സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ സമര മുഖത്ത് അചഞ്ചലമായി നിലയുറപ്പിക്കാനും രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞിരുന്നു. സിപിഎമ്മിനും, സര്‍ക്കാരിനും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിക്കും രാഹുല്‍ ഒരു തലവേദനയായി മാറിയിരുന്നു. ഓര്‍ക്കുക, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടാന്‍ മാത്രമേ രാഷ്ട്രീയ ശത്രുക്കള്‍ ശ്രമിക്കൂ. അതിന് കോണ്‍ഗ്രസ് നേതൃത്വം വശംവദരാകരുത്. ആരോപണ വിധേയനായ രാഹുല്‍ നിയമസഭയില്‍ വരണോ, വേണ്ടയോ? പാലക്കാട് പോകണോ, വേണ്ടയോ? ഇതിനൊക്കെ നേതൃത്വത്തിന് കൃത്യമായി ധാരണ വേണം, ആ തീരുമാനം രാഹുലിനെ അറിയിക്കണം. അല്ലാതെ അനാവശ്യ പുകമറയും വിവാദങ്ങളുമുണ്ടാക്കി എല്‍ഡിഎഫിനും ബിജെപിക്കും തല്ലാനുള്ള വടി കോണ്‍ഗ്രസ് തന്നെ നല്‍കരുത്.'-സി കൃഷ്ണചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ '2.0'
ഇതെഴുതുന്നത് വരെ, പീഡനത്തിനിരയായ യുവതി/യുവതികള്‍ ആരും പരാതി/മൊഴി കൊടുത്തു എന്ന് കേരള പോലീസിന്റെയോ, റിപ്പോര്‍ട്ടര്‍ ചാനലിന്റെയോ വാര്‍ത്താക്കുറിപ്പോ ബ്രേക്കിംഗ് ന്യൂസോ കണ്ടിട്ടില്ല.
ആയതിനാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ മാനസികമായി വേട്ടയാടുന്നത് നിര്‍ത്തണം. രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട് ഒരു ചെറുപ്പക്കാരനെ ഇങ്ങനെ മാധ്യമങ്ങളിലും, പൊതു ഇടങ്ങളിലും വലിച്ചിഴക്കരുത്. രാഹുലിനും ഒരു കുടുംബമുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട് എന്ന ഓര്‍മ്മ എല്ലാവര്‍ക്കും വേണം. പോലീസ് അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാരനെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കണം; ശിക്ഷിക്കണം. മറിച്ച് വൈകൃതമായ രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കിയതാണെങ്കില്‍ രാഷ്ട്രീയപരമായി രാഹുലും വ്യക്തിപരമായി കുടുംബവും നേരിട്ട മാനക്കേടിന് ആര് മാപ്പ് പറയും?
സ്ത്രീ ശാക്തീകരണത്തിന് കേരള മോഡല്‍ ആരോപണങ്ങള്‍ ഉന്നയിച്ചവരെ, അവരുടെ വാദങ്ങളെ ഒന്ന് പരിശോധിക്കൂ...
1. ചിരിച്ചുല്ലസിച്ച് പേരില്ലാതെ, പരാതിയേതുമില്ലാതെ വര്‍ഷങ്ങള്‍ക്ക് മുന്നേ അശ്ളീല സന്ദേശം ലഭിച്ച നടി. വര്‍ഷങ്ങള്‍ക്ക് ശേഷവും സന്ദേശം അയച്ച ആള്‍ 'അടുത്ത സുഹൃത്ത്' ആണത്രേ. പരാതിയും, ശിക്ഷയും ഒന്നും വേണ്ടത്രേ, നന്നായാല്‍ മതിയത്രേ. ദൗത്യം പൂര്‍ത്തിയായത്രേ.
2. വിശ്വ വിഖ്യാത ഗള്‍ഫ് എഴുത്തുകാരിയുടെ അനവസരത്തിലുള്ള ഏച്ചുകെട്ടിയ എങ്ങുമെത്താത്ത ആരോപണം. ഇന്‍സ്റ്റാഗ്രാം സ്റ്റോറിക്ക് '??' അയച്ചത് ദുരൂഹമത്രേ. യൂത്ത് കോണ്‍ഗ്രസില്‍ തന്നെയുള്ള സുഹൃത്ത് പലതും പറഞ്ഞത്രേ, പക്ഷെ സുഹൃത്തിന്റെ പേര് പറയില്ലത്രേ.
3. ആരോപണങ്ങള്‍ ഉന്നയിച്ച മുഖമില്ലാത്ത, പരാതിയില്ലാത്ത എഡിറ്റഡ് ശബ്ദ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്ത് പമ്മനെയും മുത്തുച്ചിപ്പിയെയും വെല്ലുന്ന ഇക്കിളിക്കഥകള്‍ ഓരോന്നായി പടച്ചു വിടുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍. ബംഗളൂരുവിലെ ആശുപത്രിയില്‍ അശാസ്ത്രീയ ഗര്‍ഭഛിദ്രം, ഗുളിക വാങ്ങിക്കൊടുത്ത യുവസംരഭകനായ കൂട്ടുകാരന്‍, എല്ലാത്തിനും സാക്ഷിയായ കൂട്ടുകാരന്‍, എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശം തുടങ്ങി പോലീസിനെ പോലും അതിശയിപ്പിക്കുന്ന അന്വേഷണാത്മക മാധ്യമ റിപ്പോര്‍ട്ടിംഗ്.
4. പാലക്കാടുള്ളൊരു ബിജെപി പ്രവര്‍ത്തകയായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ നട്ടാല്‍ കുരുക്കാത്ത ബാലിശമായ ആരോപണം. പഞ്ചാരയടിച്ച് ബലാത്സംഗം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവന്റെ കരാളഹസ്തത്തില്‍ നിന്ന് മോചിതയാകാന്‍ അഹോരാത്രം പരിശ്രമിക്കുന്ന അതിജീവിതയോട് ന്യൂസ് 18 നടത്തിയ സംഭാഷണം, അപ്പോള്‍ തന്നെ വള്ളി പുള്ളി വിടാതെ തന്റെ പ്രിയതമനായ 'ബലാത്സംഗ ഇംഗിതനോട്' പറഞ്ഞ് രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ നന്മ മനസ്സ്...
5. തൊട്ട് പുറകേ, നിസ്സഹായ അവസ്ഥയിലായ കടുത്ത മനസികാഘാതത്തില്‍ കഴിയുന്ന ഇരയായ പെണ്‍കുട്ടിയെ നേരിട്ട് കണ്ട ന്യൂസ് മലയാളം ജേര്‍ണലിസ്റ്റിന്റെ വിശദമായ 'ഞാന്‍ കണ്ടു, ഞാന്‍ മാത്രമേ കണ്ടുള്ളൂ' എന്ന ഫേസ്ബുക്ക് കുറിപ്പ്. കാല്പനികാനന്തരതയുടെ നേരാവിഷ്‌കാരമായ ഫേസ്ബുക്ക് എഴുത്തിലെ ഏറ്റവും ഭയാനകമായ വസ്തുത ഈ ധീര ജേര്‍ണലിസ്റ്റ് തന്നെ കുറിക്കുന്നു; നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് പരാതി കൊടുക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണത്രേ.
ഇവിടെയാണ് നമ്മുടെ സഹോദരിമാര്‍ ഭയപ്പെടേണ്ടത്.
സ്ത്രീകളുടെ സുരക്ഷ, അവകാശ സംരക്ഷണം, ലിംഗ സമത്വം എന്നിവ 'നടപ്പാക്കി' കേരളം സ്ത്രീ സൗഹൃദമാക്കിയെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പത്ത് വര്‍ഷമായി ഭരിക്കുന്ന കേരളം. ഇവിടെ പരാതി പോലും കൊടുക്കാന്‍ സാധിക്കുന്നില്ലത്രേ. അധാര്‍മ്മികതയും, കള്ളത്തരവും മൂലമന്ത്രമായി സ്വീകരിച്ച സോളാര്‍ സംരഭക കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയെയും, അസംഖ്യം സീനിയര്‍ രാഷ്ട്രീയ നേതാക്കളെയും കുറിച്ച് അപസര്‍പ്പക കഥകള്‍ മെനഞ്ഞപ്പോള്‍, കള്ള പരാതി കൊടുത്തപ്പോള്‍ നിരുപാധിക പിന്തുണ നല്‍കിയ കുടില രാഷ്ട്രീയക്കാരുടെയും, മുഖ്യധാര ജേര്‍ണലിസ്റ്റുകളുടെയും, തീവ്ര ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെയും നാടാണ് കേരളം. ഭരണത്തിലിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പോലുമില്ലാതിരുന്ന 'പരാതി ഇമ്മ്യൂണിറ്റി' കാരണഭൂതന്‍ ഭരിക്കുമ്പോള്‍ താരതമ്യേന ജൂനിയര്‍ ആയ പ്രതിപക്ഷത്തുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനുണ്ടെന്നാണെങ്കില്‍, കേരളത്തിലെ സഹോദരിമാര്‍ നേരിടുന്ന സാരമായ രാഷ്ട്രീയ സാമൂഹിക പ്രശ്‌നം തന്നെയാണ്.
ഇനി കോണ്‍ഗ്രസ് നേതൃത്വത്തോട് താഴ്മയായ അഭ്യര്‍ത്ഥന. പുറത്തു വന്നതോ അല്ലാത്തതോ ആയ തെളിവുകളുടെ, ധാര്‍മ്മികതയുടെ പേരില്‍ പാര്‍ട്ടി ധീരമായ നടപടികള്‍ സ്വീകരിച്ചു. രാഹുല്‍ തെറ്റുകാരനല്ലെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയിലുള്ള സാഹചര്യത്തില്‍, ആ നടപടി പാര്‍ട്ടി അണികള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ വിശദീകരിക്കാന്‍ നേതൃത്വം മുന്‍കൈയെടുക്കണം. തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് ഒരഭിപ്രായം, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വേറൊരു അഭിപ്രായം, കണ്ണൂരില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മറ്റൊരു അഭിപ്രായം, ഡല്‍ഹിയില്‍ യുഡിഎഫ് കണ്‍വീനര്‍ ഇതൊന്നുമല്ലാത്ത അഭിപ്രായം, മറ്റ് നേതാക്കളെല്ലാം അവരവരുടെ ഭാവനയില്‍ ഓരോരോ അഭിപ്രായങ്ങള്‍ എന്നിങ്ങനെയായാല്‍ അണികള്‍, ജനങ്ങള്‍ കുഴങ്ങും. സൈബറിടത്തിലും സ്ഥിതി മറ്റൊന്നല്ല. എരി തീയിലേക്ക് എണ്ണയൊഴിക്കും പോലെ അതിരു വിടുന്ന സോഷ്യല്‍ മീഡിയ വാക്പയറ്റ് കോണ്‍ഗ്രസിനും, യുഡിഎഫിനും ഭൂഷണമേയല്ല. തെറ്റുകാരനെങ്കില്‍ ഒറ്റപ്പെടുത്തണം; അല്ലെങ്കില്‍ ചേര്‍ത്ത് പിടിക്കണം.
എന്തൊക്കെ പറഞ്ഞാലും, ചെറിയ കാലയളവിനുള്ളില്‍ സ്വതസിദ്ധമായ ശൈലിയില്‍ ചാനല്‍ ചര്‍ച്ചയിലും, സോഷ്യല്‍ മീഡിയയിലും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമായി തന്മയത്വത്തോടെ അവതരിപ്പിക്കാനും, സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ സമര മുഖത്ത് അചഞ്ചലമായി നിലയുറപ്പിക്കാനും രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞിരുന്നു. സിപിഎമ്മിനും, സര്‍ക്കാരിനും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപിക്കും രാഹുല്‍ ഒരു തലവേദനയായി മാറിയിരുന്നു. ഓര്‍ക്കുക, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടാന്‍ മാത്രമേ രാഷ്ട്രീയ ശത്രുക്കള്‍ ശ്രമിക്കൂ. അതിന് കോണ്‍ഗ്രസ് നേതൃത്വം വശംവദരാകരുത്. ആരോപണ വിധേയനായ രാഹുല്‍ നിയമസഭയില്‍ വരണോ, വേണ്ടയോ? പാലക്കാട് പോകണോ, വേണ്ടയോ? ഇതിനൊക്കെ നേതൃത്വത്തിന് കൃത്യമായി ധാരണ വേണം, ആ തീരുമാനം രാഹുലിനെ അറിയിക്കണം. അല്ലാതെ അനാവശ്യ പുകമറയും വിവാദങ്ങളുമുണ്ടാക്കി എല്‍ഡിഎഫിനും ബിജെപിക്കും തല്ലാനുള്ള വടി കോണ്‍ഗ്രസ് തന്നെ നല്‍കരുത്.