പിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല; ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു; ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്? അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ എന്ന് സന്ദീപ് വാചസ്പതി

പിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല

Update: 2024-10-01 13:49 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ 'ദി ഹിന്ദു' ദിനപത്രം ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും പത്രം വ്യക്തമാക്കി. അതേസമയം, അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് ഡല്‍ഹി ആസ്ഥാനമായിട്ടുള്ള പിആര്‍ ഏജന്‍സി കെയ്‌സണ്‍ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍, പി.ആര്‍ ഏജന്‍സി മുഖാന്തിരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥ എന്ന് ചോദിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

'യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ്? ആരാണ് താങ്കളുടെ ഓഫീസ് ഭരിക്കുന്നത്?അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ?' സന്ദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

സന്ദീപ് വാചസ്പതിയുടെ കുറിപ്പ്:

പിണറായി വിജയന്‍ എന്ന് വിളിച്ച നാവ് കൊണ്ട് പിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല. ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു എന്ന് മാത്രം. പക്ഷേ താങ്കള്‍ ഇരുത്തി ചിന്തിക്കേണ്ട ചില സംഗതികള്‍ ഉണ്ട്.

1. രാജ്യത്തെ ഏറ്റവും പ്രമുഖ ദിനപത്രത്തിന് പോലും പി.ആര്‍ ഏജന്‍സി മുഖാന്തിരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥ?

2. എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം? താങ്കളുടെ ഓരോ അഭിമുഖത്തിനും ഓഫീസിലെ വിശ്വസ്തന്മാര്‍ക്ക് പി.ആര്‍ ഏജന്‍സി കമ്മീഷന്‍ നല്‍കുന്നുണ്ടോ?

3. അഭിമുഖത്തില്‍ താങ്കള്‍ പറയാത്ത കാര്യങ്ങള്‍ പത്രത്തില്‍ അച്ചടിച്ചു വരണം എന്ന് ആരാണ് തീരുമാനിച്ചത്?

4. രണ്ട് ദിവസം മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇതേ കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞിരുന്നു എന്ന വസ്തുത നിഷേധിക്കുന്നുണ്ടോ?

5. ഉത്തമ ബോധ്യത്തോടെ പറഞ്ഞ കാര്യങ്ങള്‍ ആരെങ്കിലും ഉമ്മാക്കി കാട്ടിയാല്‍ നിഷേധിക്കാന്‍ തക്ക വണ്ണം പിണറായി വിജയന്‍ പേടി തൊണ്ടനാണോ?

6. ഹിന്ദു ദിനപ്പത്രം ' ഇന്നലെ' തന്നെ വിശദീകരണം നല്‍കിയിട്ടും താങ്കളുടെ പ്രസ് സെക്രട്ടറി ഹിന്ദു പത്രത്തോട് 'ഇന്ന് ' തിരുത്ത് ആവശ്യപ്പെട്ടത് എന്തിനാണ്?.

താങ്കള്‍ക്ക് ഒരിക്കലും ഉത്തരം നല്‍കാന്‍ കഴിയാത്ത ഒരു ചോദ്യം കൂടി....

യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ്?

ആരാണ് താങ്കളുടെ ഓഫീസ് ഭരിക്കുന്നത്?അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ?

Tags:    

Similar News