അടിമുടി കോണ്‍ഗ്രസുകാരനായി മാറാന്‍ സന്ദീപ് വാര്യര്‍; സബര്‍മതി ആശ്രമത്തില്‍ മഹാത്മജിക്ക് പ്രണാമം അര്‍പ്പിച്ചത് റീപോസ്റ്റ് ചെയ്തപ്പോള്‍ പൊങ്കാല; ഇനി സന്ദീപ് ഗാന്ധി എന്നുവിളിക്കേണ്ടി വരുമോ എന്ന് ചോദ്യം; ഫേസ്ബുക്ക് ലിങ്കില്‍ സന്ദീപ് ഇപ്പോഴും ബിജെപിക്കാരന്‍

സന്ദീപ് വാര്യരുടെ റീപോസ്റ്റിന് പൊങ്കാല

Update: 2024-11-22 12:36 GMT

പാലക്കാട്: അടിമുടി കോണ്‍ഗ്രസുകാരന്‍ ആകാനുള്ള ശ്രമത്തിലാണ് സന്ദീപ് ജി വാര്യര്‍. ബിജെപി വിട്ടയുടന്‍ തന്നെ ഫേസ്ബുക്കില്‍ ബയോ തിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന് മാറ്റിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കില്‍ സന്ദീപ് വാര്യര്‍, ബിജെപി എന്നാണ്.

പുതിയ അക്കൗണ്ട് നിര്‍മിക്കുന്നതിനെ കുറിച്ച് തല്‍ക്കാലം സന്ദീപ് ആലോചിക്കുന്നില്ല. വളരെ പണ്ടുണ്ടാക്കിയ ഐഡിയാണെന്നും മറ്റൊരു പേജിനെ കുറിച്ചു തല്ക്കാലം ചിന്തിക്കുന്നില്ലെന്നും സാങ്കേതികമായി ലിങ്ക് മാറ്റുന്നതിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ എന്നു ശ്രമിക്കുമെന്നും സന്ദീപ് പ്രതികരിച്ചു. അതേസമയം, മഹാത്മാഗാന്ധിയെ അനുസ്മരിച്ച് 2020 ഓക്ടോബറില്‍ ഇട്ട പോസ്റ്റ് റീപോസ്റ്റ് ചെയ്തിരിക്കുകയാണ് സന്ദീപ് വാര്യര്‍.

സന്ദീപ് വാര്യരുടെ കുറിപ്പ്:

മനുഷ്യനായത് കൊണ്ട് മാത്രം നിങ്ങള്‍ വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്' - മഹാത്മജി

ഗുജറാത്തില്‍ പോകുമ്പോഴൊക്കെ സബര്‍മതി ആശ്രമത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ധ്യാന മഗ്‌നനാവുക എന്നത് ശീലമാണ്. ആ നിശബ്ദത തരുന്ന ഊര്‍ജം നിരവധി തവണ നേരിട്ടനുഭവിച്ചു. പുണ്യം പേറുന്ന മണ്ണില്‍ ഒട്ടേറെ തവണ പോകാനായത് എനിക്കു ലഭിച്ച വലിയ ഭാഗ്യങ്ങളാണ്.

നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങള്‍ ഗാന്ധിജിയോളം പ്രാവര്‍ത്തികമാക്കിയ മറ്റൊരാളില്ല. പൊതുപ്രവര്‍ത്തനത്തില്‍ നമ്മെ ഔന്നത്യത്തിലെത്തിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളാണിവ.

രാജ്യവും ജനങ്ങളും വിശിഷ്യാ പൊതുപ്രവര്‍ത്തകരും മഹാത്മജിയുടെ ആശയങ്ങളെ പിന്തുടക എന്നത് കാലഘട്ടത്തിന്റെ അനാവാര്യതയാണ്. ബുദ്ധിമുട്ടെന്നു തോന്നാം, എങ്കിലും ആ മനുഷ്യന്‍ ഊടും പാവും നെയ്ത ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമെങ്കിലും നടത്താം.

നമ്മുടെ രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ശതകോടി പ്രണാമം

പതിവുപോലെ സന്ദീപിനെ വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകള്‍ നിറയുകയാണ്.




 


Tags:    

Similar News