'ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്‍'; അതൃപ്തി പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചിപ്പിച്ചു സന്ദീപ് വാര്യര്‍; യുവനേതാവിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി യോഗം പിരിഞ്ഞു; ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് വാതില്‍ തുറന്നിട്ട് സിപിഎം
'ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്‍';
പാലക്കാട്: ബിജെപി നേതൃത്വവുമായി ഉടക്കിയെങ്കിലും പാര്‍ട്ടി വിടില്ലെന്ന് സൂചിപ്പിച്ചു ബിജെപി നേതാവ് സന്ദീപ് വാര്യര്‍. താന്‍ ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്‍ ആണെന്നാണ് സന്ദീപ് പറയുന്നത്. ഇതോടെ സന്ദീപിന്റെ നീക്കം എന്താണെന്ന് അറിയാന്‍ കാത്തിരിക്കയാണ് ബിജെപി നേതൃത്വം. അടിയന്തരമായി യോഗം ചേര്‍ന്നെങ്കിലും ഉടന്‍ നടപടി വേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ അത് രക്തസാക്ഷി പരിവേഷം നല്‍കുന്നതാകും എന്നു വിലയിരുത്തി കൊണ്ടാണ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി നേതൃത്വം എത്തിയത്.
ഓണ്‍ലൈന്‍ യോഗത്തില്‍ സന്ദീപിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കാത്തിരുന്നു കാണാമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട മര്യാദ ഫേസ്ബുക്ക് പോസ്റ്റില്‍ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് സുരേന്ദ്രന്‍ നേരത്തെ പഞ്ഞത്. എഫ്ബി പോസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍ വീണ്ടും മാധ്യമങ്ങളെ കാണുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
ബിജെപി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുത്തു. സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഓഫീസിലെത്തിയിട്ടുണ്ട്. അതേസമയം, ആത്മാര്‍ത്ഥതയുള്ള ഒരു പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്ന് സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. സന്ദീപിന്റെ എഫ്ബി പോസ്റ്റ് കണ്ടില്ല. വായിച്ചിട്ട് മറുപടി പറയും. പ്രശ്‌നങ്ങള്‍ സന്ദീപുമായി തന്നെ ചര്‍ച്ച ചെയ്യും. സന്ദീപിന്റെ അമ്മ മരിച്ചപ്പോള്‍ വിളിച്ചിരുന്നു എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
സാധാരണ പ്രവര്‍ത്തകനായി ബൂത്ത് തലം മുതല്‍ പോസ്റ്റര്‍ ഒട്ടിച്ച് വളര്‍ന്നവനാണ് താന്‍. പാലക്കാട്ടെ സാധാരണ പ്രവര്‍ത്തകരോടൊപ്പം ഇന്നുമുള്ളവനാണ്. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും അപമാനം സഹിക്കേണ്ട ആവശ്യമില്ല. ഓരോ പ്രവര്‍ത്തകനുമൊപ്പം ബിജെപിയുടെ നേതൃത്വവും സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവുമൊക്കെയുണ്ട്.
'സന്ദീപ് വാര്യരുടെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഞാന്‍ നേരിട്ട് ഫോണില്‍ വിളിച്ചതാണ്. വിളിച്ചിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ല. സന്ദീപുമായി സംസാരിക്കും. പാര്‍ട്ടിയോട് ആത്മാര്‍ത്ഥയുള്ള, സംഘടനയില്‍ ഉറച്ചു നില്‍ക്കുന്ന ഒരാള്‍ക്കും തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കില്ലെന്നും' സി കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വരുന്നവരെ സ്വീകരിക്കാന്‍ സി പിഎമ്മിന് മടിയില്ല. തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചയല്ലെന്നും എംബി രാജേഷ് പറഞ്ഞു.
നേരത്തെ പാര്‍ട്ടിയില്‍ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണെന്നും തനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ പാര്‍ട്ടി മാത്രം കൂടെ നിന്നില്ലെന്നും സന്ദീപ് തുറന്നടിച്ചു.
രണ്ടുവര്‍ഷം മുന്‍പ് തന്റെ അമ്മ മരിച്ചപ്പോള്‍ ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന എ ന്റെ വീട്ടില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും ഉള്‍പ്പെയുള്ള നേതാക്കള്‍ വന്നിട്ടും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വന്നില്ലെന്നും ഒരു ഫോണ്‍കോളില്‍ പോലും നേതൃത്വത്തിലാരും ആശ്വസിപ്പിച്ചില്ലെന്നും സന്ദീപ് പറയുന്നു.
പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.