ആത്മീയ രംഗത്തെ സൂര്യതേജസിനെ കണ്ട് അനുഗ്രഹം വാങ്ങി വാര്യര്‍; ഭരണഘടനയ്‌ക്കൊപ്പം സന്ദീപിനേയും സ്വീകരിച്ച് ജിഫ്രികോയ തങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസിന് ആശ്വാസം; സുപ്രഭാതത്തേയും സിറാജിനേയും പറ്റിച്ചുവോ? അനുമതി വാങ്ങാത്ത പരസ്യം ബൂമാറാങായി; പാലക്കാട്ട് ഇടതു നീക്കം പൊളിച്ച് വീണ്ടും സന്ദീപ് വാര്യര്‍

Update: 2024-11-20 03:03 GMT

പാലക്കാട്: എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനായി പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ ഇടതു പക്ഷം വഞ്ചിച്ചെന്ന വിലയിരുത്തലില്‍ സുപ്രഭാതം-സിറാജ് പത്രങ്ങള്‍. എല്ലാ പത്രത്തിലും നല്‍കിയ പരസ്യം എന്ന നിലയിലാണ് അവര്‍ പ്രസിദ്ധീകരിച്ചത് എന്നാണ് സൂചന. എന്നാല്‍ സുന്നി വിഭാഗങ്ങളുടെ പത്രങ്ങളിലേക്ക് മാത്രമായിരുന്നു വിവാദ പരസ്യമെന്നത് രാഷ്ട്രീയ ഗൂഡാലോചനയായിരുന്നുവെന്നാണ് സംശയം. പരസ്യം പ്രസിദ്ധീകരിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും ഇതായിരുന്നില്ല ഉള്ളടക്കം എന്ന് സൂചനയുമുണ്ട് രണ്ട് പത്രങ്ങളുടെയും പാലക്കാട്ടെ പ്രതിനിധികളില്‍നിന്ന് ജില്ലാഭരണകൂടം വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗികപ്രതികരണത്തിന് ജില്ലാ കളക്ടറുള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ ബുധനാഴ്ചത്തെ തിരഞ്ഞെടുപ്പിനുശേഷമേ ഉണ്ടാവൂ. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് ദിനത്തില്‍ സന്ദീപ് വാര്യരുടെ നിര്‍ണ്ണായക നീക്കം.

കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പാണക്കാട് കുടുംബം സന്ദര്‍ശിച്ച സന്ദീപ് വാര്യര്‍ പാലക്കാട് വോട്ടെടുപ്പ് ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചത് നിര്‍ണ്ണായക നീക്കമായിരുന്നു. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെയുള്ള സന്ദീപിന്റെ സന്ദര്‍ശനം രാഷ്ട്രീയ പ്രാധ്യമേറുന്നതാണ്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍.ഡി.എഫിന്റെ പരസ്യം വന്നത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം. ഈ പരസ്യം മോശമായെന്ന് തങ്ങള്‍ വിലയിരുത്തിയിരുന്നു. അതുകൊണ്ട് കൂടിയാണ് സാധാരണ നടത്താത്ത വിധമുള്ള രാഷ്ട്രീയ ഇടപെടലിന് തങ്ങളും സമ്മതം മൂളിയത്. സന്ദീപ് വാര്യരോട് ഒരു പരിഭവവുമില്ലെന്ന സന്ദേശം നല്‍കുകയാണ് തങ്ങള്‍. ഇതോടെ പരസ്യവും ഇടതു സ്ഥാനാര്‍ത്ഥി സരിന് ബൂമാറാങിന്റെ അവസ്ഥയായി. കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കമാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അടുത്തേക്ക് സന്ദീപ് വാര്യരെ പറഞ്ഞു വിട്ടത്.

ആത്മീയരംഗത്ത് സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന പണ്ഡിത ശ്രേഷ്ഠനാണ് മുത്തുക്കോയ തങ്ങള്‍. അദ്ദേഹത്തിനോട് അങ്ങേയറ്റം ബഹുമാനമാണുള്ളത്. അദ്ദേഹത്തെ കാണണമെന്നത് നേരത്തെ ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോളാണ് അതിന് സാഹചര്യമൊരുങ്ങിയത്. അദ്ദേഹത്തെ കാണാനും സ്‌േേനഹം അനുഭവിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. സമസ്തയുടെ സംഭാവനകള്‍ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തിയവയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 'എല്ലാ സാമുദായിക വിഭാഗങ്ങളുടെയും പിന്തുണ എന്റെ രാഷ്ട്രീയ നിലപാടിന് ലഭിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേരളത്തിന്റെ പൊതുമനസാക്ഷിയുടെ പ്രതികരണം ഇതാണെന്നാണ് കരുതുന്നത്. ഇതിനെ രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ല. അങ്ങനെ ആക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടാകും. കേരളത്തില്‍ മതനിരപേക്ഷതയും സാമൂഹ്യ ഐക്യവും വളര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകും.'- സന്ദീപ് പറഞ്ഞു. ഇതിന് അപ്പുറം തങ്ങള്‍ നടത്തിയ പ്രസ്താവനയ്ക്ക് പ്രധാന്യം ഏറെയാണ്.

'മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ ഏതെല്ലാം മാര്‍ഗങ്ങളുണ്ടോ അതെല്ലാം സ്വീകരിക്കുക എന്നതാണ് സമസ്തയുടെ സമീപനം. അതിന്റെ ഭാഗമായാണ് തന്നെ കാണാന്‍ വന്നതിനെയും കാണുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇന്ത്യാ രാജ്യത്ത് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ കക്ഷികളില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാം. മുമ്പ് രാജ്യത്തിന് ഗുണം ബി.ജെ.പിയെന്ന് സന്ദീപ് കരുതിയിരിക്കാം. അതുകൊണ്ട് അതില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെയും സ്വന്തം ചിന്താഗതിയാണ്. കോണ്‍ഗ്രസ് അംഗമായിട്ട് സ്വീകരിച്ചു. ബി.ജെ.പിയിലായിരുന്നപ്പോഴും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് സന്ദീപ് പറഞ്ഞത്. ബി.ജെ.പിയുടെ പലനേതാക്കളും ഇവിടെ വന്നിട്ടുണ്ട്. രാജ്യത്ത് നന്മ ചെയ്യുന്ന എല്ലാവരെയും പിന്തുണയ്ക്കുക എന്നതാണ് എന്റെ നയം.' ജിഫ്രി തങ്ങള്‍ പറഞ്ഞു. സന്ദീപിനെ കോണ്‍ഗ്രസ് സ്വീകരിച്ചതിനേയും തങ്ങള്‍ സ്വാഗതം ചെയ്തു. ഇതോടെ സുപ്രഭാതത്തിലും സിറാജിലും നല്‍കിയ പരസ്യത്തിന്റെ ഇഫക്ടും കുറയുകയാണ്.

മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നല്‍കിയതിന്റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച.

എല്‍.ഡി.എഫ്. പാലക്കാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരിലാണ് 'സുപ്രഭാതം', 'സിറാജ്' ദിനപത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. സരിന്‍ തരംഗം എന്ന തലക്കെട്ടിലുള്ള പരസ്യത്തിന്റെ പാതിഭാഗത്താണ് സന്ദീപ് വാരിയര്‍ക്കെതിരായ പരാമര്‍ശങ്ങളുള്ളത്. ആര്‍.എസ്.എസ്. വേഷത്തിലുള്ള സന്ദീപ് വാരിയരുടെ ചിത്രവും അദ്ദേഹത്തിന്റെ ചാനല്‍ ചര്‍ച്ചയുടെയും ഫെയ്സ്ബുക്ക് പോസ്റ്റിന്റെയും സ്‌ക്രീന്‍ ഷോട്ടുകളും പരസ്യത്തിലുണ്ടായിരുന്നു. കശ്മീര്‍പ്രശ്‌നം, സി.എ.എ., ഗാന്ധിവധം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിന് 11 വെള്ളിശിലകള്‍ അയച്ചു എന്ന മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രസ്താവനയും മറ്റൊരുപത്രത്തിന്റെ ഒന്നാം പേജും ചേര്‍ത്താണ് പരസ്യം രൂപകല്പന ചെയ്തിട്ടുള്ളത്.

ആക്ഷേപമുള്ളവര്‍ പരാതി കൊടുക്കട്ടേയെന്ന നിലപാടിലാണ് സി.പി.എം. വിശദീകരണം ചോദിച്ചാല്‍ മറുപടികൊടുക്കുമെന്നും സി.പി.എം. ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ്ബാബുവും മന്ത്രി എം.ബി. രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരമൊരു പരസ്യം കൊടുക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചിട്ടില്ലെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്രാജ് പറഞ്ഞു. വടകരയിലെ തിരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ കുറച്ചുകൂടി വലിയ ആസൂത്രണമാണിതെന്നും പരസ്യത്തിലെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജനിര്‍മിതിയാണെന്ന് മുന്‍പേ തെളിഞ്ഞതാണെന്നും സന്ദീപ് വാരിയര്‍ പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയാ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിവേണം. പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പരസ്യം മുന്‍കൂറായി നോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പിന്നീട് അത് മാറ്റാനാവില്ല. കളക്ടറാണ് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഈ പരസ്യത്തിന് അത്തരത്തില്‍ അനുമതി കിട്ടിയില്ലെന്നാണ് സൂചന.

Tags:    

Similar News