രാഹുല്‍ എന്റെ നേതാവ്; അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താന്‍; ചില വിഷയങ്ങളില്‍ താന്‍ എടുക്കുന്ന ലൈന്‍, പ്രൊ ബി.ജെ.പി ആയാണ് നിങ്ങള്‍ കാണുന്നത്; എന്നാലത് താന്‍ പ്രൊ ഗവണ്‍മെന്റ്, പ്രൊ ഇന്ത്യ ആയാണ് പറയുന്നത്; പിണക്കങ്ങളെല്ലാം മറന്ന് ശശി തരൂര്‍ കെപിസിസി ആസ്ഥാനത്ത്; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനാകാന്‍ തരൂര്‍

രാഹുല്‍ എന്റെ നേതാവ്; അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താന്‍

Update: 2026-01-30 08:31 GMT

തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള പിണക്കങ്ങളെല്ലാം തീര്‍ത്താണ് ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകന്റെ റോളില്‍ തരൂര്‍ ഉണ്ടാകും. ഇത് വ്യക്തമാക്കുന്നതാണ് തരൂരിന്റെ വാക്കുകള്‍. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തങ്ങളുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണ് താനെന്നും തരൂര്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വെച്ച് എ.ഐ.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ പറയുന്ന ഒരു കാര്യത്തെയും താന്‍ അംഗീകരിച്ചിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി തങ്ങളുടെ നേതാവാണെന്ന് മാത്രമല്ല, ആത്മാര്‍ത്ഥമായി നില്‍ക്കുകയും വര്‍ഗീയതയെ അടക്കം എതിര്‍ക്കുകയും ചെയ്യുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ പലകാര്യത്തിനും വേണ്ടി ശക്തമായ സ്വരം ഉയര്‍ത്തുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് തനിക്ക് രണ്ടഭിപ്രായമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എല്ലായ്പോഴും എല്ലാത്തിനെയും എതിര്‍ക്കുന്ന വ്യക്തിയല്ലെന്നും ചില വിഷയങ്ങളില്‍ വ്യക്തിപരമായ നിലപാട് പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില വിഷയങ്ങളില്‍ താന്‍ എടുക്കുന്ന ലൈന്‍, പ്രൊ ബി.ജെ.പി ആയാണ് നിങ്ങള്‍ കാണുന്നതെന്നും എന്നാലത് താന്‍ പ്രൊ ഗവണ്‍മെന്റ്, പ്രൊ ഇന്ത്യ ആയാണ് പറയുന്നതെന്നും തരൂര്‍ പറഞ്ഞു.

മഞ്ഞുരുക്കത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ശശി തരൂര്‍ എം.പി. കെപിസിസിയുടെ ഗാന്ധി രക്തസാക്ഷി ദിനാചരണത്തിലാണ് പ്രധാന നേതാക്കള്‍ക്കൊപ്പം തരൂര്‍ പങ്കെടുത്തത്. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും ഇനി സ്‌നേഹത്തില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ മഞ്ഞുരുക്കത്തിന് പിന്നാലെയാണ് ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ഗാന്ധി രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുത്തത്. എ.കെ ആന്റണി, കെസി വേണുഗോപാല്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ കേരളത്തിലെ പ്രധാന നേതാക്കള്‍ക്കൊപ്പമാണ് പിണക്കത്തിന് ശേഷമുള്ള തരൂരിന്റെ ആദ്യ വേദി പങ്കിടല്‍.

രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി നടന്ന ചര്‍ച്ച വളരെ ക്രിയാത്മകവും അനുകൂലവുമായിരുന്നെന്ന് തരൂര്‍ പറഞ്ഞു. ''ഒരു വിഷയവുമില്ല. പറയാനുള്ളതെല്ലാം മൂന്നാളുംകൂടി രണ്ടുഭാഗത്തും നന്നായി പറഞ്ഞുകഴിഞ്ഞു. ഇനി ഒരുമിച്ച് മുന്നോട്ടുപോകും. കൂടുതല്‍ ഞാന്‍ എന്ത് പറയാനാണ്'' -തരൂര്‍ പ്രതികരിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് പുതിയ പദവിക്കായി താന്‍ ശ്രമിക്കുന്നില്ലെന്നും ഇപ്പോള്‍ത്തന്നെ എം.പി.യാണെന്നുമായിരുന്നു മറുപടി. തിരുവനന്തപുരത്തെ ജനങ്ങളുടെ താത്പര്യത്തിനായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുകയാണ് ജോലിയെന്നും കേരളത്തില്‍ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് പരിപാടിയില്‍ തരൂരിന്റെ പേരുപറയാതെ രാഹുല്‍ നീരസം പരസ്യമായി പ്രകടമാക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാഹുലിന് എഴുതിനല്‍കിയ പേരുകളില്‍ തരൂരിന്റേത് അബദ്ധത്തില്‍ വിട്ടുപോയെന്നായിരുന്നു കോണ്‍ഗ്രസ് വിശദീകരണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് തരൂര്‍ അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. കേരളത്തിലെ തിരഞ്ഞെടുപ്പൊരുക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഇന്ദിരാഭവനില്‍നടന്ന യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഡല്‍ഹിയില്‍ നടത്തിയ രണ്ടു മണിക്കൂര്‍ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്. നേതാക്കളുമായി ക്രിയാത്മക ചര്‍ച്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ശശി തരൂരിന്റെ പാര്‍ട്ടിയുമായുള്ള അനുനയ നീക്കത്തില്‍ താന്‍ ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളി ഷാഫി പറമ്പിലും രംഗത്തുവന്നു.

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമാണ്. ഇത്രയും മുതിര്‍ന്ന നേതാവിന്റെ കാര്യത്തില്‍ ഇടപെട്ട് സംസാരിക്കാന്‍ മാത്രമുള്ള വലിപ്പം തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ പരമോന്നത തലത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ചര്‍ച്ച നടത്തിയത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ്. അവര്‍ക്ക് സംസാരിക്കാന്‍ മറ്റൊരാളുടെ ഇടപെടല്‍ ആവശ്യമില്ലല്ലോയെന്ന് ഷാഫി പറഞ്ഞു.

Tags:    

Similar News