മതമല്ല..വിശപ്പാണ് പ്രധാനമെങ്കിൽ കുറച്ച്..കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നമെല്ലാം തീരുമല്ലോ..; ഇവരെന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല; പ്രസംഗത്തിൽ തുറന്നടിച്ച് സണ്ണി എം കപിക്കാട്

Update: 2026-02-10 16:02 GMT

തൃശൂർ: ഇടതുപക്ഷത്തിന്റെ 'മതമല്ല വിശപ്പാണ് പ്രശ്നം' എന്ന വാദത്തെ രൂക്ഷമായി വിമർശിച്ച് സണ്ണി എം കപിക്കാട്. വിശപ്പ് മാത്രമാണ് പ്രശ്നമെങ്കിൽ കുറച്ച് കപ്പ പുഴുങ്ങിക്കൊടുത്താൽ കേരളത്തിന്റെ പ്രശ്നങ്ങളെല്ലാം തീരുമോ എന്ന് അദ്ദേഹം ചോദ്യമുയർത്തി. മനുഷ്യന് വെറും ജീവിതം പോരാ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും സണ്ണി എം കപിക്കാട് ഊന്നിപ്പറഞ്ഞു.

തൃശൂരിലെ കൊടുങ്ങല്ലൂരിൽ നടന്ന ഗുരുമാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മുസ്‌ലിങ്ങൾക്ക് അന്തസ്സായി ജീവിക്കാൻ അവകാശമുണ്ടെന്നും അത് അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച കപിക്കാട്, കുറെ ഭക്ഷണം നൽകിയാൽ മാത്രം മതിയോ എന്നും ചോദ്യം ചെയ്തു. 'കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഈ നിലപാട് ചരിത്രത്തെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോ. ബി.ആർ. അംബേദ്കറെ ഭരണഘടനാ നിർമ്മാണ സമിതിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടന്നപ്പോൾ, അദ്ദേഹത്തെ സഭയിലേക്ക് കൊണ്ടുവരാൻ മുൻകൈയെടുത്തത് ജിന്ന നേതൃത്വം നൽകിയ മുസ്‌ലിം ലീഗാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംബേദ്കറെപ്പോലെ പ്രതിഭാശാലിയായ ഒരു വ്യക്തിയുടെ സേവനം ഇന്ത്യക്ക് നഷ്ടപ്പെടരുതെന്ന് ജിന്ന അന്ന് പറഞ്ഞ വാക്കുകൾ അവരുടെ ചരിത്രവും അവകാശരാഹിത്യവും പഠിക്കുന്ന ഒരാളെന്ന നിലയിൽ തനിക്ക് മറക്കാൻ കഴിയില്ലെന്നും കപിക്കാട് പറഞ്ഞു. 

Tags:    

Similar News