ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ സ്വാഭാവിക പ്രതികരണമുണ്ടാകുമെന്ന് ടി പി രാമകൃഷ്ണന്‍; അഞ്ച് മാസത്തോളം പണിമുടക്കിനായി ക്യാമ്പയിന്‍ നടത്തിയിരുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ സ്വാഭാവിക പ്രതികരണമുണ്ടാകുമെന്ന് ടി പി രാമകൃഷ്ണന്‍
കോഴിക്കോട്: പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ച് മാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരം തൊഴിലാളികളുടെ മുമ്പില്‍ പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പരിശോധിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ മറുപടി. ഇന്ന് ജോലിക്ക് വരാന്‍ പാടില്ല. പണിമുടക്കിന്റെ ഏത് ആവശ്യത്തോടാണ് എതിര്‍പ്പെന്ന് ജോലി ചെയ്യാനെത്തിയവര്‍ പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മാസത്തോളം പണിമുടക്കിനായി ക്യാമ്പയിന്‍ നടത്തുന്ന തൊഴിലാളിക്ക് മുമ്പില്‍ ഇതിനെ വെല്ലുവിളിച്ച് ചില ആളുകള്‍ വന്നാല്‍ ചെറിയ പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാനുഷികമാണ്.
ആശുപത്രി, വെള്ളം, പത്രം തുടങ്ങിയവയെല്ലാം പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതാണ്. ആശുപത്രിയില്‍ പോകുന്നവരെ തടയാന്‍ പാടില്ലെന്നും പ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന് തൊഴിലാളി അനുകൂല നിലപാടാണ്. സമരമുഖത്ത് യോജിച്ചു നില്‍ക്കാന്‍ കഴിയുന്നവരുമായി യോജിച്ചു നില്‍ക്കും. യോജിച്ചു നില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ബിഎംഎസ്സിനെയും ഒപ്പം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.