എസ് ഡി പി ഐ പോലെയുള്ള വര്‍ഗീയ ശക്തികളുടെ അടിമത്തത്തിലാണ് കോണ്‍ഗ്രസ്; നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഉന്നത കുല ജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസില്‍ നിലനില്‍പ്പുളളു; നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാജി വച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷന്‍
തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ എ പി വിഷ്ണു രാജിവെച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ എ പി വിഷ്ണു രാജിവെച്ചു. നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം രാജിക്കത്തില്‍ ഉന്നയിച്ചത്. എസ് സി വിഭാഗക്കാരനായതിനാല്‍ പാര്‍ട്ടിയില്‍ പരിഗണനയില്ലെന്നും നേതൃത്വം മാനസികമായി ഒറ്റപ്പെടുത്തിയെന്നും ആരോപിച്ചാണ് വിഷ്ണു രാജിക്കത്ത് സമര്‍പ്പിച്ചത്.
പാര്‍ട്ടിയില്‍ പരിഗണന വേണമെങ്കില്‍ ഉന്നതകുലജാതിയില്‍ ജനിക്കണമെന്നും വിഷ്ണു രാജിക്കത്തില്‍ വ്യക്തമാക്കി. എസ് ഡി പി ഐ പോലുള്ള വര്‍ഗീയശക്തികളുടെ അടിമത്വത്തിലാണ് കോണ്‍ഗ്രസ് എന്നും കത്തില്‍ വിമര്‍ശനമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ബലിയാടാണ് താനെന്നും രാജിക്കത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനാണ് രാജിക്കത്ത് നല്‍കിയത്.
രാജിക്കത്തിന്റെ പൂര്‍ണരൂപം:
'ഞാന്‍ 2011 ല്‍ എസ്എന്‍ കോളേജില്‍ യൂണിറ്റ് പ്രസിഡന്റായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ആണ്. കഴിഞ്ഞകാലങ്ങളില്‍ ഞാന്‍ അനുഭവിക്കേണ്ടിവന്ന അവഗണനയും ഒറ്റപ്പെടലും വളരെ വലുതാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും മറ്റൊരു ബലിയാട് കൂടിയാണ് ഞാന്‍. ഞാനൊരു എസ് സി സമുദായത്തില്‍ പെടുന്ന ആളാണ്, അതുകൊണ്ടുതന്നെ നാളിതുവരെ യാതൊരു പരിപാടിയിലും (കോണ്‍ഗ്രസ് കഴക്കൂട്ടം) എന്നെ സഹകരിപ്പിക്കുകയോ, പരിപാടികള്‍ അറിയിക്കുകയോ ചെയ്യാറില്ല.നേതൃത്വം മാനസികമായി വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ്.
നേതാക്കന്മാരുടെ പെട്ടിയെടുക്കുകയും ഒപ്പം ഉന്നത കുല ജാതിയില്‍ ജനിക്കുകയും ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവ് എന്നെ വേദനിപ്പിക്കുന്നു. ഒരു ഇന്ത്യക്കാരന്‍ എന്നതു പോലെതന്നെ കോണ്‍ഗ്രസുകാരന്‍ എന്നതില്‍ അഭിമാനിച്ചിരുന്ന എനിക്ക്, ഇന്ന് ഈ പ്രസ്ഥാനത്തില്‍ തുടരുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. എസ് ഡി പി ഐ പോലെയുള്ള വര്‍ഗീയ ശക്തികളുടെ അടിമത്തത്തിലാണ് ഇന്ന് ഈ പ്രസ്ഥാനം. ആയതിനാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വെച്ചതായി അറിയിച്ചുകൊള്ളുന്നു'.