തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20യെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഇടത് - വലത് മുന്നണികള്‍ വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ത്തു; ട്വന്‍ി20 പാര്‍ട്ടി മാറിചിന്തിച്ചത് അവിടെ മുതലെന്ന് സാബു എം ജേക്കബ്; ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ട്വന്റി20 മുന്നിലുണ്ടാകുമെന്നും പാര്‍ട്ടി പ്രസിഡന്റ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20യെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഇടത് - വലത് മുന്നണികള്‍ വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ത്തു

Update: 2026-01-25 14:34 GMT

കൊച്ചി: അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം കേരളത്തില്‍ ഭരണം പിടിച്ചെടുക്കുമെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന സമിതി യോഗം. പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനത്തിന് ശേഷം വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ മുതല്‍ സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന യോഗത്തിന്റേതാണ് വിലയിരുത്തല്‍.

പാര്‍ട്ടിയുടെ നയങ്ങളും, വികസന കാഴ്ച്ചപ്പാടും പിന്‍തുടരുന്ന എന്‍ഡിഎ മുന്നണിയിലേയ്ക്കുളള പാര്‍ട്ടിയുടെ പ്രവേശനത്തേയും യോഗം ഐക്യകണ്ഠേന സ്വാഗതം ചെയ്തു. യാതൊരുവിധ രാഷ്ട്രീയ സദാചാരവും പുലര്‍ത്താതെ ട്വന്റി20 പാര്‍ട്ടിയെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതിന് തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ഇടത് വലത് മുന്നണികള്‍ വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ത്തത് ട്വന്‍ി20 പാര്‍ട്ടി ഇതുവരെ തുടര്‍ന്ന് വന്ന നയത്തില്‍ നിന്നും മാറ്റിചിന്തിപ്പിക്കാന്‍ കാരണമായെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് യോഗത്തില്‍ വിശദീകരിച്ചു.

കഴിഞ്ഞ 12 വര്‍ഷത്തെ ഭരണ നൈപുണ്യംകൊണ്ട് ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്നിലെത്തിച്ച നരേന്ദ്ര മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസരം കേരളത്തിന്റെ പുരോഗമനത്തിന് ഉപകരിക്കുമെന്നും യോഗം വിലയിരുത്തി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ആശങ്കകള്‍ പരിഹരിക്കുന്നതിനും ട്വന്റി20 പാര്‍ട്ടി മുന്നിലുണ്ടാകുമെന്നും സാബു ജേക്കബ് പറഞ്ഞു.

സമൂഹത്തിന്റെ വിവിധ മേഖലയിലുളളവര്‍ പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശത്തെ സ്വാഗതം ചെയ്തുവെന്നും, പതിനായിരക്കണക്കിന് പേര്‍ പാര്‍ട്ടിയുടെ അംഗത്വം എടുക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News