രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാന്‍ ചിലരുണ്ട്; യോഗ്യതയില്ലെങ്കിലും ഖാസിമാരായവരുണ്ട്; പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തുറന്നു പറയും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി
കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അണിയറയില്‍ പടയൊരുക്കം. മുസ്ലീം ലീഗിനും സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെയാണ് വിമര്‍ശനം ഉയരുന്നത്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കമാണ് തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാന്‍ ചിലരുണ്ടെന്നും യോഗ്യതയില്ലെങ്കിലും ഖാസിമാരായവരുണ്ടെന്നാണ് വിമര്‍ശനം. ഒരിടവേളയ്ക്ക് ശേഷമാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നം വീണ്ടും ഉയര്‍ന്നുവരുന്നത്.
'ഖാസിയാകാന്‍ ഇസ്ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെയാണ് പലരും ഖാസിമാരാകുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ അത് തുറന്നുപറയും. ആരെയും പേടിച്ചിട്ടല്ല, ജനങ്ങളുടെയിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കേണ്ടെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. '- അദ്ദേഹം പറഞ്ഞു. മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് ഉമര്‍ ഫൈസിയുടെ വിമര്‍ശനം.'
പണ്ട് സമസ്ത എന്ത് പറയുന്നോ അതിനൊപ്പം സംഘടനകള്‍ നില്‍ക്കുമായിരുന്നു. ഇന്ന് അതിന് തയ്യാറല്ല. സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് വേറെ സംഗതിയുണ്ടാക്കുകയാണ്. നമ്മളുടെയടുത്ത് ആയുധങ്ങളുണ്ട്. അവര്‍ കരുതിയിരുന്നുകൊള്ളണം. അത് ദുരപയോഗം ചെയ്യാതെ, ആവശ്യം വരുമ്പോള്‍ അതെടുക്കുമെന്ന് കരുതുന്നത് നല്ലതാണ്. എല്ലാവരുമായും സഹകരിച്ചുപോകുന്നത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും നല്ലതാണ്.'- എന്നാണ് അദ്ദേഹം പറയുന്നത്.
സാദിഖലി തങ്ങള്‍ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെയും അദ്ദേഹം വിമര്‍ശിച്ചു. കോര്‍ഡിനേഷന്‍ ഒഫ് ഇസ്ലാമിക് കോളേജസ് (സിഐസി) വിഷയത്തില്‍ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകള്‍ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കണമെന്നും പറഞ്ഞു.