ഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുളളതു കൊണ്ടോ? സമന്‍സ് ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയന്‍ പറയാതിരുന്നത് എന്തുകൊണ്ടാണ്? സിപിഎം- ബിജെപി ബാന്ധവത്തില്‍ മകനെതിരായ കേസും ഒത്തുതീര്‍പ്പാക്കിയോ? ചോദ്യങ്ങളുമായി വി ഡി സതീശന്‍

ഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്?

Update: 2025-10-12 12:02 GMT

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മകന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയത് മറച്ചുവച്ചത് എന്തനെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി.പി.എം സംസ്ഥാന നേതൃത്വത്തിനും ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തില്‍ എത്തിയ ഇ.ഡി സമന്‍സ് പാര്‍ട്ടി നേതൃത്വത്തെയോ മന്ത്രിസഭയിലെ അംഗങ്ങളെയോ അറിയിക്കാതെ പിണറായി വിജയന്‍ രഹസ്യമാക്കി വച്ചതില്‍ ദുരൂഹതയുണ്ട്. മകന് എതിരായ സമന്‍സ് ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയന്‍ പറയാതിരുന്നത് എന്തുകൊണ്ടാണ്? മടിയില്‍ കനമുണ്ടായിരുന്നോ?

സി.പി.എം- ബി.ജെ.പി ബാന്ധവത്തില്‍ മകനെതിരായ കേസും പിണറായി വിജയന്‍ ഒത്തുതീര്‍പ്പാക്കിയോ? ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതേ എഡി.ജി.പിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതും തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതും പ്രത്യുപകാരമായിരുന്നോ? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന് സമന്‍സ് നല്‍കിയത് എന്തിനെന്നും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് ക്ലിഫ് ഹൗസ് വാങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവേകിനുള്ള സമന്‍സ് മുഖ്യമന്ത്രിയുടെ വസതി കൈപ്പറ്റാതെ മടക്കിയെന്നാണ് റിപ്പോര്‍ട്ട്. 'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം' എന്ന വിലാസത്തിലാണ് സമന്‍സ് അയച്ചത്. വിവേക് ഈ വിലാസത്തിലല്ല താമസിക്കുന്നതെന്നും ഇതു മുഖ്യമന്ത്രിയുടെ വസതിയാണെന്നും അറിയിച്ച് സമന്‍സ് മടക്കുകിയെന്നാണ് റിപ്പോര്‍ട്ട്. സമന്‍സ് കൊടുത്തുവെന്നതിന് അപ്പുറമൊന്നും ഇഡിയും ഇപ്പോള്‍ വിശദീകരിക്കുന്നില്ല.

മുഖ്യമന്ത്രിയുടെ മകന്റെ സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി പരിശോധിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്ദേശിച്ചിരുന്നതെന്ന് സൂചന. അബുദാബിയിലെ ബാങ്കില്‍ ജോലി ചെയ്യുന്ന വിവേകിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് മറ്റുചിലരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ലൈഫ് മിഷന്‍ കേസിലെ ഒന്നിലധികം സാക്ഷികള്‍ വിവേകിനെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയിലും വിദേശത്തുമായി വിവേകിനുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, അവ തുടങ്ങിയതു മുതലുള്ള വിശദ സ്റ്റേറ്റ്മെന്റ് എന്നിവ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ആനന്ദ് സമന്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ വിവേകിന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശദാംശങ്ങളും അവയുടെ രേഖകളും ഹാജരാക്കാനും നിര്‍ദേശിച്ചു.

കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഡയറക്ടര്‍, പാര്‍ട്നര്‍ പദവികളെക്കുറിച്ചും അവിടെയുള്ള ഓഹരി പങ്കാളിത്തത്തെക്കുറിച്ചും രേഖകള്‍ സഹിതം വിശദീകരിക്കാനും ആവശ്യപ്പെട്ടു. കമ്പനികളിലും സ്ഥാപനങ്ങളിലും വിവേകിനു പങ്കാളിത്തമുള്ളതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2023 ഫെബ്രുവരി 14ന് ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകുമ്പോള്‍ കൊണ്ടുവരേണ്ട രേഖകളുടെ പട്ടിക അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു നല്‍കിയ സമന്‍സില്‍ ചേര്‍ത്തിട്ടുണ്ട്. ക്ലിഫ് ഹൗസ് ഈ സമന്‍സ് കൈപ്പറ്റാത്താതു കൊണ്ട് തന്നെ നിയമപരമായി ഇതൊന്നും വിവേക് കിരണ്‍ അറിഞ്ഞിട്ടുമില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തു വന്നിട്ടുണ്ട്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ആരോപിച്ചു. ഇ.ഡി അത് നടപ്പാക്കണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും സ്വപ്ന പറയുന്നു.

''ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018ല്‍ ഞാനും പഴയ ബോസ് ആയ യുഎഇ കോണ്‍സല്‍ ജനറലും ആയി ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കോണ്‍സല്‍ ജനറലിനു പരിചയപെടുത്തി. മകന്‍ യുഎഇയില്‍ ബാങ്കില്‍ ആണ് ജോലി ചെയ്യുന്നതെന്നും അവന് യുഎഇയില്‍ ഒരു നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് മേടിക്കാന്‍ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കോണ്‍സല്‍ ജനറലിനോട് ക്യാപ്റ്റന്‍ ആവശ്യട്ടു'' സ്വപ്ന പറഞ്ഞു.

അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് വാങ്ങിക്കാമെന്നും സ്വപ്ന പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും. നമുക്ക് കാത്തിരിക്കാമെന്ന് പറയുന്ന സ്വപ്ന, സ്വാമിയേ ശരണം അയ്യപ്പാ എന്നു പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags:    

Similar News