സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതിന് പിന്നില്‍ സംഘ് പരിവാര്‍ അജണ്ട; നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖം മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയത്: വി ഡി സതീശന്‍

സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതിന് പിന്നില്‍ സംഘ് പരിവാര്‍ അജണ്ട

Update: 2024-10-04 12:46 GMT

കണ്ണൂര്‍: സ്വര്‍ണ കടത്തിനെ കുറിച്ച് മുഖ്യമന്തി നടത്തുന്ന പ്രചരണങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം '

21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലും അതിനു ശേഷം നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനവും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയതാണിത്. ഞങ്ങള്‍ പറഞ്ഞ കാര്യം തന്നെയാണ് ഇടതു സ്വതന്ത്ര എം.എല്‍.എയായ പി. വി അന്‍വറും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ അന്നേ വര്‍ഷങ്ങള്‍ക്ക് മുന്‍പെ പറഞ്ഞിരുന്നു. അതു തന്നെയാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്നത്. അന്‍വറിനെ പിന്‍തുണയ്ക്കുന്നത് ഞങ്ങള്‍ക്കെതിരെ നേരത്തെ അക്രമം നടത്തിയ സി.പി.എംസൈബര്‍ ഹാന്‍ഡിലുകളാണ് അവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്‍തുണ അന്‍വറിനുണ്ട്.

നിയമസഭയില്‍ അന്‍വര്‍ എവിടെ ഇരിക്കുമെന്ന ചോദ്യത്തില്‍ പ്രസക്തിയില്ല സ്വതന്ത്ര എം.എല്‍ എ മാര്‍ ഇരിക്കേണ്ടിടത്ത് അന്‍വര്‍ ഇരിക്കും. പ്രതിപക്ഷ നിരയില്‍ അദ്ദേഹം ഇരിക്കുമോയെന്ന ചോദ്യം അപ്രസക്തമാണ്. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ ബസിന് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് എല്ലാവരും കണ്ടതാണ്. പൊലിസ് കസ്റ്റഡിയിലെടുത്തവരെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ തല്ലിച്ചതച്ചത്.

ഇവരെ കുറ്റവിമുക്തരാക്കി ക്‌ളീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. ഇതാരും അംഗീകരിക്കില്ല. ഈ നാട്ടില്‍ നിയമസംവിധാനമൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നില്ല. പൊലിസ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പവര്‍ ഗ്രൂപ്പ് എഴുതി നല്‍കുന്നത് അതേപടി ചെയ്യുന്ന അടിമ കൂട്ടമായി മാറി കഴിഞ്ഞു.

നീതിന്യായ വ്യവസ്ഥ തകര്‍ത്ത മുഖ്യമന്ത്രി രാജിവയ്ക്കണം. ഡോ. എം.കെ മുനീറിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് ഉയര്‍ത്തിയ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Tags:    

Similar News