കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍; വി ജെ ഷാജി എത്തിയത് രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടത്തിയ അദാലത്തില്‍; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്റെ ഗ്യാസ് ഏജന്‍സി ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെട്ടെന്ന് ഷാജിയുടെ പരാതി; ബിജെപിയില്‍ ചേരുന്നത് ആലോചിക്കും
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന മെഗാ അദാലത്തിലാണെത്തിയത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് ഷാജി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് അദാലത്ത് നടത്തിയത്.
തന്റെ ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനാണ് എത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി വ്യക്തമാക്കി. ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി, സണ്ണി ജോസഫിന്റെ ഇളയ സഹോദരനാണ്.
ബിജെപിയില്‍ ചേരുന്നത് ആലോചിക്കുന്നതായി ഷാജി മാധ്യമങ്ങളോട് പറഞ്ഞു. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു. അദാലത്തില്‍ പരാതി നല്‍കാനാണ് എത്തിയതെന്നും ഷാജി പറഞ്ഞു. കെ കരുണാകരന്റെ പത്മജ വേണുഗോപാലും എ കെ ആന്‍ണിയുടെ മകന്‍ അനില്‍ ആന്റണിയും നിലവില്‍ ബിജെപി നേതാക്കളാണ്. എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു അനില്‍ ആന്റണി. പത്മജ വേണുഗോപാലും കോണ്‍ഗ്രസിന്റെ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
അതേസമയം വികസനം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി സംഘടിപ്പിച്ച മെഗാ അദാലത്തും ജനസംഗമത്തില്‍ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. മമ്പറം എജുക്കേഷണല്‍ ട്രസ്റ്റ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. കേന്ദ്ര സഹമന്ത്രി ശോഭ കറന്തലജേ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പേരാവൂര്‍ മുരിങ്ങോടി കോളനിയിലെ ഉഷ പാറങ്ങോട്ട്, ബാലന്‍ ധര്‍മ്മടം, പാട്യം പുതിയറ ശാന്ത, പുരുഷോത്തമന്‍ തളിപ്പറമ്പ് എന്നിവരും നേതാക്കളോടൊപ്പം ഭദ്രദീപം തെളിയിച്ചു. മെഗാഅദാലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും സി. സദാനന്ദന്‍ മാസ്റ്റര്‍ എം പിയും ജനങ്ങളില്‍ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിച്ചു.
ചപ്പാരപ്പടവിലെ ദിവ്യാംഗയായ മേരിക്കുട്ടി, മൈലുള്ളിമൊട്ട യിലെ റസിയ എന്നിവരില്‍ നിന്ന് ആദ്യ പരാതി സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ കേരളത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ ഇനി ബിജെപി ഉണ്ടാകുമെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. മെഗാ അദാലത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെതടക്കം 20 ഹെല്‍പ് ഡസ്‌ക്കും ഒരുക്കിയിരുന്നു.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബുദുള്ളക്കുട്ടി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, സെക്രട്ടറി കെ.രഞ്ചിത്ത്, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാര്‍, സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെകട്ടറി ഗോകുല്‍ ഗോപിനാഥ്, ദേശീയകൗണ്‍സില്‍ അംഗങ്ങളായ പി.കെ. വേലായുധന്‍, സി. രഘുനാഥ്, കോഴിക്കോട് മേഖലാ അധ്യക്ഷന്‍ അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശന്‍ മാസ്റ്റര്‍, എന്‍. ഹരിദാസ്, ബിഡിജെഎസ് ജില്ലാ പ്രസിഡണ് പൈലി വാത്യാട്ട് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്ററും കോഴിക്കോട് മേഖല പ്രഭാരി അഡ്വ. വി.കെ. സജീവന്‍ സ്വാഗതം പറഞ്ഞു.
