ചലച്ചിത്ര സംവിധായകന്‍ വി.എം. വിനു കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുന്നു; കല്ലായി ഡിവിഷനില്‍ യുഡിഎഫിന് വേണ്ടി മാറ്റുരയ്ക്കും; മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ സാധ്യത; 15 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
വി.എം. വിനു കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
കോഴിക്കോട്: ചലച്ചിത്ര സംവിധായകന്‍ വി.എം. വിനു കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങുന്നു. മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചന. വി.എം.വിനു കല്ലായി ഡിവിഷനിലാണ് ജനവിധി തേടുന്നത്.
കോണ്‍ഗ്രസ് ഡിസിസി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും എം.കെ. രാഘവന്‍ എംപിയും ചേര്‍ന്നാണ് വി.എം. വിനു ഉള്‍പ്പെടെയുള്ള 15 പേരുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. വി.എം. വിനുവിനൊപ്പം മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും.
രണ്ടാം ഘട്ട പട്ടികയില്‍ എരഞ്ഞിക്കല്‍ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാല്‍ കല്ലാട്ടും സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ പരിസ്ഥിതി പ്രവര്‍ത്തക പി.എം. ജീജാഭായിയും ഉള്‍പ്പെടുന്നു. ആകെ 76 സീറ്റുകളില്‍ 49 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. മുസ്ലിം ലീഗിന് 25 സീറ്റും സി.എം.പിക്ക് 2 സീറ്റും വീതം നല്‍കിയിട്ടുണ്ട്. ആദ്യഘട്ട പട്ടികയില്‍ 22 പേരുടേത് ഉള്‍പ്പെടെ ആകെ 37 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇനിയും 12 സീറ്റുകളില്‍ക്കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.
കോണ്‍ഗ്രസ് കല്ലായി ഡിവിഷനില്‍ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്.
നാടക രംഗത്തും എഴുത്തിലും സജീവമായിരുന്ന വി.എം. വിനു, പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ്. പിന്നീട് ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം 'ബാലേട്ടന്‍', 'വേഷം', 'ബസ് കണ്ടക്ടര്‍', 'പല്ലാവൂര്‍ ദേവനാരായണന്‍', 'മയിലാട്ടം', 'ആകാശത്തിലെ പറവകള്‍' തുടങ്ങിയ പതിനഞ്ചോളം ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.