ശബരിമലയില്‍ നിന്ന് സ്വര്‍ണം കട്ടവരെ എത്രയും വേഗം കല്‍തുറുങ്കലില്‍ അടയ്ക്കും; പിഎം ശ്രീയില്‍ കേന്ദ്രത്തോട് വിധേയത്വമില്ല; കേരളത്തിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് നിഷേധിക്കേണ്ടയെന്ന നിലപാടാണ് ഞങ്ങള്‍ക്ക്; വിവാദങ്ങളില്‍ നിലപാടറിയിച്ച് മന്ത്രി വാസവന്‍
ശബരിമലയില്‍ നിന്ന് സ്വര്‍ണം കട്ടവരെ എത്രയും വേഗം കല്‍തുറുങ്കലില്‍ അടയ്ക്കും
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ടുളള പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ സംതൃപ്തി രേഖപ്പെടുത്തി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. വിവാദ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ ഇതുവരെയായിട്ടും മാറ്റം വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ നിന്ന് സ്വര്‍ണം കട്ടവരെ എത്രയും വേഗം കല്‍തുറുങ്കലില്‍ അടയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ശബരിമലയില്‍ സ്വര്‍ണക്കൊളള നടത്തിയവരെ ജയിലിലും സ്വര്‍ണം ശബരിമലയിലും എത്തിക്കുമെന്നാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ആദ്യം പ്രതികരിച്ചിരുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ ഏറ്റവും സമര്‍ത്ഥരായ പൊലീസുകാരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ത്വരിതഗതിയിലാണ് അവരുടെ അന്വേഷണം നടക്കുന്നത്.
ആദ്യഘട്ടത്തില്‍ തന്നെ സ്പോണ്‍സര്‍മാരിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം മുന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു.കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. കളളന്‍മാര്‍ ആരായാലും അവരെ അകത്താക്കും. കൊളളക്കാരെ കല്‍തുറുങ്കിലടയ്ക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലെ മൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് അധികൃതര്‍ തന്നെ വിശദമാക്കിയതാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു'- മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചതിലുളള സിപിഐയുടെ വിമര്‍ശനത്തിലും മന്ത്രി പ്രതികരിക്കുകയുണ്ടായി,'സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് വിധേയത്വം കാണിച്ചിട്ടില്ലെന്നാണ് വാസവന്‍ പറഞ്ഞത്. മുന്‍പ് പാഠഭാഗങ്ങളില്‍ നിന്ന് ഗാന്ധിജിയെക്കുറിച്ചുളള കാര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അത്തരത്തില്‍ ചെയ്യില്ലയെന്ന നിലപാടെടുത്ത സര്‍ക്കാരാണ് ഞങ്ങളുടേത്.
കേന്ദ്രം പറഞ്ഞ പല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കും കേരള സര്‍ക്കാര്‍ നിന്നുകൊടുത്തിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് നിഷേധിക്കേണ്ടയെന്ന നിലപാടാണ് ഞങ്ങള്‍ക്കുളളത്. അല്ലാതെ കേന്ദ്രത്തോടുളള വിധേയത്വമല്ല ഇപ്പോഴുളളത്. വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ വ്യക്തത വരുത്തിയിരുന്നു'- മന്ത്രി കൂട്ടിച്ചേര്‍ത്തു.