യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദം ദിവാസ്വപ്നം; നൂറില്‍ നിന്നും ഒരു പൂജ്യം ഒഴിവാക്കേണ്ടി വരും; കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാള്‍ക്കും മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്: വി ശിവന്‍കുട്ടി

യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദം ദിവാസ്വപ്നം

Update: 2025-07-27 09:07 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 100 സീറ്റുകള്‍ നേടുമെന്ന വി ഡി സതീശന്റെ അവകാശവാദത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. യു ഡി എഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദത്തില്‍ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും. സതീശന്റെ അവകാശവാദങ്ങള്‍ വെറും ദിവാസ്വപ്നം മാത്രമാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉച്ചികുത്തി താഴെ പോകുമെന്നുമാണ് ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവി തുറന്നടിച്ചത്. കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാള്‍ക്കും മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാര്‍ഡില്‍ ഇറങ്ങി നടക്കാന്‍ ആളില്ലെന്നും, വാര്‍ഡ് പ്രസിഡന്റുമാരുടെ ലിസ്റ്റ് വെറും ബോഗസ് ആയിരുന്നുവെന്നും, നാട്ടില്‍ ഇറങ്ങിനടന്ന് ജനങ്ങളെ കണ്ട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ ആളുള്ളൂ എന്നും പാലോട് രവി പറയുന്നു. വെറുതെ വീരവാദം പറഞ്ഞ് നടക്കാനേ കോണ്‍ഗ്രസിനാകൂ. പ്രതിപക്ഷ നേതാവിന്റെ 100 സീറ്റ് പ്രവചനം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസക്കുറവിനെ മറച്ചുവെക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് 100 സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തില്‍ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും.

കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കള്‍ തന്നെ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോള്‍, വി ഡി സതീശന്റെ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ വെറും ദിവാസ്വപ്നം മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉച്ചികുത്തി താഴെ പോകുമെന്നുമാണ് പാലോട് രവി തുറന്നടിച്ചത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നോട്ടീസുമടിച്ച് വീടുകളില്‍ ചെന്നാല്‍ ഒരാളും വോട്ട് ചെയ്യില്ലെന്നും, ആത്മാര്‍ത്ഥമായ ബന്ധങ്ങളില്ലെന്നും, എങ്ങനെ കാലുവാരാമെന്നാണ് എല്ലാവരുടെയും നോട്ടമെന്നും പാലോട് രവി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാള്‍ക്കും മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും പാലോട് രവി പ്രസ്താവിച്ചിട്ടുണ്ട്. വാര്‍ഡില്‍ ഇറങ്ങി നടക്കാന്‍ ആളില്ലെന്നും, വാര്‍ഡ് പ്രസിഡന്റുമാരുടെ ലിസ്റ്റ് വെറും ബോഗസ് ആയിരുന്നുവെന്നും, നാട്ടില്‍ ഇറങ്ങിനടന്ന് ജനങ്ങളെ കണ്ട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ ആളുള്ളൂ എന്നും, വെറുതെ വീരവാദം പറഞ്ഞ് നടക്കാനേ ആകൂ എന്നും പാലോട് രവി വ്യക്തമാക്കിയ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവിന്റെ 100 സീറ്റ് പ്രവചനം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസക്കുറവിനെ മറച്ചുവെക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണാനാകൂ.

Tags:    

Similar News