'ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാവില്ല; ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല; അവര്‍ സമയം ക്രമീകരിക്കട്ടെ'; മദ്രസ പഠനത്തിനായി സ്‌കൂള്‍ പഠന സമയം മാറ്റില്ലെന്ന കര്‍ശന നിലപാടില്‍ മന്ത്രി വി ശിവന്‍കുട്ടി; ന്യൂനപക്ഷ പ്രീണനത്തിന് സര്‍ക്കാര്‍ വഴങ്ങുന്നെന്ന വിമര്‍ശനം അതിജീവിക്കാന്‍
'ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാവില്ല
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി ആശയക്കുഴപ്പങ്ങള്‍ക്ക് ഇടനല്‍കാതെ വ്യക്തമാക്കി. സമയം അവര്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത്. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ലെന്നും മന്ത്രി പറഞ്ഞു.
അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സര്‍ക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്‌കൂള്‍ സമയമാറ്റമെന്ന ആവശ്യം സുന്നിസംഘടനകള്‍ കടുപ്പിക്കുകയാണ്. സര്‍ക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതിന് പിന്നലെ കാന്തപുരവും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം സര്‍ക്കാര്‍ മാറ്റിയെന്നാണ് സമസ്തയുടെ ആരോപണം. സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും പിന്നാലെ കാന്തപുരവും രംഗത്തെത്തിയിട്ടും മന്ത്രി വി ശിവന്‍കുട്ടി നിലപാട് മാറ്റത്തിനില്ല. സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരങ്ങളാണ് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്‌കെഎംഎംഎ) സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചത്. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു പോലും തയാറാവാത്തതിലും കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു.
സര്‍ക്കാര്‍ ഏകപക്ഷീയമായി സ്‌കൂള്‍ സമയമാറ്റം നടപ്പാക്കിയതിനെതിരെ പോരാടേണ്ടതുണ്ടെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മദ്രസ പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസല്യാര്‍ പറഞ്ഞു.
വര്‍ഷത്തില്‍ 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളില്‍ 1,100 മണിക്കൂര്‍ പഠന സമയം വേണം. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്. സമയം പുനഃക്രമീകരിക്കാന്‍ ഹൈക്കോടതിയും ആവശ്യപ്പെട്ടു. സമയമാറ്റം പുനഃപരിശോധിക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
മുസ്ലിംസംഘടനകളുടെ ആവശ്യത്തിന് വഴങ്ങിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലം തയ്യാറല്ല. ന്യൂനപക്ഷ പ്രീണന ആരോപണം കേള്‍ക്കുന്ന സര്‍ക്കാര്‍ ഇനി അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ്. മതശക്തികള്‍ക്ക് മുമ്പില്‍ വഴങ്ങുന്നെന്ന ആരോണങ്ങളെ അതിജീവിക്കാനുമാണ് കര്‍ശന നിലപാടിലൂടെ സര്‍ക്കാര്‍ നീങ്ങുന്നത്.