'വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയൊ, സംഘടനയുടേയോ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ചോദ്യമുയര്‍ത്തി വി ടി ബല്‍റാം
'വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയൊ, സംഘടനയുടേയോ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ചോദ്യമുയര്‍ത്തി വി ടി ബല്‍റാം
പാലക്കാട്: വെള്ളാപ്പള്ളി നടേശന്റെ ഒക്കച്ചങ്ങാതി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയൊ, സംഘടനയുടേയോ ന്യായമായ ഏതെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. വെള്ളാപ്പള്ളിയെ കാറില്‍ക്കേറ്റി നടക്കുന്ന മുഖ്യമന്ത്രിയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളത്തില്‍ അധികാരക്കസേരയിലുള്ളതെന്നും, ന്യായമായ ഏതെങ്കിലും ആവശ്യങ്ങള്‍ ഇക്കാലയളവിനുള്ളില്‍ പരിഗണിക്കപ്പെട്ടിട്ടില്ല, എങ്കില്‍ അതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരും സിപിഐഎമ്മും മുഖ്യമന്ത്രിയുമാണെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വെള്ളാപ്പള്ളി പിന്തുണക്കുന്ന, വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന സര്‍ക്കാരാണ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളത്തില്‍ അധികാരത്തിലുള്ളത്. വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതിയായ, വെള്ളാപ്പള്ളിയെ കാറില്‍ക്കേറ്റി നടക്കുന്ന മുഖ്യമന്ത്രിയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളത്തില്‍ അധികാരക്കസേരയിലുള്ളത്.
എന്നിട്ടും അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ സംഘടനയുടേയോ ന്യായമായ ഏതെങ്കിലും ആവശ്യങ്ങള്‍ ഇക്കാലയളവിനുള്ളില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എങ്കില്‍ അതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരും സിപിഎമ്മും മുഖ്യമന്ത്രിയും തന്നെയാണ്. കേരളത്തില്‍ വിവിധ സമുദായങ്ങള്‍ക്കും സാമൂഹ്യ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള എയ്ഡഡ് സ്ഥാപനങ്ങളുടെ വിശദമായ പട്ടിക പുറത്തുവിടണം.
ഇക്കാര്യത്തില്‍ ജില്ല തിരിച്ചുള്ള പട്ടികയും പുറത്തുവരണം. ഏതെങ്കിലും വിഭാഗങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ ജനസംഖ്യാനുപാതികമായി സ്ഥാപനങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ അക്കാര്യം പ്രത്യേകം പരിഗണിച്ച് പരിഹാരമുണ്ടാക്കണം. ചുരുക്കത്തില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ സാമൂഹിക നീതിയും പ്രദേശിക സന്തുലനവും ഉറപ്പുവരുത്തണം.
പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കുന്നത് ഏതെങ്കിലും പ്രദേശത്തിന്റേയോ ഏതെങ്കിലും ജനവിഭാഗങ്ങളുടേയോ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാനും സാമൂഹിക ഉന്നമനം ഉറപ്പുവരുത്താനുമാണെന്നും കോഴ വാങ്ങി നിയമനം നടത്താനല്ലെന്നും മാനേജ്‌മെന്റുകളും സംഘടനകളും മനസ്സിലാക്കണം. നിയമനങ്ങളിലും പ്രവേശനങ്ങളിലും സുതാര്യതയും മെറിറ്റും നീതിയുമാകണം മാനദണ്ഡം, പണക്കൊഴുപ്പും സ്വാധീനവുമാകരുത്.
നിലവില്‍ വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടാനായാല്‍ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കൊപ്പവും നില്‍ക്കാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളീയര്‍ കൂടെയുണ്ടാവും.
