ഭരണത്തില്‍ ഹാട്രിക് തികയ്ക്കാന്‍ 'വിഎസ് തരംഗം' വീണ്ടും ഉയര്‍ത്താന്‍ സിപിഎം; മകന്‍ അരുണ്‍കുമാറിനെ ആലപ്പുഴയിലേക്ക് മത്സരിപ്പിച്ചേക്കും; തിരുവനന്തപുരത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയവരില്‍ ബഹുഭൂരിപക്ഷത്തിനും ഇളവ്; കണ്ണൂരിലെ കോട്ടകളില്‍ പുതുമുഖങ്ങളും വരും; ആറന്മുളയില്‍ വീണയ്ക്കും സാധ്യത; 2026ല്‍ വിഎസ് വികാരം സിപിഎമ്മിനെ തുണയ്ക്കുമോ?
തിരുവനന്തപുരം: ഭരണത്തില്‍ ഹാട്രിക് തികയ്ക്കാന്‍ 'വിഎസ് തരംഗം' വീണ്ടും ഉയര്‍ത്താന്‍ സിപിഎം. ആലപ്പുഴയിലെ മണ്ഡലങ്ങളില്‍ ഒന്നില്‍ വി.എസ.് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്. വി.എസിനോട് പാര്‍ട്ടി അനീതി കാട്ടിയെന്ന ചര്‍ച്ചകളെ അപ്രസക്തമാക്കാനും വി.എസ്. അനുകൂലികളെ ചേര്‍ത്ത് നിര്‍ത്താനും ഇതുപകരിക്കുമെന്നാണു സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തലെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. വിഎസിന്റെ ജനപ്രീതിയില്‍ സിപിഎം വീണ്ടും വിശ്വാസം അര്‍പ്പിക്കാനാണ് ഇത്.
പല ഘടകക്ഷികളുടേയും സീറ്റുകള്‍ വിജയസാധ്യത തിരിച്ചറിഞ്ഞു സി.പി.എം ഏറ്റെടുക്കാനും സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ 'വിജയ സാധ്യത' മാത്രം കണക്കിലെടുക്കാന്‍ സി.പി.എം. ത്രികോണ മത്സരച്ചൂടുള്ള മണ്ഡലങ്ങളിലെല്ലാം രണ്ടു ടേം പൂര്‍ത്തിയാക്കിയ സിറ്റിങ് എം.എല്‍.എമാര്‍ക്കും വിജയ സാധ്യത നോക്കി ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ സീറ്റ് കുറയുന്നില്ലെന്ന് ഉറപ്പിക്കാന്‍ മിക്ക സിറ്റിങ് എം.എല്‍.എമാര്‍ക്കും മത്സരിക്കാന്‍ അവസരം ഒരുക്കും. എന്നാല്‍ കണ്ണൂരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയാര്‍ക്കും രണ്ടു ടേമില്‍ ഇളവ് കിട്ടില്ല. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ല.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും വര്‍ക്കലയില്‍ വി.എസ.് ജോയിയും വാമനപുരത്ത് ഡി.കെ. മുരളിയും കാട്ടക്കടയില്‍ ഐ.ബി. സതീഷും പാറശ്ശാലയില്‍ സി.കെ. ഹരീന്ദ്രനും നെയ്യാറ്റിന്‍കരയില്‍ ആന്‍സലനും വീണ്ടും മത്സരിക്കും. ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇളവ് നല്‍കുന്നതും പരിഗണനയിലുണ്ട്. വ്യക്തിപരമായ മികവില്‍ എം.എല്‍.എയായവരുടെ പട്ടിക പാര്‍ട്ടി തയാറാക്കും. ഇതിലുള്ള എല്ലാവര്‍ക്കും മത്സരിക്കാന്‍ അവസരമൊരുക്കും. കടുത്ത ത്രികോണ മത്സരത്തില്‍ അടിയൊഴുക്കുകള്‍ ജയം നിശ്ചയിക്കും. ഈ സാഹചര്യത്തിലാണു മണ്ഡലത്തില്‍ ഉടനീളം സ്വാധീനമുള്ള എം.എല്‍.എമാരെ തന്നെ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കം. രണ്ട് ടേം പുര്‍ത്തിയാക്കിയ ഇനിയും മത്സരിക്കേണ്ടവര്‍ എന്നു കരുതുന്ന എല്ലാവര്‍ക്കും സി.പി.എം മണ്ഡലത്തില്‍ നിറഞ്ഞുപ്രവര്‍ത്തിക്കണമെന്ന സന്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം ഈ എം.എല്‍.എമാരെ മുന്നില്‍ നിര്‍ത്തിയാകും സി.പി.എം പ്രചരണം സജീവമാക്കുക.
എന്നാല്‍ പാര്‍ട്ടി കോട്ടകളില്‍നിന്നുള്ള എം.എല്‍.എമാര്‍ക്കു രണ്ടു ടേം ഇളവ് നല്‍കില്ല. മുന്‍മന്ത്രി കെ.കെ. ശൈലജ, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ക്കു വീണ്ടും മത്സരിക്കാന്‍ അവസരമുണ്ടാകില്ലെന്നാണു സൂചന. ആലപ്പുഴയിലെ മണ്ഡലങ്ങളില്‍ ഒന്നില്‍ വി.എസ.് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്. വി.എസിനോട് പാര്‍ട്ടി അനീതി കാട്ടിയെന്ന ചര്‍ച്ചകളെ അപ്രസക്തമാക്കാനും വി.എസ്. അനുകൂലികളെ ചേര്‍ത്ത് നിര്‍ത്താനും ഇതുപകരിക്കുമെന്നാണു സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. പല ഘടകക്ഷികളുടേയും സീറ്റുകള്‍ വിജയസാധ്യത തിരിച്ചറിഞ്ഞു സി.പി.എം ഏറ്റെടുക്കാനും സാധ്യതയുണ്ട്.