മാസപ്പടി വിവാദം: വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ല; നികുതി അടച്ചെന്ന ധനമന്ത്രിയുടെ പ്രസ്താവന സിപിഎം കള്ളം പറയിച്ചത്; ബെംഗളൂരു കമ്മീഷണറേറ്റില്‍ നിന്നുള്ള രേഖകള്‍ തെളിവായി ഹാജരാക്കി മാത്യു കുഴല്‍നാടന്‍; 1.72 കോടി രൂപയില്‍ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്ന് അന്വേഷിക്കണമെന്നും എം എല്‍ എ
വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. ബെംഗളൂരു കമ്മീഷണറേറ്റില്‍ നിന്നുള്ള രേഖ പുറത്തുവിട്ടുകൊണ്ടാണ് എം എല്‍ എ ഇക്കാര്യം സമര്‍ഥിക്കാന്‍ ശ്രമിച്ചത്്. നികുതി അടച്ചെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസ്താവന സിപിഎം കള്ളം പറയിച്ചതാണ്.
വീണ വീജയന്റെ സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. എന്നാല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്. വീണയെ സംരക്ഷിക്കാന്‍ ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു. 1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു തന്റെ ചോദ്യം. നിയമ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞത്. 2017 മുതലുള്ള ജിഎസ്ടിയുടെ കാര്യമാണ് മന്ത്രി പറഞ്ഞത്.
മാസപ്പടി കേസില്‍, രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യ നിലപാട് എന്നതായിരുന്നു സിപിഎമ്മിന്റെ ആദ്യ ന്യായീകരണം. ജിഎസ്ടി അടച്ചതിനാല്‍ അഴിമതി അല്ലെന്നതായിരുന്നു സിപിഎം പറഞ്ഞത്. 1.72 കോടിക്ക് ജിഎസ്ടി അടച്ചെന്നായിരുന്നു സിപിഎം ആവര്‍ത്തിച്ചത്. അക്കാര്യത്തില്‍ പരിശോധന ആവശ്യപെട്ട് ധനമന്ത്രിക്ക് താന്‍ കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
വീണയ്ക്ക് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ല. സിഎംആര്‍എല്ലില്‍ നിന്ന് എക്‌സലോജിലേക്ക് പോയ പണം അഴിമതി പണം എന്നാണ് എസ്എഫ്‌ഐഒ കോടതിയില്‍ അറിയിച്ചത്. ഇതേ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണം എന്നായിരുന്നു തന്റെ ആവശ്യം.
1.72 കോടി രൂപയില്‍ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്നത് അന്വേഷിക്കണം.1.72 കോടി രൂപയ്ക്ക് മുഴുവനായി നികുതി അടച്ചെന്ന് ആരും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം. ചില പോരാട്ടങ്ങളില്‍ ദൈവം കൂടെ നില്‍ക്കും. മാസപ്പടി കേസ് മുന്നോട്ട് കൊണ്ട് പോകാനുള്ള അനുമതി പാര്‍ട്ടി തനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വീണാ വിജയന്‍ പൂര്‍ണമായും ജി എസ് ടി അടച്ചിട്ടില്ലെന്ന് നേരത്തെ മാത്യു കുഴല്‍ നാടന്‍ ആരോപിച്ചിരുന്നു. സി.എം ആര്‍ എല്ലില്‍ നിന്ന് 2017-18 വര്‍ഷം 60 ലക്ഷം രൂപ വീണ കൈപറ്റി. ഇതില്‍ 25 ലക്ഷം രൂപയ്‌ക്കേ ജി എസ് ടി അടച്ചിട്ടുള്ളൂ. സി.എം.ആര്‍.എല്ലില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയ ശേഷമാണ് രണ്ടാമത്തെ നികുതി അടച്ചതെന്നും കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.