'സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു; അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണു; കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും; വര്‍ഗീയത പരത്തുന്നതില്‍ കേസെടുത്തോളൂ'; തുറന്നടിച്ച് വീണ്ടും വെള്ളാപ്പള്ളി
കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും: വെള്ളാപ്പള്ളി
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിമര്‍ശനങ്ങള്‍ക്കിടെ തുറന്നടിച്ച് വീണ്ടും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയുമെന്നും വ്യക്തമാക്കി. ഞാന്‍ പാവങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നവനാണ്. പണക്കാര്‍ക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു. അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
'വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളു' എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. ഞാനാണോ ഇവിടെ വര്‍ഗീയത പരത്തുന്നത്. എന്റെ സമുദായത്തിന് വേണിയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മളെന്തെങ്കിലും പറഞ്ഞാല്‍ ഇടതും വലതും ഒന്നാകും. ശേഷം എല്ലാരും കൂടി തന്നെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവര്‍ ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാല്‍ അത് മതസൗഹാര്‍ദം. എന്തെങ്കിലും പറഞ്ഞാല്‍ മതവിദ്വേഷമാണെന്നാണ് ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഞാനൊരു സാധാരണക്കാരനാണ്. പക്ഷേ, സാമൂഹ്യനീതിക്ക് വേണ്ടി ഞാന്‍ പറയും. അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്.
കേരളത്തില്‍ സാമ്പത്തിക സാമൂഹിക സര്‍വേ നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഈ കസേരയില്‍ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല എന്റെ ധര്‍മ്മം. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സത്യം തുറന്നു പറഞ്ഞാല്‍ എന്റെ കോലം കത്തിക്കുന്നു. കോലം കത്തിച്ചാലും എന്റെ നിലപാട് മാറില്ല. ഞാന്‍ തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടില്ല. മുസ്ലിം സമുദായത്തോട് ഒരു വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നമ്മള്‍ തുറന്നു പറഞ്ഞാല്‍ ജാതി, മറ്റുള്ളവര്‍ പറഞ്ഞാല്‍ നീതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നമുക്കില്ല. മുട്ടാളന്‍മാരുടെ മുമ്പില്‍ മുട്ടുമടിക്കില്ല. ക്രിസ്ത്യാനിയും മുസ്ലീമും നായരും നന്നായി ജീവിക്കണം. മുസ്ലീങ്ങള്‍ക്കിടയില്‍ പല കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും സമുദായകാര്യങ്ങള്‍ വരുമ്പോള്‍ അവര്‍ ഒന്നിക്കും. മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്നു പറയുന്ന നില വരെ എത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഇവിടെ ജനാധിപത്യം മരിച്ചു, മതാധിപത്യത്തിലേക്ക് നമ്മള്‍ എത്തി. 'അന്ന വസ്ത്രാദി മുട്ടാതെ ' എന്ന ഗുരുവചനത്തിന്, അന്നത്തില്‍ വസ്ത്രം മുട്ടാതെ കഴിക്കണം എന്ന് വ്യാഖ്യാനം വരുന്ന കാലമാണിതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഒരു ഈഴവനെയും ഇവിടെ വളരാന്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ ആര്‍ ശങ്കറിനെയും വി എസ് അച്യുതാനന്ദനെയും ഗൗരിയമ്മയെയും ആക്രമിച്ചില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. പിണറായി വിജയന് ശേഷം ഇനി ഒരു 100 കൊല്ലത്തേക്ക് ഒരു ഈഴവന്‍ കേരളത്തില്‍ മുഖ്യമന്ത്രിയാകില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് ഞാന്‍ രാജിവയ്ക്കണമെന്ന ആവശ്യത്തോടും വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചു. ഇവരുടെ അപ്പന്‍മാരല്ല എന്നെ അവിടെ കൊണ്ടിരിത്തിയത് പറയുമ്പോ രാജിവയ്ക്കാനെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. താന്‍ പറയുന്ന സാമൂഹ്യ സത്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
എന്നെ സമുദായം ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കവിഞ്ഞ് അതിനപ്പുറത്തൊരു കസേരയും ഞാനാഗ്രഹിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് ഒമ്പത് എംപിമാരെയാണ് ഇടതും വലതുമായി നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. അതില്‍ പേരിനുപോലുമൊരു പിന്നാക്കക്കാരനില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് പരിഗണന കൊടുത്തില്ല എന്ന് പറഞ്ഞപ്പോള്‍ മുസ്ലീങ്ങളെല്ലാം എനിക്കെതിരായ ഇറങ്ങി. നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം. ഇവരാരുമല്ലല്ലോ എന്നെ അവിടെയിരുത്തിയത്. അതുകൊണ്ട് പോടാ പുല്ലെയെന്ന് ഞാനും പറഞ്ഞു.